
വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളുടെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ നടപടി എടുക്കുന്നതിനെതിരെ ദില്ലി ഹൈക്കോടതി പരാമര്‍ശം. വിവിധ സംസ്ഥാനങ്ങളിലെ കോടതികൾ വാട്ട്സാപ് അഡ്മിനെ കുടുക്കുന്ന തരം വിധി പ്രസ്താവിച്ചതിന് എതിരെയാണ് ദില്ലി ഹൈക്കോടതി പരാമര്‍ശം.
ഗ്രൂപ്പുകളിൽ ‘അനുയോജ്യമല്ലാത്ത’ പോസ്റ്റുകൾ ആരിട്ടാലും അഡ്മിനായിരിക്കും ഉത്തരവാദിത്തം എന്നതായിരുന്നു മുന്‍വിധി. പലയിടത്തും ഈ വിധികളുടെ അടിസ്ഥാനത്തില്‍ അഡ്മിൻമാരുടെ അറസ്റ്റുകൾ നടക്കുകയും ചെയ്തു. പല സംഘടനകളും വിധിയിലെ പാകപ്പിഴയെപ്പറ്റി വ്യക്തമാക്കുകയും ചെയ്തതാണ്.
അത്തരമൊരു ഹർജി പരിഗണിക്കവേയാണ് കഴിഞ്ഞദിവസം ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്-ഗ്രൂപ്പിൽ എന്തു പോസ്റ്റ് ചെയ്യണം എന്നതു സംബന്ധിച്ച് അംഗങ്ങൾക്ക് നിർദേശം നൽകാൻ അഡ്മിനാകില്ല. ഗ്രൂപ്പ് അംഗങ്ങളുടെ തോന്ന്യാസത്തിന് അഡ്മിനെ അറസ്റ്റ് ചെയ്യാനാകില്ല. പത്രത്തിൽ മറ്റുള്ളവർക്ക് അപമാനകരമായ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പത്രം അച്ചടിക്കാനുള്ള ന്യൂസ്പ്രിന്‍റ് നിർമിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനു തുല്യമാണത്.
ഗ്രൂപ്പിൽ ആരൊക്കെ എന്തൊക്കെ പോസ്റ്റ് ചെയ്യുമെന്ന് അഡ്മിന് ഒരു പിടിയുമുണ്ടാകില്ല. കൂടാതെ പോസ്റ്റുകളൊന്നും അഡ്മിൻ പരിശോധിച്ചിട്ടില്ല ഗ്രൂപ്പിലെത്തുന്നതും. ഇങ്ങനെയെല്ലാമായിരിക്കെ എന്തടിസ്ഥാനത്തിലാണ് അഡ്മിനെ അറസ്റ്റ് ചെയ്യുകയെന്നും കോടതി ചോദിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam