30,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ ടെക് മഹീന്ദ്ര നിഷേധിച്ചു. എഐയില്‍ നിക്ഷേപം വർധിപ്പിക്കുമ്പോഴും വലിയ പിരിച്ചുവിടലുകള്‍ക്ക് പദ്ധതിയില്ലെന്നും, ജീവനക്കാരെ പുതിയ പ്രോജക്‌ടുകളിലേക്ക് പുനർവിന്യസിക്കുകയാണെന്നും കമ്പനി. 

മുംബൈ: 30,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായുള്ള സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ നിഷേധിച്ച് ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്ര. ടെക് മഹീന്ദ്ര വലിയ പിരിച്ചുവിടലിന് ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച കമ്പനി, ലേഓഫ് ആലോചനകളൊന്നും ഇപ്പോഴില്ലെന്നും വ്യക്തമാക്കി. ടെക് മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ നിക്ഷേപം വർധിപ്പിക്കുന്നതിനിടയിലാണ് ഈ വിശദീകരണം.

പിരിച്ചുവിടലുകള്‍ നിഷേധിച്ച് ടെക് മഹീന്ദ്ര

ആഗോളതലത്തിലും ഇന്ത്യയിലും ടെക് കമ്പനികള്‍ വലിയ പിരിച്ചുവിടലുകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ടെക് മഹീന്ദ്രയെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചത്. ടെക് മഹീന്ദ്ര 30,000 പേരെ പിരിച്ചുവിടുമെന്ന എക്‌സ് പോസ്റ്റ് വൈറലാവുകയും ചെയ്‌തു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐയെ കൂടുതല്‍ കമ്പനി ആശ്രയിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പിരിച്ചുവിടലുകള്‍ എന്നുമായിരുന്നു കിംവദന്തികള്‍. ഇത്തരം എക്‌സ് പോസ്റ്റുകളില്‍ നിരവധി പേര്‍ തൊഴില്‍ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്‌തിരുന്നു. എഐ തൊഴില്‍ കളയുന്ന വാര്‍ത്തകള്‍ മെറ്റയും ആമസോണും അടക്കമുള്ള ആഗോള ടെക് ഭീമന്‍മാരില്‍ നിന്ന് തുടര്‍ച്ചയായി വന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

എന്നാല്‍ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നതായുള്ള എല്ലാ റിപ്പോര്‍ട്ടുകളും നിഷേധിച്ചിരിക്കുകയാണ് ടെക് മഹീന്ദ്ര അധികൃതരെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ടെക് മഹീന്ദ്രയ്‌ക്ക് ആഗോളതലത്തില്‍ 1.5 ലക്ഷം ജോലിക്കാരാണുള്ളത്. കഴിഞ്ഞ കുറച്ച് ത്രൈമാസ കണക്കുകളില്‍ ടെക് മഹീന്ദ്രയിലെ ജോലിക്കാരുടെ എണ്ണത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നില്ല. പൂർത്തിയായതോ അത്ര സജീവമല്ലാത്തതോ ആയ പ്രോജക്‌ടുകളിൽ നിന്നുള്ള ജീവനക്കാരെ ഒഴിവാക്കുന്നതിന് പകരം പുതിയ അസൈൻമെന്‍റുകളിലേക്ക് പുനർവിന്യസിക്കുകയാണ് കമ്പനി ചെയ്‌തിരുന്നതെന്നും പറയപ്പെടുന്നു.

എഐയില്‍ കൂടുതല്‍ നിക്ഷേപവുമായി ടെക് മഹീന്ദ്ര

അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ നിക്ഷേപം വർധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു ടെക് മഹീന്ദ്ര. ടെലികോം, എന്‍റർപ്രൈസ് ഡാറ്റ നവീകരണം ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ഓന്‍റോളജി അധിഷ്‌ഠിത ഏജന്‍റ് എഐ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ടെക് മഹീന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടെക് മഹീന്ദ്രയുടെ എഐ കഴിവുകൾ ഇന്‍റഗ്രേറ്റ് ഇന്‍റലിജൻസിൽ സംയോജിപ്പിക്കാനുള്ള വിശാലമായ നീക്കത്തിന്‍റെ ഭാഗമാണ് ഈ സംരംഭം. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming