ഗൂഗിൾ തങ്ങളുടെ എഐ പ്ലാറ്റ്ഫോമായ ജെമിനിയിൽ ഉപയോക്താക്കൾക്ക് സ്വന്തമായി 3D അവതാർ നിർമ്മിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ഒരുക്കുന്നു. 'അവതാർ' എന്ന് പേരിട്ടിരിക്കുന്ന ഈ സവിശേഷത, ഡിജിറ്റൽ ഉള്ളടക്കം നിർമ്മിക്കുന്നത് എളുപ്പമാക്കാൻ ലക്ഷ്യമിടുന്നു. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ഫീച്ചർ ഗൂഗിൾ ആപ്പിന്റെ കോഡിലാണ് കണ്ടെത്തിയത്.

കാലിഫോര്‍ണിയ: അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ, തങ്ങളുടെ എഐ പ്ലാറ്റ്ഫോമായ ജെമിനിയിൽ പുതിയൊരു സവിശേഷത ചേര്‍ക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് സ്വന്തം 3D അവതാർ സൃഷ്‍ടിക്കാൻ സാധിക്കുന്ന ഈ ഫീച്ചർ ഡിജിറ്റൽ ഉള്ളടക്കം സൃഷ്‍ടിക്കുന്ന പ്രക്രിയയെ കൂടുതൽ ലളിതവും വേഗത്തിലുമാക്കും എന്നാണ് വിലയിരുത്തൽ. 'അവതാർ' എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫീച്ചർ ഇപ്പോൾ വികസന ഘട്ടത്തിലാണെന്നും ബീറ്റ ടെസ്റ്റിംഗ് ഉൾപ്പെടെ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമല്ലെന്നും ആൻഡ്രോയ്‌ഡ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജെമിനിയിൽ 3D അവതാറുകൾ ചേർക്കാൻ ഫീച്ചര്‍

ആൻഡ്രോയ്‌ഡ് പ്ലാറ്റ്ഫോമിലെ ഗൂഗിൾ ആപ്പിന്‍റെ 17.11.54.sa.arm64 പതിപ്പിന്‍റെ എപികെ പ്രക്രിയയിൽ നിന്നാണ് ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ ഇത് ആപ്പിന്‍റെ കോഡിനുള്ളിൽ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതും ഉപയോക്‌താക്കൾക്ക് ലഭ്യം അല്ലാത്തതുമാണ്. ഈ സവിശേഷതയുമായി ബന്ധപ്പെട്ട നിരവധി സ്ക്രീൻഷോട്ടുകളും ആൻഡ്രോയ്‌ഡ് അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. അവയിൽ ഫീച്ചറിന്‍റെ പരിചയപ്പെടുത്തൽ, വിശദീകരണം, കൂടാതെ അവതാർ സൃഷ്‌ടിക്കുന്നതിന് ഉപയോക്താവിനെ സഹായിക്കുന്ന ഘട്ടങ്ങൾ എന്നിവ കാണാം. എങ്കിലും സെർവർ സൈഡ് ആക്‌ടിവേഷൻ ലഭ്യമാകാതെ ഈ സംവിധാനം പ്രവർത്തനക്ഷമം ആകില്ലെന്നാണ് റിപ്പോർട്ട്.

ഗൂഗിൾ മുമ്പ് ആൻഡ്രോയ്‌ഡ് എക്‌സ്ആര്‍ പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ച ലൈക്-നെസ് സാങ്കേതികവിദ്യയുമായി ഈ അവതാർ ഫീച്ചറിന് സാമ്യമുണ്ട് എന്ന് വിദഗ്‌ധർ പറയുന്നു. വീഡിയോ കോളുകളിലും ഓൺലൈൻ മീറ്റിംഗുകളിലും ഉപയോക്താവിന്‍റെ ഡിജിറ്റൽ രൂപം സൃഷ്‍ടിക്കാനാണ് ആ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നത്. എന്നാൽ, പുതിയ അവതാർ ഫീച്ചറിന്‍റെ ലക്ഷ്യം അതിനേക്കാൾ വിപുലമാണ് എന്നാണ് സൂചന.

ഉള്ളടക്കം സൃഷ്‌ടിക്കുന്ന പ്രക്രിയ വേഗത്തിലാക്കുക എന്നതാണ് പ്രധാനമായും ഇതിന്‍റെ ലക്ഷ്യം. ഉദാഹരണത്തിന്, “@me” എന്ന കമാൻഡ് ഉപയോഗിച്ച് ഉപയോക്താവിന് തന്‍റെ അവതാർ നേരിട്ട് ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ കഴിയും. ഇതോടെ, ഓരോ തവണയും സെൽഫി അപ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഒഴിവാകും. എങ്കിലും, ഈ അവതാർ ഫീച്ചർ ഉപയോഗിച്ച് എഐ വീഡിയോ നിർമ്മാണം സാധ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 'വിയോ' എഐ പോലുള്ള മോഡലുകളുമായി ഇത് എങ്ങനെ സംയോജിപ്പിക്കപ്പെടും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming