ഇന്‍കമിംഗ് രഹസ്യം

By Web TeamFirst Published Sep 26, 2018, 4:45 PM IST
Highlights

മൊബൈൽ വന്നു ദിവസങ്ങളായിട്ടും ഇൻകമിംഗ് കോളുകൾ ഒന്നും വരാത്തത് വല്ലാതെ വിഷമിപ്പിച്ചു. ആൾകൂട്ടത്തിനിടയിൽ ഒരിക്കൽ പോലും ഫോണെടുത്ത് സംസാരിച്ചിട്ടില്ല. അവസാനം ഒരു മാർഗം കണ്ടെത്തി - അന്‍വര്‍ സാദിഖ് എഴുതുന്നു

2002ലാണ് ആദ്യമായി എനിക്കൊരു ഫോൺ ജേഷ്ഠൻ ഗൾഫിൽ നിന്നും കൊണ്ടുവന്നുതന്നത്. നോക്കിയ 3310 നാട്ടിൽ ഫോൺ വ്യാപകമാവാത്ത കാലഘട്ടമായിരുന്നു അത്. അന്ന് ഞാൻ ജോലിചെയ്തിരുന്ന കോയമ്പത്തൂരിൽ ബിപിഎല്‍ കമ്പനിയുടെ നെറ്റ് വർക്കായിരുന്നു. ഇൻകമിംഗ് കോളുകൾക്ക് മിനിറ്റിനു ഒരു രൂപ വിധം ഈടാക്കിയിരുന്നു  ഔട്ട് ഗൊയിങ്ങ് കോളുകൾക്ക് 6രൂപ 50 പൈസയാണ് നിരക്ക്. റീച്ചാർജ് കാർഡുകൾ 50, 100, 300 എന്നിങ്ങനെ. എന്റെ സുഹൃത്തുക്കളുടെ ഇടയില്‍ എനിക്ക് മാത്രമാണ് മൊബൈൽ കൈവശമുണ്ടായിരുന്നുള്ളു. 

എന്‍റെ മൊബൈൽ അവരുടെ പോക്കറ്റിൽ വെക്കാൻ മത്സരിക്കും. അങ്ങനെ ഞാനൊരു മൊബൈൽ മുതലാളിയായി കൂട്ടുകാർക്കിടയിൽ തിളങ്ങി. മൊബൈൽ വന്നു ദിവസങ്ങളായിട്ടും ഇൻകമിംഗ് കോളുകൾ ഒന്നും വരാത്തത് വല്ലാതെ വിഷമിപ്പിച്ചു. ആൾകൂട്ടത്തിനിടയിൽ ഒരിക്കൽ പോലും ഫോണെടുത്ത് സംസാരിച്ചിട്ടില്ല. അവസാനം ഒരു മാർഗം കണ്ടെത്തി ദിവസവും 10 രൂപ ഒരു കൂട്ടുകാരനെ ഏൽപ്പിക്കും. അവൻ ഞാൻ പറഞ്ഞ സമയത്ത് ഏതെങ്കിലും ടെലിഫോൺ ബൂത്തിൽ നിന്നും എന്നെ വിളിക്കും. ഞാൻ ഗമയിൽ ഫോണെടുത്ത് സംസാരിക്കും. 

ആളുകൾ എന്നെ നോക്കുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മറ്റു കൂട്ടുകാർക്കൊന്നും ഈ വിവരം അറിയില്ല. മറുപുറത്ത് ഗൾഫിൽ നിന്നും ജേഷ്ഠനാണ് അമ്മാവനാണ് എന്നൊക്കെ തട്ടിവിടും.  പക്ഷേ ഒരു ദിവസം ഞാൻ നൽകിയ എന്നെവിളിക്കാൻ അവനു നൽകിയ തുക അവൻ ചിലവാക്കി. അതിന്റെ പേരിൽ അവനുമായി വഴക്കിട്ടു. അവൻ ആ ഇൻകമിംഗ് കാൾ രഹസ്യം പരസ്യമാക്കി. അതോടെ നാട്ടിലും വീട്ടിലുമൊക്കെ എന്റെ ഇൻകമിംഗ് വരവിന്റെ രഹസ്യമറിഞ്ഞു. നാണം കെട്ടു കുറച്ചുദിവസം ഞാൻ ഫോൺ പുറത്തെടുത്തില്ല. പിന്നീട് ഇൻകമിങ് കോളുകൾ സൗജന്യമായതോടെയും കൂട്ടുകാർ പലരും മൊബൈൽ വാങ്ങിത്തുടങ്ങിയതോടെയും എനിക്കും ഇൻകമിംഗ് കോളുകൾ വന്നുതുടങ്ങി. 

click me!