
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) അധിഷ്‍ഠിത ഗാഡ്‌ജറ്റുകള്‍ പുറത്തിറക്കുന്നതിനുള്ള ശക്തമായ നീക്കത്തിലാണ് ടെക്ക് ഭീമനായ ആപ്പിൾ. ഇതിന്‍റെ ഭാഗമായി ക്യാമറകൾ ഉൾപ്പെടുത്തിയ പുതിയ എയർപോഡ്‍സ് വികസിപ്പിക്കുന്ന അവസാന ഘട്ടത്തിലാണെന്ന് കമ്പനി എന്നാണ് പുതിയ റിപ്പോർട്ടുകൾ. എഐ അടിസ്ഥാനമാക്കിയ വെയറബിൾ ഉപകരണ വിപണിയിൽ എതിരാളികളായ ഓപ്പൺഎഐ, മെറ്റ പ്ലാറ്റ്ഫോംസ് എന്നിവർക്കിടയിൽ പിന്നിലാകാതിരിക്കാനാണ് ആപ്പിളിന്‍റെ ശ്രമം.
പുതിയ എയർപോഡ്‍സിന്‍റെ പ്രോട്ടോടൈപ്പുകൾ ഇപ്പോൾ അന്തിമ രൂപകൽപ്പനയോട് ഏറെ സാമ്യമുള്ള ഘട്ടത്തിലേക്ക് എത്തിയതായി ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്‌തു. ഉപകരണത്തിന്‍റെ രൂപകൽപ്പനയും പ്രവർത്തനവും വ്യാപകമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഇയർബഡുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ചെറിയ ക്യാമറകൾ ചുറ്റുപാടുകൾ നിരീക്ഷിച്ച് കുറഞ്ഞ റെസല്യൂഷനിലുള്ള ദൃശ്യവിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ എഐയ്ക്ക് ഉപയോക്താവിന്‍റെ പരിസരം മനസിലാക്കി കൂടുതൽ ബുദ്ധിപരമായ സഹായങ്ങൾ നൽകാൻ കഴിയും. സിരിക്ക് 'കണ്ണുകൾ' ലഭിക്കുന്നതുപോലെയാണ് എന്നാണ് ഈ സാങ്കേതികവിദ്യയെ കമ്പനി വിലയിരുത്തുന്നത്.
ഡിസൈനിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ക്യാമറകൾ ഉൾക്കൊള്ളുന്നതിനായി എയർപോഡ്‍സിന്‍റെ സ്റ്റം ഭാഗം അൽപ്പം നീളം കൂട്ടും എന്നാണ് സൂചന. അതേസമയം, മൊത്തത്തിലുള്ള രൂപം എയർപോഡ്‍സ് പ്രോ 3യെ അനുസ്‍മരിപ്പിക്കുന്നതായിരിക്കും. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ ഈ ഉപകരണം പുറത്തിറക്കാനായിരുന്നു ആപ്പിളിന്‍റെ ആദ്യ പദ്ധതി. എന്നാൽ പുതുക്കിയ എഐ സിരി തയ്യാറാകാത്തതിനാൽ ലോഞ്ച് വൈകി എന്നാണ് റിപ്പോർട്ടുകൾ. പുതിയ എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സിരിയെ കൂടുതൽ ശക്തമാക്കി സെപ്റ്റംബർ മാസത്തോടെ അവതരിപ്പിക്കാനാണ് സാധ്യത.
പുതിയ എയർപോഡ്‍സ് ചാറ്റ്‍ജിപിടിയുടെ ലൈവ് വിഷ്വൽ മോഡിനോട് സാമ്യമുള്ള അനുഭവം നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉപയോക്താവ് കാണുന്ന വസ്‍തുക്കളെക്കുറിച്ച് എഐയോട് ചോദിക്കാനും അടുക്കളയിലെ സാധനങ്ങൾ കാണിച്ച് എന്ത് ഭക്ഷണം തയ്യാറാക്കാമെന്ന് അറിയാനും കഴിയും. കൂടാതെ, മുമ്പ് കണ്ട കാര്യങ്ങൾ ഓർമ്മിപ്പിക്കൽ, ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നാവിഗേഷൻ മെച്ചപ്പെടുത്തൽ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകാം.
സ്വകാര്യതയെ മുൻനിർത്തി, ദൃശ്യവിവരങ്ങൾ ക്ലൗഡിലേക്ക് അയയ്ക്കുമ്പോൾ തെളിയുന്ന ചെറിയ എൽഇഡി ലൈറ്റും ഉപകരണത്തിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എഐ അധിഷ്‍ഠിത ഹാർഡ്‌വെയർ രംഗത്ത് ആപ്പിളിന്‍റെ വലിയ മുന്നേറ്റത്തിന്‍റെ ഭാഗമായാണ് ഈ പുതിയ എയർപോഡ്‍സ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam