പ്രപഞ്ചത്തിന്‍റെ മൂലയില്‍ നിന്ന് ഭൂമിയെ തേടി എത്തിയ 72 സിഗ്നലുകള്‍

By Web TeamFirst Published Sep 12, 2018, 8:05 PM IST
Highlights

വെസ്റ്റ് വിര്‍ജിനിയയില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രീന്‍ ബാങ്ക് ടെലസ്‌കോപ്പില്‍ നിന്നാണ് ‘ബ്രേക്ക്ത്രൂ ലിസണ്‍ ടീം’ എന്ന സംഘം ഇത്തരത്തിലുള്ള 72 സിഗ്നലുകള്‍ കണ്ടെത്തിയത്. 72 എഫ്ആര്‍ബികളെ പിടിച്ചെടുത്തെങ്കിലും ഇവ എവിടെ നിന്നാണു വരുന്നത് എന്നതില്‍ ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല

ചാര്‍ളിസ്റ്റണ്‍: ബഹിരാകാശത്ത് നിന്നും എത്തിയ  ആ 72 സിഗ്നലുകളുടെ അര്‍ത്ഥം തേടുകയാണ് ശാസ്ത്രലോകം. ഈ ബ്രാഹ്മാണ്ടത്തില്‍ മനുഷ്യന്‍ തനിച്ചല്ലെന്ന നിര്‍ണ്ണായക വിവരം ചിലപ്പോള്‍ ഈ സിഗ്നലുകള്‍ തന്നേക്കുമെന്നാണ് സൂചന. ഫാസ്റ്റ് റേഡിയോ ബഴ്‌സ്റ്റ്‌സ് (എഫ്ആര്‍ബി) എന്നാണ് ഈ സിഗ്നലുകളുടെ പേര്. റേഡിയോ തരംഗങ്ങളാണിവ. എഫ്ആര്‍ബികളുടെ സ്വഭാവമാകട്ടെ പ്രവചനാതീതവും. അതായത് വളരെ കുറച്ചു സമയത്തേക്കു മാത്രം നിലനില്‍ക്കുന്നവയാണ് ഇത്തരം സിഗ്നലുകള്‍. അതിനാല്‍ത്തന്നെ ഇവയെ കണ്ടെത്താന്‍ മാത്രമല്ല, ഇവയെപ്പറ്റി പഠിക്കാനും ഏറെ ബുദ്ധിമുട്ടാണ്. 

വെസ്റ്റ് വിര്‍ജിനിയയില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രീന്‍ ബാങ്ക് ടെലസ്‌കോപ്പില്‍ നിന്നാണ് ‘ബ്രേക്ക്ത്രൂ ലിസണ്‍ ടീം’ എന്ന സംഘം ഇത്തരത്തിലുള്ള 72 സിഗ്നലുകള്‍ കണ്ടെത്തിയത്. 72 എഫ്ആര്‍ബികളെ പിടിച്ചെടുത്തെങ്കിലും ഇവ എവിടെ നിന്നാണു വരുന്നത് എന്നതില്‍ ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. നിലവില്‍ ‘ദ് റിപ്പീറ്റര്‍’ എന്നാണ് ഈ സിഗ്നല്‍ പുറപ്പെട്ട വസ്തുവിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന സാങ്കല്‍പ്പികമായ പേര്. 2001 ലാണ് ഫാസ്റ്റ് റേഡിയോ ബഴ്‌സ്റ്റ്‌സ് എന്ന സിഗ്നലുകള്‍ മനുഷ്യ നിര്‍മ്മിതമായ ടെലസ്കോപ്പുകളില്‍ ലഭിക്കാന്‍ തുടങ്ങിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2017ലാണ് ഇവയെക്കുറിച്ച് പഠനം ആരംഭിച്ചത്.

എഫ്ആര്‍ബി 121102 എന്നാണ് റിപ്പീറ്ററിന്റെ ഔദ്യോഗിക നാമം. ഇതില്‍ നിന്നാണ് തുടരെത്തുടരെ എഫ്ആര്‍ബികള്‍ വരുന്നതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 300 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സിയിലാണ് റിപ്പീറ്ററിന്‍റെ സ്ഥാനമെന്നാണ് ഇപ്പോഴത്തെ അനുമാനം. എന്നാല്‍ ഇത് ഗ്രഹമാണോ, മറ്റു വല്ലതുമാണോ എന്നത് തിരിച്ചറിഞ്ഞിട്ടില്ല.

എന്നാല്‍ ഈ സിഗ്നല്‍ സംബന്ധിച്ച് ഏറ്റവും പ്രബലമായ തിയറി  മാഗ്നറ്റിക്ക് ശേഷിയുള്ള ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ നിന്നാണ് ഇത്തരം സിഗ്നലുകള്‍ വരുന്നത് എന്നതാണ്. പക്ഷെ ഇത് സംബന്ധിച്ച രണ്ടാമത്തെ തിയറിയിലാണ് ശാസ്ത്രകുതുകികള്‍ക്ക് താല്‍പ്പര്യം ഭൂമിപോലെ ഒരു ഗ്രഹത്തിലെ അന്യഗ്രഹ ജീവികള്‍ ആയിരിക്കാം ആ സിഗ്നലുകള്‍ അയക്കുന്നത് എന്നതാണ് ഈ തിയറി.

400 ടെറാബോറ്റോളം വരുന്ന ടെലസ്കോപ്പ് പിടിച്ചെടുത്ത സിഗ്നലുകളില്‍ നിന്നാണ് 72 സിഗ്നലുകള്‍ ഗവേഷകര്‍ വേര്‍തിരിച്ചത്. ആദ്യഘട്ടത്തില്‍ 21 സിഗ്നലുകളാണു കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ സാങ്കേതിക വിദ്യ പ്രയോഗിച്ച് പരിശോധിച്ചപ്പോള്‍ ഇവയുടെ എണ്ണം 72 ആയി. തുടര്‍ച്ചയായ ഒരേ രീതിയില്‍ അല്ല ഈ സിഗ്നലുകള്‍ എന്നത് ശ്രദ്ധേയമാണ്. 

click me!