
ഷാങ്ഹായ്: വഴക്കമുള്ളതും ഒരു മുടിനാരിനോളം മാത്രം വലിപ്പമുള്ളതുമായ ഫൈബർ ചിപ്പുകൾ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഈ കണ്ടുപിടുത്തത്തെ കുറിച്ച് പിയർ-റിവ്യൂഡ് ജേണലായ നേച്ചര്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാങ്ഹായിലുള്ള ഫുഡാൻ സർവകലാശാലയിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ അംഗമായ പെങ് ഹുയിഷെങ്ങാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഭാവിയിൽ വലിയ സ്‌മാർട്ട്‌ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ആവശ്യകത ഇല്ലാതാക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്‍റെ റിപ്പോർട്ട്.
ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് "ഫൈബർ ഇന്റഗ്രേറ്റഡ് സർക്യൂട്ട്" (FIC) എന്ന് പേരിട്ടിരിക്കുന്നു. കമ്പ്യൂട്ടർ ചിപ്പുകൾ സാധാരണയായി വളയ്ക്കാൻ കഴിയാത്തതും കട്ടിയുള്ളതും ചതുരാകൃതിയിലുള്ളതുമായ പ്ലേറ്റുകളിലാണ് നിർമ്മിക്കുന്നത്. എന്നാൽ ഏത് വിധത്തിലും വളയ്ക്കാൻ കഴിയുന്ന ഒരു വഴക്കമുള്ള അടിത്തറയിലാണ് ചൈനീസ് ശാസ്ത്രജ്ഞർ ഈ പുതിയ സർക്യൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഫൈബര്‍ ചിപ്പ് മനുഷ്യന്‍റെ മുടി പോലെ നേർത്തതാണ്. അതിശയകരമെന്നു പറയട്ടെ, ഈ നൂലിന്‍റെ ഒരു സെന്‍റീമീറ്ററിൽ മാത്രം 100,000 ട്രാൻസിസ്റ്ററുകൾ അടങ്ങിയിരിക്കുന്നു. ഇതിന്‍റെ പ്രോസസിംഗ് പവർ ഒരു ആധുനിക കമ്പ്യൂട്ടറിന്‍റെ സിപിയുവിന്‍റേതിന് സമാനമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ഈ നാരുകള്‍ക്ക് അപാര ശക്തി
ഈ സാങ്കേതികവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്‍റെ കരുത്താണ്. വളരെ സൂക്ഷ്മമാണെങ്കിലും ഈ വഴക്കമുള്ള ഫൈബർ ചിപ്പുകൾ അവിശ്വസനീയമാംവിധം കടുപ്പമുള്ളതാണ്. പരീക്ഷണങ്ങൾക്കിടെ ശാസ്ത്രജ്ഞർ അവയെ 10,000 തവണയോളം വളച്ചു. എന്നിട്ടും അവയുടെ പ്രകടനം മാറ്റമില്ലാതെ തുടർന്നു. കൂടാതെ, ഈ ഫൈബറിനെ 30 ശതമാനം വരെ നീട്ടാനും 180 ഡിഗ്രി തിരിക്കാനും കഴിയും. 100 ഡിഗ്രി സെൽഷ്യസ് വരെ കടുത്ത ചൂടിനെ നേരിടാനും ഈ ചിപ്പിന് കഴിയും. 15.6 ടൺ ഭാരമുള്ള ഒരു കണ്ടെയ്‌നർ ട്രക്ക് മുകളിലൂടെ ഓടിച്ചപ്പോഴും ചിപ്പ് കേടുകൂടാതെ പൂർണ്ണമായും പ്രവർത്തിച്ചുവെന്നും ഗവേഷകർ പറയുന്നു.
വസ്ത്രങ്ങളിൽ മാത്രമായി ഈ സാങ്കേതികവിദ്യയുടെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടില്ല. ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾക്ക് (ബിസിഐ) ഒരു പ്രധാന വഴിത്തിരിവായി ശാസ്ത്രജ്ഞർ ഇതിനെ കണക്കാക്കുന്നു. ഈ ത്രെഡ് മൃദുവും വഴക്കമുള്ളതുമായതിനാൽ, ശരീരത്തിനുള്ളിൽ മെഡിക്കൽ ഇംപ്ലാന്‍റുകളായി ഉപയോഗിക്കാൻ ഇത് എളുപ്പമായിരിക്കും. പാർശ്വഫലങ്ങളൊന്നുമില്ലാതെ ശരീരഭാഗങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിന് കഴിയും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam