
ബ്രസല്‍സ്:ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് കടുത്ത ആക്ഷേപങ്ങളാണ് പല രാജ്യങ്ങളിലും ഫേസ്ബുക്ക് നേരിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടപാരിഹാരം കമ്പനി നല്‍കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ ശക്തമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെല്‍ജിയം. തങ്ങളുടെ പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനോ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനോ ഫേസ്ബുക്കിന് ഒരു അധികാരവുമില്ലെന്നും ഇത്തരം പരിപാടികള്‍ ഫേസ്ബുക്ക് ഉടന്‍ അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിന് പുറമെ 100 മില്യന്‍ യൂറോ അല്ലെങ്കില്‍ പ്രതിദിനം 2.5 ലക്ഷം യൂറോ വീതം ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
ബ്രൗസറുകളില്‍ നിക്ഷേപിക്കുന്ന കുക്കികള്‍ പോലുള്ള പ്രോഗ്രാമുകകള്‍ വഴി ആളുകള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്നും ഓണ്‍ലൈനില്‍ ജനങ്ങള്‍ എന്ത് ചെയ്യുന്നുവെന്നും ഫേസ്ബുക്ക് നിരീക്ഷിക്കുന്നുവെന്നായിരുന്നു പരാതി. ബെല്‍ജിയത്തിലെ പ്രൈവസി കമ്മീഷനാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ തങ്ങള്‍ ഇക്കാര്യത്തില്‍ ഏറ്റവും പുതിയ സാങ്കേതിത വിദ്യയാണ് ഉപയോഗിക്കുന്നതെന്നും വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് അക്കാര്യം അറിയിക്കാനുള്ള സംവിധാനമുണ്ടെന്നുമായിരുന്നു ഫേസ്ബുക്ക് വാദിച്ചത്. ഇത് കോടതി മുഖവിലയ്ക്കെടുത്തില്ല. വ്യക്തമായ വിശദീകരണം നല്‍കാന്‍ ഫേസ്ബുക്കിന് കഴിയുന്നില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. തങ്ങളുടെ പൗരന്മാരെക്കുറിച്ച് നിയമവിരുദ്ധമായി ശേഖരിച്ച വിവരങ്ങള്‍ ഫേസ്ബുക്ക് നശിപ്പിച്ചുകളയണമെന്നും കോടതി ഉത്തരവിട്ടു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam