എയര്‍ടെല്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന സ്‌പാം കോള്‍/മെസേജുകള്‍ ഫ്ലാഗ് ചെയ്യാന്‍ ഈ സംവിധാനത്തിനാകും

മുംബൈ: ഉപഭോക്താക്കള്‍ക്ക് വലിയ ശല്യമായിരിക്കുന്ന സ്‌പാം കോളുകള്‍ക്കും സ്‌പാം മെസേജുകള്‍ക്കും തടയിടാന്‍ എഐയെ ഇറക്കി എയര്‍ടെല്‍. ഒരുസമയം കോടിക്കണക്കിന് സ്‌പാം കോളുകളും മെസേജുകളും വിശകലനം ചെയ്‌ത് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന പരിഹാര മാര്‍ഗമാണ് ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌പാം കോള്‍/മെസേജുകള്‍ ഫ്ലാഗ് ചെയ്യാന്‍ ഈ സംവിധാനത്തിനാകും. 10 കോടി സ്‌പാം കോളുകളും 30 ലക്ഷം സ്‌പാം മെസേജുകളും ഒരു ദിവസം വിജയകരമായി തിരിച്ചറിയാന്‍ ഈ സംവിധാനം വഴി കഴിയുമെന്നാണ് എയര്‍ടെല്‍ അവകാശപ്പെടുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളാണ് ഭാരതി എയര്‍ടെല്‍. സ്‌പാം കോളുകളും സ്‌പാം മെസേജുകളും സ്വൈര്യം കൊടുത്തുന്നതായുള്ള വിമര്‍ശനം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കുമുണ്ട്. ഇതിന് പരിഹാരം കാണാന്‍ രാജ്യത്ത് ആദ്യമായി എഐ അടിസ്ഥാനത്തില്‍ സ്‌പാം കോള്‍/മെസേജ് ഡിറ്റക്ഷന്‍ സംവിധാനം എയര്‍ടെല്‍ ഒരുക്കി. സ്‌പാം കോളുകളെയും സ്‌പാം മെസേജുകളെയും കുറിച്ച് ഈ എഐ സംവിധാനം തത്സമയം ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കും. ഈ പുത്തന്‍ ഫീച്ചര്‍ സൗജന്യമാണെന്നും പ്രത്യേകിച്ച് സെറ്റിംഗ്സ് ഒന്നും ചെയ്യാതെ തന്നെ ആക്റ്റീവ് ആകുമെന്നും എയര്‍ടെല്‍ പറയുന്നു. 

സ്‌പാം നിയന്ത്രിക്കാനായി ഒരു വര്‍ഷമായി നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് പുത്തന്‍ എഐ സംവിധാനം ഒരുക്കാനായത് എന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ വ്യക്തമാക്കി. 

Read more: തമിഴ്‌നാട്ടില്‍ 8000 കോടിയിലേറെ രൂപയുടെ കൂടി നിക്ഷേപത്തിന് ഫോക്‌സ്‌കോണ്‍; ഡിസ്‌പ്ലെ യൂണിറ്റിനായി ശ്രമം

രാജ്യത്ത് സ്‌പാം കോള്‍/മെസേജ് രഹിത സേവനം ഒരുക്കുന്നതിന് ടെലികോം കമ്പനികളുടെ കൂട്ടായ പ്രയത്നത്തിന് ഭാരതി എയര്‍ടെല്‍ ശ്രമിക്കുകയാണ്. ഇത് സംബന്ധിച്ച് റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ (വിഐ), ബിഎസ്എന്‍എല്‍, ടാറ്റ ടെലിസര്‍വീസ് തുടങ്ങിയ കമ്പനികളുടെ തലവന്‍മാര്‍ക്ക് ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ ഈ മാസം മധ്യേ കത്തെഴുതിയിരുന്നു. കോര്‍പ്പറേറ്റ് കണക്ഷനുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പരസ്‌പരം കൈമാറുന്നത് വഴി അത്തരം നമ്പറുകളുടെ ദുരുപയോഗം തടയുമെന്ന് കത്തില്‍ അദേഹം വ്യക്തമാക്കിയിരുന്നു. 

രാജ്യത്തെ ടെലികോം ഉപഭോക്താക്കളില്‍ 10ല്‍ ആറ് പേര്‍ക്ക് ദിവസവും ശരാശരി മൂന്നോ അതിലധികമോ സ്കാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ലോക്കല്‍ സര്‍ക്കിളിന്‍റെ സര്‍വെ പറയുന്നത്. ഇതിന് പുറമെ ഒരു ദിവസം മൂന്നോ അതിലധികമോ സ്പാം മെസേജുകള്‍ ലഭിക്കുന്നതായി 76 ശതമാനം മൊബൈല്‍ ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു. നമ്പറുകള്‍ എത്ര ബ്ലോക്ക് ചെയ്താലും ഈ സങ്കീര്‍ണ പ്രശ്‌നം അവസാനിക്കുന്നില്ല എന്നതാണ് വസ്‌തുത. സ്‌പാം കോളുകള്‍ക്കും മെസേജുകള്‍ക്കും തടയിടാന്‍ ടെലികോം കമ്പനികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രായ് അടുത്തിടെ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് എയര്‍ടെല്‍ എഐ ടൂളുമായി രംഗത്തെത്തിയിരിക്കുന്നത്. 

Read more: ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഫോട്ടോയാക്കുന്ന ഉപകരണവുമായി ഇന്ത്യന്‍ വംശജന്‍; അത് പണിയാവില്ലേന്ന് വിമര്‍ശകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം