ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിവോ എസ് സീരീസ് ഇന്ത്യയിൽ തിരിച്ചെത്തുന്നു. പുതിയ വിവോ എസ്2 സ്മാർട്ട്ഫോണിന്റെ ടീസർ കമ്പനി പുറത്തുവിട്ടു, ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. 7,000mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിങ്, 50MP OIS ക്യാമറ എന്നിവ ഫോണിന്റെ പ്രധാന ആകർഷണങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു.

കദേശം ആറു വർഷത്തിന് ശേഷം എസ് സീരീസ് സ്‍മാർട്ട്ഫോണുകളെ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങി വിവോ. പുതിയ വിവോ എസ്2 സ്‍മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ഉടൻ നടക്കുമെന്ന സൂചന നൽകി കമ്പനി ഔദ്യോഗിക ടീസർ പുറത്തിറക്കി. 2019-ൽ പുറത്തിറങ്ങിയ വിവോ എസ്1-ന് ശേഷമാണ് എസ് സീരീസ് വീണ്ടും ഇന്ത്യയിലെത്തുന്നത്.

വിവോ ഇന്ത്യ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ടീസർ വീഡിയോ പുറത്തുവിട്ടത്. ഫോണിന്റെ പിൻഭാഗത്തിന്റെ ഭാഗിക രൂപകൽപ്പനയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. മുകളിലായി തിരശ്ചീനമായി നൽകിയ പിൽ-ആകൃതിയിലുള്ള ക്യാമറ മോഡ്യൂളിൽ രണ്ട് വലിയ വൃത്താകൃതിയിലുള്ള ക്യാമറ റിംഗുകളും അവയ്ക്കൊപ്പമുള്ള പ്രത്യേക ലൈറ്റ് റിംഗും ശ്രദ്ധേയമാണ്. നേരത്തെ പുറത്തുവന്ന ഡമ്മി യൂണിറ്റുകളിലെ ഡിസൈനുമായി ഇത് ഏറെ സാമ്യമുള്ളതുമാണ്.

വിവോ ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 6-ന് ഫോൺ അവതരിപ്പിക്കാനും ഓഗസ്റ്റ് 11 മുതൽ വിൽപ്പന ആരംഭിക്കാനുമാണ് സാധ്യത. പുതിയ ഫോണിന്‍റെ സവിശേഷതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, 6.59 ഇഞ്ച് 1.5കെ ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഫോണിൽ ഉണ്ടായേക്കും. പ്രോസസറിന്റെ കാര്യത്തിൽ ക്വാൽകോമിന്റെ സ്‍നാപ്ഡ്രാഗൺ 8 ജെൻ 5 അല്ലെങ്കിൽ മീഡിയാടെക് ഡൈമെൻസിറ്റി 7360 ചിപ്‌സെറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ക്യാമറ വിഭാഗത്തിൽ ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ, മുൻ-പിൻ ക്യാമറകളിൽ 4കെ വീഡിയോ റെക്കോർഡിംഗ് എന്നിവ ലഭിച്ചേക്കും. 7,000mAh ബാറ്ററി, 80W വയർഡ് ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ്, റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവയും ഫോണിന്റെ പ്രധാന ഹൈലൈറ്റുകളാകുമെന്നാണ് റിപ്പോർട്ടുകൾ.

8GB + 128GB, 8GB + 256GB എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഫോൺ എത്തുകയെന്നാണ് സൂചന. ചില റീട്ടെയിൽ ലിസ്റ്റിംഗുകളിൽ 38,000 രൂപ മുതൽ 43,000 രൂപ വരെ വില സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇവ അന്തിമ വില അല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാകും വിലയും മുഴുവൻ സവിശേഷതകളും സ്ഥിരീകരിക്കുക.