
ഛിന്നഗ്രഹത്തിന്‍റെ കൂട്ടിയിടി ഭൂമിയില്‍ സമീപഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ബെല്‍ഫാസ്റ്റിലെ അലന്‍ ഫിറ്റ്സ്മോന്‍സ് ആണ് ഇത്തരം ഒരു പഠനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജൂണ്‍ 30 ലെ ആസ്ട്രോയ്ഡ് ഡേയ്ക്ക് അനുബന്ധിച്ചാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് എത്തുന്നത്. 1908 ല്‍ ഇതേ ദിവസമാണ് സൈബീരിയയിലെ തുംഗുഷ്കില്‍ ഉല്‍ക്കപതിച്ച് 2,000 സ്ക്വയര്‍ കിലോമീറ്റര്‍ നശിച്ചത്.
ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ ഭീമന്‍ ഉല്‍ക്കപതനം ഉടന്‍ ഉണ്ടായേക്കാമെന്നാണ് അലന്‍ ഫിറ്റ്സ്മോന്‍സ് പറയുന്നത്. 1908 നെക്കാള്‍ ലോകം വളരെ വളര്‍ന്ന് ജനവാസ കേന്ദ്രങ്ങളും വന്‍ നഗരങ്ങളും വര്‍ദ്ധിച്ചതിനാല്‍ ഇത്തരത്തിലുള്ള ഉല്‍ക്ക പതനങ്ങള്‍ വന്‍ തിരിച്ചടിയായിരിക്കും മനുഷ്യ കുലത്തിന് വരുത്തി വയ്ക്കുക എന്നാണ് ഇദ്ദേഹം പറയുന്നത്.
ഇത്തരത്തിലുള്ള ഒരു പതനത്തിന് ശേഷിയുള്ള 1,800 വസ്തുക്കള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനിയും കണ്ടെത്താന്‍ സാധ്യതകളും കാണുന്നു. ഭൂമിക്ക് അടുത്ത് കണ്ടെത്തുന്ന വസ്തുക്കളില്‍ മിക്കതും അപകടം ഇല്ലാത്തതാണ്. എന്നാല്‍ തുംഗുഷ്കിലെ പോലെയുള്ള ഒരു അപകടത്തിന് സാധ്യത ഒട്ടും കുറവല്ല എന്ന് അലന്‍ ഫിറ്റ്സ്മോന്‍സ് പറയുന്നു.
ജൂണ്‍ 30ന് നടക്കുന്ന ആസ്ട്രോയ്ഡ് ദിനത്തില്‍ ലുക്സംബര്‍ഗില്‍ പ്രത്യേക ചര്‍ച്ചകളും സെമിനാറുകളും നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകരും ഇതില്‍ ലൈവായി പങ്കെടുക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam