വാട്സാപ്പിന്‍റെ പണം കൈമാറ്റ ഫീച്ചർ വൈകും

By Web DeskFirst Published Feb 18, 2018, 8:11 PM IST
Highlights

ദില്ലി: ഇന്ത്യയില്‍ അവതരിപ്പിച്ചെന്ന് അവകാശപ്പെടുന്ന വാട്സാപ്പിന്‍റെ പണം കൈമാറ്റ ഫീച്ചർ പരീക്ഷണഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ മാത്രമേ രാജ്യത്തെ വാട്സാപ്പ് അക്കൗണ്ടുകൾ വഴി പണം കൈമാറ്റത്തിന് അവസരം നല്‍കൂ. വാട്സാപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഫീച്ചർ കൂടിയാണിത്. നിലവിൽ രാജ്യത്ത് തിരഞ്ഞെടുത്ത കുറച്ചുപേർക്ക് മാത്രമാണ് വാട്സാപ്പിന്റെ പുതിയ ഫീച്ചർ ലഭിക്കുന്നത്.

റിസർവ് ബാങ്കിന്‍റെ പിന്തുണയോടെ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നടപ്പാക്കിയ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയാണു സേവനം ലഭ്യമാക്കുക. വെറും അഞ്ച് മിനിറ്റു കൊണ്ടു ബാങ്ക് അക്കൗണ്ട് വാട്സാപ് അക്കൗണ്ടുമായി യുപിഐ മുഖേന ബന്ധിപ്പിക്കാൻ ഉപഭോക്താവിനു സാധിക്കും. ചാറ്റ് ചെയ്യുന്നതിനൊപ്പം ചിത്രങ്ങളും വിഡിയോകളും അയയ്ക്കുന്നതുപോലെ പണം അയയ്ക്കാനും വാങ്ങാനും കഴിയും. 

മറ്റ് പേയ്മെന്റ് വോലറ്റുകളിൽ നിന്നു വ്യത്യസ്തമായി യുപിഐയിൽ പണം ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും നേരിട്ടു വിനിമയം ചെയ്യപ്പെടുക. ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ്ങിനായി അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‍സി കോഡ് തുടങ്ങിയവ നൽകണമെങ്കിൽ ഇവിടെ ആകെ ആവശ്യമുള്ളതു പണം ലഭിക്കേണ്ട വ്യക്തിയുടെ ഫോൺ നമ്പർ മാത്രമാണ്. സേവനം ഇൻവൈറ്റ് വഴി നിലവിൽ ഈ സേവനം നിശ്ചിത ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

ഈ സേവനമുള്ളയാൾക്കു മറ്റൊരാളെ ക്ഷണിച്ചാല്‍ അയാൾക്കും പേയ്മെന്റ് സൗകര്യം ലഭിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ അടുത്തഘട്ടത്തിലേ ലഭിക്കൂ.  

click me!