
ദില്ലി: ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ സഹായത്തോടെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എൻഎല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം എത്തിക്കുന്നു. ഇത് ഫിസിക്കൽ സിം കാര്‍ഡിന്‍റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായി ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് ബിഎസ്എന്‍എല്ലിന്‍റെ മൊബൈൽ കണക്ഷനുകൾ ആക്‌ടീവാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഡ്യുവൽ സിം ഫോൺ ഉള്ള ആർക്കും, അല്ലെങ്കിൽ യാത്ര ചെയ്യുന്നവർക്കും പ്രാദേശിക നെറ്റ്‌വർക്കുകളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇ-സിം സേവനം ഉപയോഗപ്രദമാണ്.
ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ ജിഎസ്‌എംഎ അംഗീകൃത സബ്‌സ്‌ക്രിപ്‌ഷൻ മാനേജ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ മൂവ് ആണ് ഇ-സിം സേവനങ്ങൾ നൽകുന്നത്. ടാറ്റ കമ്മ്യൂണിക്കേഷൻസ് കൊളാബറേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ടിസിസിഎസ്‌പിഎൽ) വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. രാജ്യവ്യാപകമായി മൊബൈൽ ഉപയോക്തൃ അടിത്തറയ്ക്കായി ഇ-സിം പ്രൊവിഷനിംഗ് കൈകാര്യം ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം ബിഎസ്‌എൻഎല്ലിനെ സഹായിക്കും. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്ലിനെ സംബന്ധിച്ച് ഇ-സിം സേവനങ്ങൾ ആരംഭിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഫിസിക്കൽ സിം കാർഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങൾ ബിഎസ്‌എൻഎല്ലിന്‍റെ ഇ-സിമ്മുകൾ വാഗ്‌ദാനം ചെയ്യുന്നു. ഡ്യുവൽ സിം മൊബൈല്‍ ഫോണുള്ള ഉപയോക്താക്കൾക്ക് ഫിസിക്കൽ സിമ്മിനൊപ്പം ഒരു ഇ-സിം ഉപയോഗിക്കാം.
ഡിജിറ്റൽ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു ചുവട്
ഇന്ത്യയുടെ ടെലികോം ശക്തിയുടെ തന്ത്രപരമായ പുരോഗതി എന്നാണ് ബിഎസ്‌എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ റോബർട്ട് രവി ഈ ലോഞ്ചിനെ വിശേഷിപ്പിച്ചത്. കണക്റ്റിവിറ്റിയിലും നവീകരണത്തിലും ടാറ്റ കമ്മ്യൂണിക്കേഷൻസിന്‍റെ വൈദഗ്ദ്ധ്യം രാജ്യത്തുടനീളമുള്ള മൊബൈൽ സേവനങ്ങളിൽ സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവ വർധിപ്പിക്കുമെന്ന് അദേഹം പറഞ്ഞു. ഡിജിറ്റൽ സ്വാതന്ത്ര്യത്തിനും ശക്തമായ ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യയുടെ വിശാലമായ മുന്നേറ്റവുമായി ഈ നീക്കം യോജിക്കുന്നു.
ബിഎസ്‌എൻഎൽ അവരുടെ സേവനങ്ങൾ വിപുലീകരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുകയാണ്. 2025 ഓഗസ്റ്റിൽ ബിഎസ്എന്‍എല്‍ ദില്ലിയില്‍ 4ജി നെറ്റ്‌വർക്ക് സോഫ്റ്റ് ലോഞ്ച് ചെയ്‌തിരുന്നു. ഇപ്പോള്‍ രാജ്യവ്യാപകമായും ബിഎസ്എന്‍എല്‍ 4ജി എത്തി. ഏകദേശം 37,000 കോടി രൂപ മുതൽമുടക്കിൽ പൂർണ്ണമായും ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച 97,500-ലധികം ബിഎസ്‌എൻഎൽ 4ജി മൊബൈൽ ടവറുകളാണ് കമ്മീഷൻ ചെയ്‌തത്. തപാൽ വകുപ്പുമായുള്ള ധാരണാപത്രം പ്രകാരം 1.65 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും വിൽക്കാനും ബിഎസ്എൻഎല്‍ തുടങ്ങി. തമിഴ്‌നാട്ടില്‍ ആരംഭിച്ച ഇ-സിം സേവനം ഇപ്പോള്‍ ബിഎസ്‌എൻഎൽ രാജ്യത്തെങ്ങും ലഭ്യമാക്കുകയാണ്.
കൂടുതൽ മെച്ചപ്പെട്ട സുരക്ഷ
ഇ-സിം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്ക് കൂടുതൽ ഉപയോഗക്ഷമത, മെച്ചപ്പെട്ട സുരക്ഷ, തടസമില്ലാത്ത അന്താരാഷ്ട്ര റോമിംഗ് എന്നിവ ആസ്വദിക്കാൻ കഴിയും. സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാനും ഡിജിറ്റൽ യുഗത്തിനായി തങ്ങളുടെ ഓഫറുകൾ ആധുനികവൽക്കരിക്കാനും ശ്രമിക്കുന്ന ബിഎസ്എൻഎല്ലിന് ഈ ലോഞ്ച് ഒരു നാഴികക്കല്ലാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം