
ദീപാവലിയൊക്കെ അല്ലേ എന്നു കരുതി ഗിഫ്റ്റ് കാണുമ്പോൾ ചാടി വീഴരുതെന്ന മുന്നറിയിപ്പുമായി സെർട്ട്. സൗജന്യ ദീപാവലി ഗിഫ്റ്റുകളിലൂടെ ചൈനീസ് വെബ്സൈറ്റുകൾ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന റിപ്പോര്‌ട്ടിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരം ഗിഫ്റ്റ് തട്ടിപ്പിലൂടെ നിരവധി ഉപയോക്താക്കളെയാണ് സൈബർ വിരുതന്‌മാർ കബളിപ്പിക്കുന്നത്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‌കിയിരിക്കുന്നത്. നിരവധി ചൈനീസ് വെബ്സൈറ്റുകൾ ദീപാവലി സമ്മാനം ഓഫർ ചെയ്ത് ഫിഷിങ് ലിങ്കുകൾ അയയ്ക്കുന്നുണ്ട്.
ഇത് ഓപ്പൺ ചെയ്യുന്നതോടെ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഫോൺ നമ്പറുകൾ എന്നിവയെ കൂടാതെ വ്യക്തിഗത വിവരങ്ങൾ വൻതോതിൽ മോഷ്ടിക്കപ്പെടും. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കളോട് സേർട്ട്-ഇൻ ആവശ്യപ്പെട്ടു. ഉത്സവ ഓഫർ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (വാട്സാപ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം മുതലായവ) പ്രചരിക്കുന്നുണ്ട്. ഗിഫ്റ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കാനുള്ള മാർഗമാണിത്. കൂടുതലും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് എന്ന് സേർട്ട്-ഇൻ അറിയിച്ചു.
.cn എന്ന ചൈനീസ് ഡൊമെയ്‌നാണ് പലതിലും ഉപയോഗിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ചൈനയിൽ നിന്നുള്ളതുമാണെന്ന് സേർട്ട്-ഇൻ മുന്നറിയിപ്പ് റിപ്പോർട്ടിൽ പറയുന്നു. മറ്റുള്ളവ .xyz, .top ഡെമെയ്നുകളാണ്. സമ്മാനങ്ങൾ നേടാനായി സാധാരണക്കാരായ ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്കുചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഉപയോക്താവ് ലിങ്കിൽ ക്ലിക്കുചെയ്യുന്നതോടെ ഫോണിൽ മെസെജ് വരും. തൊട്ടുപിന്നാലെ സ്വകാര്യ വിശദാംശങ്ങൾ പൂരിപ്പിക്കാനും ആവശ്യപ്പെടും.
എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ സമ്മാനം ക്ലെയിം ചെയ്യുന്നതിനായി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ലിങ്ക് ഷെയർ ചെയ്യാൻ ഉപയോക്താവിനോട് ആവശ്യപ്പെടും. ഷെയർ ചെയ്യുന്നതോടെ ഹാക്കർമാർക്ക് ജോലി എളുപ്പമാകും. വ്യാജ സന്ദേശങ്ങളിലെ ലിങ്കുകൾ ഒഴിവാക്കുക എന്നത് മാത്രമാണ് തട്ടിപ്പുകളിൽ പെടാതെ ഇരിക്കാനുള്ള വഴി. ലിങ്ക് ശരിയായി ഫ്രയിം ചെയ്തിട്ടുണ്ടോ എന്നു മാത്രമല്ല ഡൊമെയ്ൻ നെയിമും പരിശോധിക്കണം. ഓർക്കുക.. സ്വകാര്യ ഡാറ്റ ഒരിക്കലും പങ്കു വെക്കരുത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം