
കൊച്ചി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) കേരളത്തിലും ഇ-സിം സേവനം ആരംഭിച്ചു. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്‍ററുകളിലും ബിഎസ്എൻഎൽ ഇ-സിം സേവനങ്ങൾ ലഭ്യമാണെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. കേരളത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയും സാധ്യമാക്കിയതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യവും എത്തിയിരിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവഴി ബിഎസ്എന്‍എല്ലിനായേക്കും.
ഇ-സിം സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന മൊബൈൽ ഹാൻഡ്‌സെറ്റ്/ഡിവൈസുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം ലഭ്യമാകും. നിലവിലുള്ള പ്രീപെയ്‌ഡ്, പോസ്റ്റുപെയ്‌ഡ് ഉപഭോക്താക്കൾക്കും, പുതിയ കണക്ഷനുകൾക്കും, മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കും ഇ-സിം സേവനം ഉപയോഗിക്കാവുന്നതാണ്. ഇ-സിം ആക്‌റ്റിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ അവരുടെ അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്‍റർ സന്ദർശിച്ച് ആവശ്യമായ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. കെവൈസി പ്രക്രിയ പൂർത്തിയായ ശേഷം ഉപഭോക്താൾക്ക് ലഭിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ ബിഎസ്എന്‍എല്‍ ഇ-സിം ആക്റ്റീവാകും.
ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ സഹായത്തോടെയാണ് ബിഎസ്‌എൻഎല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം എത്തിക്കുന്നത്. ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ ജിഎസ്‌എംഎ അംഗീകൃത സബ്‌സ്‌ക്രിപ്‌ഷൻ മാനേജ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ 'മൂവ്' ആണ് ഇ-സിം സേവനങ്ങൾ നൽകുന്നത്. ടാറ്റ കമ്മ്യൂണിക്കേഷൻസ് കൊളാബറേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ടിസിസിഎസ്‌പിഎൽ) വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. രാജ്യവ്യാപകമായി മൊബൈൽ ഉപയോക്തൃ അടിത്തറയ്ക്കായി ഇ-സിം പ്രൊവിഷനിംഗ് കൈകാര്യം ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം ബിഎസ്‌എൻഎല്ലിനെ സഹായിക്കുന്നു. ഫിസിക്കൽ സിം കാര്‍ഡിന്‍റെ ആവശ്യമില്ലാതെ തന്നെ ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് ബിഎസ്എന്‍എല്ലിന്‍റെ മൊബൈൽ കണക്ഷനുകൾ ആക്‌ടീവാക്കാൻ ഉപയോക്താക്കളെ ഇ-സിം സാങ്കേതികവിദ്യ അനുവദിക്കുന്നു.
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്ലിനെ സംബന്ധിച്ച് ഇ-സിം സേവനങ്ങൾ ആരംഭിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഫിസിക്കൽ സിം കാർഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങൾ ബിഎസ്‌എൻഎല്ലിന്‍റെ ഇ-സിമ്മുകൾ വാഗ്‌ദാനം ചെയ്യുന്നു. ഡ്യുവൽ സിം മൊബൈല്‍ ഫോണുള്ള ഉപയോക്താക്കൾക്ക് ഫിസിക്കൽ സിമ്മിനൊപ്പം ഒരു ഇ-സിം ഉപയോഗിക്കാം. 4ജിയും 5ജിയും അടക്കമുള്ള നവീകരണത്തിന്‍റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യവും അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം