
ഹാഥ്റസ്: ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയെ പോയി യാത്രക്കാര്‍ വഴി തെറ്റുന്ന സംഭവങ്ങളിലേക്ക് രണ്ട് എണ്ണം കൂടി. നിര്‍മാണം നടന്നുകൊണ്ടിരുന്ന ഹൈവേയിലൂടെ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച രണ്ട് കാറുകള്‍ അപകടത്തില്‍പ്പെട്ടതാണ് പുതിയ വാര്‍ത്ത. ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് സംഭവങ്ങളെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 27ന് രാത്രി ഒരു ക്ഷേത്ര സന്ദര്‍ശനത്തിനായി കാറില്‍ യാത്ര തിരിച്ചതായിരുന്നു വിമലേഷ് ശ്രീവാസ്‌തവയും കേശവ് കുമാറും. രാത്രി 10 മണിയോടെ ഹാഥ്റസിലെ സിക്കന്ദ്ര റൗവില്‍ എത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് നിര്‍മാണത്തിലിരിക്കുന്ന മഥുര-ബറേലി ഹൈവേ കാണിച്ചുകൊടുത്തു എന്നാണ് ഇവരുടെ അവകാശവാദം. ഈ പാതയിലൂടെ സഞ്ചരിക്കവെ ഇവരുടെ കാർ ഹാഥ്റസ് ജംഷന് സമീപം മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ എയര്‍ബാഗുകള്‍ തുറക്കുകയും രണ്ട് പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. റോഡില്‍ മതിയായ സൂചന മുന്നറിയിപ്പുകള്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് ഇരുവരും ആരോപിച്ചു.
'ഞങ്ങള്‍ സര്‍വീസ് റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഗൂഗിള്‍ മാപ്പ് ഞങ്ങള്‍ക്ക് ഹൈവേയിലൂടെ വഴി കാണിച്ചുതന്നു. മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും അപകടത്തിന് കാരണമായി. റോഡ‍് ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല എന്ന് കാണിക്കുന്ന സൂചനകളൊന്നും ഹൈവേയിലുണ്ടായിരുന്നില്ല' എന്നും ശ്രീവാസ്‌തവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സമാനമായ മറ്റൊരു അപകടവും ഇതേ റോഡില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മഥുരയിലേക്ക് സഞ്ചരിക്കുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മണ്‍തിട്ടയില്‍ ഇടിച്ച കാര്‍ പൊട്ടിപ്പൊളിഞ്ഞു. അപകടങ്ങള്‍ നടന്ന റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥലം ഡിവൈഎസ്‌പി ശ്യാംവീര്‍ സിംഗിന്‍റെ പ്രതികരണം.
Read more: എന്തുകൊണ്ട് വഴി തെറ്റുന്നു, പോയി കുഴിയില്‍ വീഴുന്നു? ഗൂഗിള്‍ മാപ്പിനെ നിങ്ങള്‍ക്കും തിരുത്താം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം