പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കുന്നതായി റിപ്പോർട്ട്. മനുഷ്യനേക്കാൾ വേഗത്തിൽ ലക്ഷ്യങ്ങൾ കണ്ടെത്താനും ആയുധം തിരഞ്ഞെടുത്ത് ആക്രമണം നടത്താനും എഐ സഹായിക്കുന്നു.
പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധമുഖത്താണ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയെനിയെ അടക്കം വധിച്ച ഇസ്രയേല്‍-യുഎസ് വ്യോമാക്രമണം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയിരിക്കുന്നു. ഇറാന് നേരെ ഇസ്രയേല്‍-യുഎസ് സഖ്യത്തിന്‍റെ ആക്രമണവും, അതിശക്തമായി തിരിച്ചടിച്ചുള്ള ഇറാന്‍റെ പ്രത്യാക്രമണവും ആറാം ദിവസത്തിലെത്തിക്കഴിഞ്ഞു. നാളിതുവരെ കണ്ട യുദ്ധമുറകളല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ നേരിട്ട് നിയന്ത്രിക്കുന്ന സംഘര്‍ഷമാണ് പശ്ചിമേഷ്യയില്‍ ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഗാര്‍ഡിയന്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലക്ഷ്യസ്ഥാനം കണ്ടെത്തലും ആയുധം തിരഞ്ഞെടുക്കലും ആക്രമിക്കുന്നതും വരെ എഐ
ഇറാന് നേരെയുള്ള ആക്രമണങ്ങൾക്കായി യുഎസും ഇസ്രയേലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ടൂളുകളെ ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ട്. മനുഷ്യ ചിന്തയേക്കാള്‍ വേഗത്തില്‍ നടപ്പിലാക്കുന്ന ബോംബാക്രമണത്തിന്‍റെ പുതിയ യുഗത്തിന് ഇത് തുടക്കം കുറിച്ചതായി വിദഗ്‌ധർ പറയുന്നു. അതായത്, മനുഷ്യ ചിന്തയേക്കാള്‍ വേഗത്തില്‍ സാഹചര്യങ്ങള്‍ വിശകലനം ചെയ്‌ത്, ലക്ഷ്യസ്ഥാനം കൃത്യമായി മാര്‍ക്ക് ചെയ്‌ത്, ഏറ്റവും അനുയോജ്യമായ ആയുധം തിരഞ്ഞെടുത്ത്, നിയമപരമായ അനുമതി തേടി എഐ ടൂളുകള്‍ പ്രതിയോഗിക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നു. ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേർന്ന് ആദ്യത്തെ 12 മണിക്കൂറിനുള്ളിൽ ഏകദേശം 900 ആക്രമണങ്ങൾ നടത്തി. ഈ മിസൈൽ ആക്രമണങ്ങളിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയെനി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടു. ഇതിന്‍റെയെല്ലാം സൂത്രധാരനായി ആന്ത്രോപിക്കിന്‍റെ ക്ലോഡ് എഐയെ അമേരിക്കന്‍- ഇസ്രയേല്‍ സേനകള്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഇസ്രയേലും യുഎസും ഗാസയിലും എഐ ഉപയോഗിച്ചിരുന്നു. സമാനമായി ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ഡ്രോണ്‍ ദൃശ്യങ്ങളും, ഭൂപടങ്ങളും, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍റര്‍സെപ്‌ഷനുകളും മനുഷ്യ ഇന്‍പുട്ടുകളും വഴി ക്രോഡ് എഐ ക്രോഡീകരിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സേനകള്‍ക്ക് നല്‍കിയെന്നാണ് അനുമാനം.
'യുദ്ധത്തില്‍ എന്തിനെ ടാര്‍ഗറ്റ് ചെയ്യണം എന്ന് എഐ യന്ത്രം തന്നെ ശുപാർശകൾ നൽകുകയാണ്. ചില രീതികളിൽ അത് മനുഷ്യ ചിന്തയുടെ വേഗത്തേക്കാൾ വേഗം സാധ്യമാക്കുന്നു'- എന്നും ന്യൂകാസിൽ സർവകലാശാലയിലെ രാഷ്ട്രീയ ഭൗമശാസ്ത്ര അധ്യാപകമായ ക്രെയ്‌ഗ് ജോൺസ് പറഞ്ഞു. എഐയുടെ ഉപയോഗം വഴി യുദ്ധം എളുപ്പം വിശാലമാക്കാനും വേഗത്തില്‍ ആക്രമണം അഴിച്ചുവിടാനും സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഒരേസമയം മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ എഐ ടൂളുകളുടെ ഉപയോഗം വഴി സാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മുമ്പ് ദിവസങ്ങള്‍ ഏറെയെടുത്തായിരുന്നു ഇത്തരം വിവിധ യുദ്ധമുറകള്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെല്ലാം പയറ്റിയിരുന്നത്.
യുദ്ധമുഖത്ത് എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് ആസൂത്രണ സമയം കുറയ്‌ക്കുന്നതായി വിദഗ്‌ധര്‍ പറയുന്നു. വളരെ സങ്കീര്‍ണമായ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താനും അവിടെയൊരു കൃത്യതയാര്‍ന്ന ആക്രമണം അഴിച്ചുവിടാനും സേവനകള്‍ എഐയുടെ പിന്തുണ സ്വീകരിക്കുന്നു. അതോടെ സമയലാഭം എറെ. എന്നാല്‍, യുദ്ധഭൂമികളില്‍ മനുഷ്യരായ സൈനിക, നിയമ വിദഗ്‌ധര്‍ വെറും ഔദ്യോഗിക അംഗീകാരം നൽകുന്നവർ (rubber-stamping) മാത്രമായി മാറുമോ എന്ന ആശങ്ക ഈ രംഗത്തെ പണ്ഡിതന്മാർ പങ്കുവെക്കുന്നതായി ഗാര്‍ഡിയന്‍റെ വാര്‍ത്തയില്‍ പറയുന്നു. എന്നാൽ, യുദ്ധങ്ങളില്‍ എഐയെ അമിതമായി ആശ്രയിക്കുന്നത്, അനന്തരഫലങ്ങളെക്കുറിച്ച് വേണ്ടത്ര ഗൗരവം തോന്നാത്ത സാഹചര്യം സൃഷ്‌ടിക്കുമെന്ന് ലണ്ടൻ ക്വീൻ മേരി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡേവിഡ് ലെസ‌്‌ലി മുന്നറിയിപ്പ് നൽകുന്നു.
നിരോധനത്തിനിടയിലും 'ക്ലോഡ്' യുഎസ് സൈന്യം ഉപയോഗിച്ചു?
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിരോധനം വകവെക്കാതെ യുഎസ് സൈന്യം ഇറാനെതിരെ ആക്രമണത്തിൽ 'ക്ലോഡ്' ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള സൈനിക നീക്കത്തിൽ യുഎസ് സൈന്യം ക്ലോഡ് ഉപയോഗിച്ചതിനെ ആന്ത്രാപിക് എതിർത്തതിന് പിന്നാലെയായിരുന്നു ട്രംപ് ഈ എഐ ടൂള്‍ വിലക്കിയിരുന്നു. എന്നാല്‍, ക്ലോഡ് ഉപയോഗിക്കുന്നത് നിർത്താൻ ട്രംപ് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാനെതിരായ ആക്രമണത്തിൽ യുഎസ് സൈന്യം സമാന ടൂള്‍ ഉപയോഗിച്ചതായാണ് സൂചനകള്‍. രഹസ്യാന്വേഷണ ആവശ്യങ്ങൾക്കും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിനും, യുദ്ധക്കളത്തിലെ സാഹചര്യങ്ങൾ മുൻകൂട്ടി വിലയിരുത്തുന്നതിനുമാണ് അമേരിക്കന്‍ സൈന്യം ക്ലോഡ് ഉപയോഗിച്ചത് എന്ന് രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ പറയുന്നു.
2024-ൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക്, യുദ്ധ ആസൂത്രണം വേഗത്തിലാക്കുന്നതിനായി യുഎസ് യുദ്ധ വകുപ്പിലും മറ്റ് ദേശീയ സുരക്ഷാ ഏജൻസികളിലും തങ്ങളുടെ എഐ സംവിധാനം വിന്യസിച്ചിരുന്നു. ഇന്‍റലിജൻസ് വിശകലനം മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ കൂടുതല്‍ പ്രാപ്‌തരാക്കുന്നതിനുമായി യുദ്ധ-സാങ്കേതിക കമ്പനിയായ പാലന്തിർ, പെന്‍റഗണുമായി ചേർന്ന് വികസിപ്പിച്ചെടുത്ത പുത്തന്‍ സംവിധാനത്തിന്‍റെ ഭാഗമായി മാറി അതോടെ ക്ലോഡ്. എന്നാല്‍ തെറ്റിപ്പിരിഞ്ഞതോടെ ആന്ത്രാപിക് കമ്പനിയെ 'റാഡിക്കൽ ലെഫ്റ്റ്' എന്നും യഥാർഥ ലോകത്തെക്കുറിച്ച് ധാരണയില്ലാത്തവർ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ആക്രമണങ്ങള്‍ക്കോ ആയുധങ്ങൾ നിർമ്മിക്കുന്നതിനോ തങ്ങളുടെ സാങ്കേതികവിദ്യകള്‍ ആരും ഉപയോഗിക്കരുതെന്ന് ആന്ത്രാപിക്കിന്‍റെ നിബന്ധനകളിൽ പറയുന്നുണ്ട്. സൈനിക സംവിധാനങ്ങളിൽ നിന്ന് ആന്ത്രോപിക്കിന്‍റെ സാങ്കേതികത പെട്ടെന്ന് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തുറന്നു സമ്മതിച്ചതാണ്. മറ്റൊരു സേവനത്തിലേക്ക് മാറുന്നതിനായി ആറ് മാസത്തെ സമയം അനുവദിച്ചിട്ടുമുണ്ട്. ഇതിനിടയിൽ, ആന്ത്രോപിക്കിന്‍റെ എതിരാളികളായ ഓപ്പൺഎഐ പെന്‍റഗണുമായി കരാറിലേർപ്പെടുന്നതും ലോകം ഈയടുത്ത് കണ്ടു.
യുദ്ധമുഖത്ത് യുഎസും ഇസ്രയേലും എഐ ടൂളുകളെ വിപുലമായി ആശ്രയിക്കുമ്പോള്‍ ഇറാന്‍റെ സ്ഥിതി വ്യത്യസ്തമാണ്. ഇറാന്‍റെ സ്വന്തം എഐ പദ്ധതികള്‍ അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐ ഉപയോഗിച്ചുള്ള മിലിറ്ററി തന്ത്രങ്ങളും സാങ്കേതികവിദ്യകളുമായിരിക്കും യുദ്ധരംഗത്തെ അടുത്ത യുഗമെന്ന് തറപ്പിച്ചുപറയുന്നു പ്രൊഫസര്‍ ഡേവിഡ് ലെസ്‌ലി.



