
മുംബൈ: കഴിഞ്ഞയാഴ്‌ച അവതരിപ്പിച്ച സ്‌പാം മുന്നറിയിപ്പ് എഐ സംവിധാനം ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ഭാരതി എയര്‍ടെല്‍. 38 കോടിയിലേറെ വരുന്ന എയര്‍ടെല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു തുകയും ഇതിനായി ഈടാക്കില്ലെന്ന് എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ ഉപഭോക്താക്കള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
സ്‌പാം കോളുകള്‍ക്കും മെസേജുകള്‍ക്കും തടയിടാന്‍ രാജ്യത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള സംവിധാനം ഒരുക്കിയ ടെലികോം സേവനദാതാക്കളാണ് ഭാരതി എയര്‍ടെല്‍. 'സ്‌പാം ഡിറ്റെക്ഷന്‍ ആന്‍ഡ് ബ്ലോക്കിംഗ് സേവനത്തിനായി ഒരു പ്രത്യേക ആപ്പും എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യണ്ടതില്ല, പുതിയ ഫീച്ചറുകളൊന്നും എനാബിള്‍ ചെയ്യേണ്ടതില്ല, പ്രത്യേക അനുമതി നല്‍കേണ്ടതില്ല, അധിക തുക നല്‍കേണ്ടതില്ല' എന്നും ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ അറിയിച്ചു.
'സ്‌പാം കോളുകള്‍ക്കും മെസേജുകള്‍ക്കുമെതിരായ നടപടികള്‍ തുടരും. സംശയാസ്‌പദമായ നമ്പറുകള്‍ രേഖപ്പെടുത്തുകയും കോളും മെസേജും ലഭിക്കുമ്പോള്‍ സസ്‌പെക്റ്റഡ് സ്‌പാം എന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. തട്ടിപ്പ് നമ്പറുകള്‍ എന്ന് തിരിച്ചറിയുന്നവ എന്നേക്കുമായി എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് ബ്ലോക്ക് ചെയ്യും. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മൊബൈല്‍ നെറ്റ്‌വര്‍ക്കായി എയര്‍ടെല്ലിനെ വളര്‍ത്തുകയാണ് ലക്ഷ്യം. എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന കാര്യത്തില്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യപ്പെടുന്നതായും' ഗോപാല്‍ വിറ്റല്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.
സ്‌പാമിന് തടയിടാന്‍ എല്ലാ ടെലികോം കമ്പനികളും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ട്രായ്‌യുടെ നിര്‍ദേശത്തിന് പിന്നാലെയാണ് എഐ ടൂള്‍ ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലിന്‍റെ ഡാറ്റ സയന്‍റിസ്റ്റുകളാണ് എഐ സംവിധാനം രൂപകല്‍പന ചെയ്തത്. സ്‌പാം കോളുകളും മെസേജുകളും വലിയ തട്ടിപ്പുകള്‍ക്ക് കാരണമാകുന്നതിനൊപ്പം രാജ്യത്തെ ടെലികോം സേവനങ്ങളുടെ നിലവാരം കുറയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു കമ്പനികള്‍ക്ക് ട്രായ് കര്‍ശന നിര്‍ദേശം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam