'ചാറ്റ്‌ജിപിടിയെ ഒരു കാര്യത്തിന് ആശ്രയിക്കരുത്'; ഉപഭോക്താക്കള്‍ക്ക് ചാറ്റ്‌ബോട്ട് തലവന്‍റെ തന്നെ മുന്നറിയിപ്പ്

Published : Aug 20, 2025, 12:57 PM IST
ChatGPT Logo

Synopsis

ജിപിടി-5 വലിയ അപ്‌ഗ്രേഡുകള്‍ കൊണ്ടുവന്നെങ്കിലും വിവരങ്ങള്‍ അറിയാനുള്ള പ്രാഥമിക സോഴ്‌സായി ചാറ്റ്‌ജിപിടിയെ കാണാറായിട്ടില്ലെന്ന് ചാറ്റ്‌ജിപിടി ഉപഭോക്താക്കള്‍ക്ക് നിക്ക് ടര്‍ലിയുടെ മുന്നറിയിപ്പ്

കാലിഫോര്‍ണിയ: അടുത്തിടെ ഓപ്പണ്‍എഐ അവതരിപ്പിച്ച ജിപിടി-5 ലാര്‍ജ് ലാംഗ്വേജ് മേഡല്‍ വലിയ ചര്‍ച്ചയായിരുന്നു. കമ്പനിയുടെ നാളിതുവരെയുള്ള ഏറ്റവും ശക്തവും കൃത്യതയുള്ളതുമായ എഐ മോഡലാണ് ഇതെന്നായിരുന്നു ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍റെ അവകാശവാദം. പഴയ ന്യൂനതകള്‍ പലതും ജിപിടി-5ല്‍ പരിഹരിച്ചിട്ടുണ്ട് എന്നും ഓപ്പണ്‍ എഐ അധികൃതര്‍ വാദിച്ചു. എന്നാല്‍ മുന്‍ മോഡലായ ജിപിടി-4ഒ-യുടെ മികവൊന്നും ജിപിടി-5-നില്ല എന്നായിരുന്നു പല ഉപഭോക്താക്കളുടെയും പ്രതികരണം. ഇതിന് പിന്നാലെ, ചാറ്റ്‌ജിപിടി ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയാണ് ചാറ്റ്‌ജിപിടിയുടെ തലവനും വൈസ് പ്രസിഡന്‍റുമായ നിക്ക് ടര്‍ലി. വിവരങ്ങള്‍ അറിയാനുള്ള പ്രാഥമിക ഇടമായി ചാറ്റ്‌ജിപിടിയെ ആശ്രയിക്കരുത് എന്നാണ് നിക്കിന്‍റെ വാക്കുകള്‍. അതിനുള്ള കാരണവും നിക്ക് ടര്‍ലി വ്യക്തമാക്കുന്നുണ്ട്.

വിവരങ്ങള്‍ അറിയാനുള്ള ഒന്നാം സോഴ്‌സായി ചാറ്റ്‌ജിപിടി ഇതുവരെ പക്വത കൈവരിച്ചിട്ടില്ലെന്ന് ചാറ്റ്‌ബോട്ടിന്‍റെ തലവനായ നിക്ക് ടര്‍ലി, ദി വേര്‍ജിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചാറ്റ്‌ജിപിടിയെ രണ്ടാം സോഴ്‌സായി മാത്രമേ പരിഗണിക്കാവൂ എന്ന് നിക് അഭ്യര്‍ഥിച്ചു. സാങ്കേതികമായി ജിപിടി-5 വലിയ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇപ്പോഴും ചാറ്റ്‌ബോട്ടിലെ ചില ഫലങ്ങള്‍ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് അദേഹം സമ്മതിക്കുന്നു. തെറ്റായ വിവരങ്ങള്‍ ഇപ്പോഴും ചാറ്റ്‌ബോട്ടിന്‍റെ മിഥ്യാധാരണയില്‍ നിന്ന് സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നും നിക് വ്യക്തമാക്കി. ഇത്തരം പിഴവുകള്‍ ചാറ്റ്‌ജിപിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐ പരിഹരിച്ചുവരികയാണ്. ഏറെ പോരായ്‌മകള്‍ കുറച്ചുകൊണ്ടുവന്നു. എങ്കിലും ഇപ്പോഴും ഏകദേശം 10 ശതമാനത്തോളം തെറ്റായ പ്രതികരണങ്ങള്‍ ചാറ്റ്‌ജിപിടിയില്‍ കാണാം. ഒരു ചാറ്റ്‌ബോട്ടിലെ ഫലങ്ങളില്‍ 100 ശതമാനം കൃത്യത കൈവരിക്കുക വലിയ ഹിമാലയന്‍ ടാസ്‌കാണെന്നും നിക്ക് ടര്‍ലി പറഞ്ഞു.

'മനുഷ്യന്‍മാരേക്കാള്‍ വൈദഗ്ധ്യമുണ്ട് എന്ന് തെളിയും വരെ, ചാറ്റ്‌ജിപിടി ഫലങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ഥിക്കുകയാണ്. ചാറ്റ്‌ജിപിടിയെ സത്യസന്ധമായ വിവരങ്ങള്‍ അറിയാനുള്ള രണ്ടാം സോഴ്‌സായി മാത്രമേ ഇപ്പോള്‍ പരിഗണിക്കാവൂ'- എന്നുമാണ് നിക്ക് ടര്‍ലിയുടെ വാക്കുകള്‍.

ഓഗസ്റ്റ് ആദ്യമായിരുന്നു ഓപ്പണ്‍ എഐ അവരുടെ ഏറ്റവും പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ചാറ്റ്‌ജിപിടി അവതരിപ്പിച്ചത്. കൃത്യത, വേഗത, യുക്തി, സന്ദര്‍ഭം തിരിച്ചറിയാനുള്ള ശേഷി, ഘടനാപരമായ ചിന്ത, പ്രശ്‌നപരിഹാരം എന്നിവയില്‍ മുമ്പുള്ള എന്തിനേക്കാളും മികച്ചത് എന്ന അവകാശവാദത്തോടെയാണ് ഓപ്പണ്‍എഐ പുതിയ മോഡല്‍ പുറത്തിറക്കിയത്. ജിപിടി-3 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയോട് സംസാരിക്കുന്നത് പോലെയാണെങ്കില്‍ ജിപിടി-4 കോളേജ് വിദ്യാര്‍ഥിയോട് സംസാരിക്കുന്നതു പോലെയാണ്. എന്നാല്‍ ജിപിടി-5 പിഎച്ച്ഡി തലത്തിലുള്ള വിദഗ്‌ധനുമായി സംസാരിക്കുന്നതു പോലെയായിരിക്കും അനുഭവം എന്നും ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ അവകാശപ്പെട്ടിരുന്നു. ജിപിടി-5 ഒരു മേഖലയിലെ വിദഗ്‌ധനെ പോലെ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് എന്നായിരുന്നു വാദം.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്