
ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവിട്ടശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ നാസ ബഹിരാകാശ യാത്രികന് നടക്കാൻ പറ്റാതായി.
ബഹിരാകാശ യാത്രികൻ ഡ്രൂ ഫ്യൂസ്റ്റലിനാണ് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 197 ദിവസങ്ങൾ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ചെലവഴിച്ചശേഷം ഭൂമിയിൽ തിരിച്ചെത്തിയതായിരുന്നു 56കാരനായ ഫ്യൂസ്റ്റൽ.
ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഫ്യൂസ്റ്റലിന് നടക്കുന്നത് എങ്ങനെയാണെന്ന് മറന്ന് പോയിരുന്നു. ബുദ്ധിമുട്ടി നടക്കുന്ന ഫ്യൂസ്റ്റലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുകയാണ്. ഒക്ടോബർ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ നാസ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഭൂമിയിൽ തിരിച്ചെത്തിയതിനുശേഷം കണ്ണടച്ച് നടക്കാനും ഫ്യൂസ്റ്റലിന് സാധിച്ചിരുന്നില്ല. 197 ദിവസം ബഹിരാകാശത്ത് ഭാരമില്ലാതെ ഒഴുകി നടന്നതാണ് ഫ്യൂസ്റ്റല് നടക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം. നാസയുടെ 56-ാമത് പര്യവേക്ഷണ സംഘത്തിന്റെ കമാന്‍ഡർ ആയ ഫ്യൂസ്റ്റലിന്റെ ഒമ്പതാമത്തെ ബഹിരാകാശ യാത്രയാണിത്.