ജിയോയെ നേരിടാന്‍ രണ്ടും കല്‍പ്പിച്ച് ബിഎസ്എന്‍എല്‍; ഒരു തകര്‍പ്പന്‍ ഓഫര്‍ കൂടി

By Web DeskFirst Published Mar 25, 2017, 11:49 AM IST
Highlights

റിലയന്‍സ് ജിയോയെ നേരിടാന്‍ ആകര്‍ഷകമായ ഒരു ഓഫര്‍ കൂടി ബി എസ് എന്‍ എല്‍ അവതരിപ്പിക്കുന്നു. സ്‌മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ബി എസ് എന്‍ എല്‍ ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കും. ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ പ്രചാരണത്തിന്റെയും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നതെന്ന് ബി എസ് എന്‍ എല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലവില്‍ പ്രത്യേക ഡാറ്റ ഓഫറുകള്‍ ചെയ്‌തെങ്കില്‍ മാത്രമെ, ബി എസ് എന്‍ എല്‍ ഉപയോക്താക്കള്‍ക്ക് ജി എസ് എം പ്രീപെയ്ഡ് കണക്ഷനുകളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകു. അല്ലാത്തപക്ഷം ഓരോ കെബി ഉപയോഗിക്കുമ്പോഴും മുഖ്യ അക്കൗണ്ടില്‍നിന്ന് പണം നഷ്‌ടമാകും. എന്നാല്‍ പുതിയ ഓഫര്‍ വരുന്നതോടെ പ്രത്യേക റിച്ചാര്‍ജ് ഇല്ലാതെ തന്നെ ഒരു ജിബി ഡാറ്റ ഇന്റര്‍നെറ്റ് സൗജന്യമായി ആസ്വദിക്കാനാകും. കൂടാതെ ഇതുവരെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലാത്ത ഉപയോക്താക്കളെ അതിനായി പ്രേരിപ്പിക്കാനും ഇന്‍റര്‍നെറ്റ ഉപഭോഗം പ്രോല്‍സാഹിപ്പിക്കാനും പുതിയ ഓഫര്‍ വഴി ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നുണ്ട്. ഈ ഓഫര്‍ നല്‍കുക വഴി, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടാനാകുമെന്നാണ് ബി എസ് എന്‍ എല്‍ അധികൃതരുടെ പ്രതീക്ഷ.

നേരത്തെ 339, 337 എന്നിങ്ങനെ രണ്ട് ഓഫറുകള്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിരുന്നു. എസ് ടി വി 337 ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് പരിധിയില്ലാത്ത ഫോണ്‍ വിളിയും 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും ലഭിക്കും. എസ് ടി വി 339 ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 28 ദിവസത്തേക്ക് ബി എസ് എന്‍ എല്‍  നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ ഫോണ്‍ വിളിയും ദിവസം രണ്ടു ജി ബി ഡാറ്റയും ലഭിക്കും. റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാനാണ് ബി എസ് എന്‍ എല്‍ ജനപ്രിയ ഓഫറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നത്.

ഇതുകൂടാതെ വോഡാഫോണ്‍-ഐഡിയ ലയനവും ഭാവിയില്‍ വലിയ വെല്ലുവിളിയായി മാറിയേക്കാമെന്ന് ബി എസ് എന്‍ എല്‍ കണക്കുകൂട്ടുന്നു. ജനപ്രിയമായ ഡാറ്റ ഓഫറുകള്‍ നല്‍കിയില്ലെങ്കില്‍ ഉപയോക്താക്കള്‍ മറ്റു നെറ്റ്‌വര്‍ക്കിലേക്ക് പോകുമെന്ന് മനസിലാക്കിയാണ് കൂടുതല്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍ രംഗത്തെത്തുന്നത്.

click me!