ഇന്ത്യക്കാര്‍ക്ക് ഐഫോണ്‍ വേണ്ട; ഇന്ത്യന്‍ വിപണിയില്‍ വിയര്‍ത്ത് ആഗോള ഭീമന്‍

By Web TeamFirst Published Jan 27, 2019, 10:59 AM IST
Highlights

 ആപ്പിള്‍ ഭാവിയിലെ വിപണിയെന്ന് കരുതിയ ഇന്ത്യയിലും കാര്യങ്ങള്‍ അത്ര പന്തി അല്ലെന്നാണ് റിപ്പോര്‍ട്ട്. 

ദില്ലി: ആപ്പിളിന്‍റെ വിറ്റുവരവില്‍ അഞ്ച്  ശതമാനത്തോളം ഇടിവ് സംഭവിക്കും എന്ന റിപ്പോര്‍ട്ട്  സാമ്പത്തിക-ടെക് ലോകത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. . പ്രധാനമായും ആപ്പിളിന്‍റെ പ്രധാന വിപണികളില്‍ ഒന്നായ ചൈനയിലെ വിറ്റുവരവില്‍ ഇടിവ് സംഭവിക്കും എന്ന വാര്‍ത്തയാണ് ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനം.  ആപ്പിളിന്റെ മൊത്തം വരുമാനത്തിലെ അഞ്ചിലൊന്ന് ചൈനയില്‍ നിന്നാണ് കഴിഞ്ഞ കുറച്ച് കാലമായി ലഭിക്കുന്നത്. എന്നാല്‍ ചൈനയില്‍ അവരുടെ തന്നെ ബ്രാന്‍റുകള്‍ ആപ്പിളിന് വലിയ വെല്ലുവിളിയാകുന്നു എന്നതാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഫോണ്‍ ബ്രാന്‍റുകളായ ഷവോമി, ഒപ്പോ, വിവോ എന്നിവ അപ്പിളിന്‍റെ കോട്ടകളിലേക്ക് കയറി തുടങ്ങി.

ഇതേ സമയം ആപ്പിള്‍ ഭാവിയിലെ വിപണിയെന്ന് കരുതിയ ഇന്ത്യയിലും കാര്യങ്ങള്‍ അത്ര പന്തി അല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന ഇപ്പോള്‍ കുതിച്ച് ഉയരുകയാണ്. 2014ല്‍ 80 ദശലക്ഷം ഫോണുകളാണ് വിറ്റിരുന്നതെങ്കില്‍ ഇപ്പോഴത് 150 ദശലക്ഷമായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഈ വില്‍പ്പന വര്‍ദ്ധനവിന്‍റെ ആനുകൂല്യം ആപ്പിളിന് ലഭിച്ചില്ലെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

2014ലില്‍ ഏകദേശം 15 ലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ വിറ്റതെങ്കില്‍, 2017ല്‍ അത് 32 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ 2018ല്‍ ഇത് ഏകദേശം 16-17 ലക്ഷമായി കൂപ്പുകുത്തി എന്ന് കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസേര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ പ്രിയം എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ആപ്പിളിന് അവിടെയും വലിയ പിടി ലഭിക്കുന്നില്ല. ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകളില്‍ 27 ശതമാനം ഷവോമിയുടേതാണ്. 22 ശതമാനവുമായി സാംസങ് രണ്ടാം സ്ഥാനത്തും 10 ശതമാനവുമായി വിവോ മൂന്നാം സ്ഥാനത്തും 9 ശതമാനവുമായി മകൈക്രോമാക്‌സ് നാലാം സ്ഥാനത്തും 8 ശതമാവുമായി ഒപ്പോ അഞ്ചാം സ്ഥാനത്തുമുണ്ട്, മറ്റുള്ളവര്‍ ഏകദേശം 24 ശതമാനമാണ് വില്‍ക്കുന്നത്. 

കഴിഞ്ഞ വര്‍ഷം അവസാന ക്വാര്‍ട്ടറില്‍ മാത്രം വണ്‍പ്ലസ് കമ്പനി അഞ്ചു ലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു. ആപ്പിളാകട്ടെ ഏകദേശം നാലു ലക്ഷം ഫോണുകള്‍ ഇന്ത്യയിലേക്കു കയറ്റി അയച്ചു. അതായത് വണ്‍പ്ലസ് എന്ന ചൈനീസ് ബ്രാന്‍റിന് പിന്നിലാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കുന്ന കമ്പനി ഇന്ത്യയില്‍ പ്രീമിയം ഫോണ്‍ വില്‍പ്പനയില്‍ എന്നതാണ് സത്യം. വില തന്നെയാണ് ആപ്പിളിനെ പിന്നോട്ട് അടിക്കുന്നത് എന്ന് അഭിപ്രായമുണ്ട്.

വില കുറച്ച് ഒരു പരീക്ഷണം ആപ്പിള്‍ 2013 ല്‍ നടത്തിയിരുന്നു. ഐഫോണ്‍ 5സി എന്നൊരു മോഡല്‍ ഇവര്‍ ഇറക്കിയിരുന്നു. പ്ലാസ്റ്റിക്ക് ബോഡിയില്‍ ഇറക്കിയ ഈ ഫോണ്‍ എന്നിട്ടും ഇന്നത്തെ ഒരു ബഡ്ജറ്റ് ആന്‍ഡ്രോയ്ഡ് ഫോണിനേക്കാള്‍ വിലയേറിയതായിരുന്നു എന്നതാണ് സത്യം. ഏറ്റവും പുതിയ ഐഫോണ്‍ കുടുംബത്തിലെ അംഗമായ ഐഫോണ്‍ XR ന് 1,000 ഡോളറിലേറെയാണ് ഇന്ത്യന്‍ വിപണിയിലെ വില. അമേരിക്കയിലെ വിലയേക്കാള്‍ 40 ശതമാനം കൂടുതലാണ് ഇത്. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയാല്‍ വില കുറയും എന്ന് പ്രതീക്ഷയുണ്ടെങ്കിലും, അത് ഇന്ത്യയിലെ സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്ന വിലയിലേക്ക് എത്തില്ലെന്നാണ് സൂചന.

click me!