
കാലിഫോര്‍ണിയ: ടെക് ഭീമനായ ആപ്പിൾ, വരാനിരിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസായ WWDC 2026-ന് മുന്നോടിയായി ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി, വിഷൻ പ്രോ എന്നിവയ്ക്കായി പുതിയ എഐ അധിഷ്‌ഠിത ആക്‌സസിബിലിറ്റി സവിശേഷതകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് ശബ്‍ദം, കാഴ്‌ച, ചലനം, ഭാഷ എന്നിവയുടെ സഹായത്തോടെ കൂടുതൽ സൗകര്യപ്രദമായി ഉപകരണങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്നതിനാണ് പുതിയ അപ്ഡേറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആപ്പിളിന്‍റെ ആപ്പിൾ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ സംവിധാനങ്ങൾ വോയിസ് ഓവർ, മാഗ്നിഫയർ, വോയിസ് കണ്ട്രോൾ, ആക്‌സസബലിറ്റി റീഡർ തുടങ്ങിയ പ്രധാന ആക്‌സസിബിലിറ്റി ടൂളുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു. വോയിസ് ഓവറിലേക്ക് ഇമേജ് എക്സ്പ്ലോറർ എന്ന പുതിയ സംവിധാനവും ചേർത്തിട്ടുണ്ട്. ഇതിലൂടെ ചിത്രങ്ങൾ, സ്‍കാൻ ചെയ്‌ത ബില്ലുകൾ, രേഖകൾ, മറ്റ് ദൃശ്യ ഉള്ളടക്കങ്ങൾ എന്നിവയുടെ കൂടുതൽ വിശദമായ വിവരണം ഉപയോക്താക്കൾക്ക് കേൾക്കാൻ സാധിക്കും.
പിന്തുണയുള്ള ഐഫോൺ മോഡലുകളിൽ ആക്ഷൻ ബട്ടൺ ഉപയോഗിച്ച് ക്യാമറ കാണുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും അതിന് ശബ്‌ദരൂപത്തിൽ മറുപടി ലഭിക്കാനും സാധിക്കും. കാഴ്‌ച വൈകല്യമുള്ളവർക്കും കുറഞ്ഞ കാഴ്‌ചശേഷിയുള്ളവർക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് കമ്പനി അവകാശപ്പെട്ടു.
മാഗ്നിഫയർ ആപ്പിലും എഐ അധിഷ്‌ഠിത ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂം ഇൻ, ടേൺ ഫ്ളാഷ് ലൈറ്റ് പോലുള്ള വോയിസ് കമാൻഡുകൾ ഉപയോഗിച്ച് മാഗ്നിഫയർ നിയന്ത്രിക്കാൻ സാധിക്കും. വോയിസ് കണ്ട്രോൾ സംവിധാനത്തിൽ കൂടുതൽ സ്വാഭാവിക ഭാഷ മനസിലാക്കുന്ന ശേഷിയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് കൃത്യമായ ബട്ടൺ പേരുകൾ ഓർമ്മിക്കാതെ തന്നെ, സാധാരണ സംസാര ഭാഷയിൽ നിർദ്ദേശങ്ങൾ നൽകാൻ കഴിയുന്നതാണ് ഇതിന്‍റെ പ്രത്യേകത.
ആക്‌സസബലിറ്റി റീഡർ ഇനി ശാസ്ത്രീയ ലേഖനങ്ങൾ, ടേബിളുകൾ, മൾട്ടി-കോളം ഡോക്യുമെന്‍റുകൾ തുടങ്ങിയ സങ്കീർണ്ണ ലേഔട്ടുകൾക്കും പിന്തുണ നൽകും. ഇതിനൊപ്പം, ക്യാപ്ഷൻ ഇല്ലാത്ത വീഡിയോകൾക്കായി എഐ സബ്ടൈറ്റിൽ സംവിധാനവും അവതരിപ്പിച്ചു. ഓൺ-ഡിവൈസ് സ്‌പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകളിലെ സംഭാഷണങ്ങൾ സ്വയം ടെക്സ്റ്റാക്കി മാറ്റാൻ കഴിയും.
വിഷൻ പ്രോ ഉപയോക്താക്കൾക്കായി കണ്ണിന്‍റെ ചലനം ഉപയോഗിച്ച് പവർ വീൽചെയർ നിയന്ത്രിക്കാനുള്ള പുതിയ സംവിധാനവും ആപ്പിൾ അവതരിപ്പിച്ചു. ടോൾട്ട്, എൽയുസിഐ എന്നീ വീൽചെയർ സംവിധാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പിന്തുണ ലഭിക്കുക. കൂടാതെ ടിവി ഒഎസിൽ വലിയ അക്ഷരങ്ങൾ, ഹിയറിംഗ് എയിഡ് കണക്റ്റിവിറ്റിയിലെ മെച്ചപ്പെടുത്തൽ, സോണി ആക്‌സസസ് കണ്ട്രോളർ പിന്തുണ തുടങ്ങിയ അപ്ഡേറ്റുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam