
ബെയ്‌ജിങ്: സാങ്കേതികവും ശാസ്ത്രീയവുമായ നേട്ടങ്ങളിലൂടെ ചൈന ലോകത്തെ അമ്പരപ്പിക്കുന്നത് തുടരുന്നു. കാറ്റാടി ഊർജ്ജ സാങ്കേതികവിദ്യയിൽ ഒരു ഭീമാകാരന്‍ പട്ടം ഉപയോഗിച്ച് ചൈന നടത്തിയ പുത്തന്‍ പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ പട്ടം ചൈന വിജയകരമായി പരീക്ഷിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നർ മംഗോളിയയിലെ അൽക്‌സ ലെഫ്റ്റ് ബാനർ മേഖലയിലാണ് ഈ പരീക്ഷണം നടന്നത്. പുനരുപയോഗ ഊർജ്ജ മേഖലയിലെ ഒരു ചരിത്ര നേട്ടമായി ഇത് കണക്കാക്കപ്പെടുന്നു.
ചൈന എനർജി എഞ്ചിനീയറിംഗ് കോർപ്പറേഷനാണ് ഈ ഹൈടെക് വൈദ്യുതി സംവിധാനം വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തിനിടെ പട്ടം വായുവിൽ പൂർണ്ണമായും വികസിച്ചു. അതിന്‍റെ ദൗത്യം പൂർത്തിയാക്കുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്‌തു. വായുവിലൂടെ സഞ്ചരിക്കുന്ന കാറ്റാടി ഊർജ്ജ സംവിധാനങ്ങൾ വാണിജ്യവൽക്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ നേട്ടമെന്ന് ചൈന എനർജി എഞ്ചിനീയറിംഗ് കോർപ്പറേഷന്‍ അവകാശപ്പെടുന്നു. ഭാവിയിൽ വിദൂര പ്രദേശങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യുതി നൽകുന്നതിൽ ഈ സാങ്കേതികവിദ്യ നിർണായകമാകുമെന്നാണ് ചൈനീസ് വിദഗ്‌ധരുടെ പക്ഷം.
പരീക്ഷണത്തിനിടെ ഹീലിയം നിറച്ച ഒരു വലിയ ബലൂൺ ഉപയോഗിച്ച് പട്ടം ഏകദേശം 300 മീറ്റർ ഉയരത്തിലേക്ക് ഉയർത്തി. വായുവിൽ എത്തിയ പട്ടം വികസിച്ച് ഒരു ഗ്രൗണ്ട് ജനറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്രാക്ഷൻ കേബിളുകൾ വലിക്കാൻ തുടങ്ങി. ഈ വലിക്കൽ കാറ്റിന്‍റെ ശക്തിയെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്നു. ഭൂമിയിൽ നിന്നും വളരെയധികം ഉയരത്തിലുള്ള കാറ്റിൽ നിന്ന് പരമാവധി ഊർജ്ജം വേർതിരിച്ചെടുക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സംവിധാനം ആണിത്. പട്ടം, ട്രാക്ഷൻ കേബിളുകൾ, ഗ്രൗണ്ട് ജനറേറ്റർ എന്നീ മൂന്ന് പ്രധാന ഘടകങ്ങൾ ഈ സംവിധാനത്തിൽ അടങ്ങിയിരിക്കുന്നു.
ഭൂമിയിൽ നിന്നും ഉയർന്ന ഉയരത്തിലുള്ള കാറ്റ് സാധാരണ ഭൂനിരപ്പിൽ നിന്നുള്ള കാറ്റിനേക്കാൾ ശക്തവും കൂടുതൽ സ്ഥിരതയുള്ളതും കൂടുതൽ ഊർജ്ജ സാന്ദ്രതയുള്ളതുമാണ്. അതുകൊണ്ട് ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കാറ്റാടി സംവിധാനങ്ങൾ പരമ്പരാഗത കാറ്റാടി യന്ത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമായും സ്ഥിരതയോടെയും വൈദ്യുതി ഉത്പാദിപ്പിക്കും. ഇതാണ് പട്ടം ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ചൈന എനർജി എഞ്ചിനീയറിംഗ് കോർപ്പറേഷനെ പ്രേരിപ്പിച്ചത്.
പട്ടം അധിഷ്‍ഠിത വൈദ്യുതി സംവിധാനം ഒരു പരമ്പരാഗത കാറ്റാടിപ്പാടത്തേക്കാൾ 95 ശതമാനം കുറവ് ഭൂമി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നിർമ്മാണത്തിനുള്ള ഉരുക്കിന്‍റെ ആവശ്യകത 90 ശതമാനം കുറയ്ക്കുന്നു. ഇത് വൈദ്യുതി നിര്‍മ്മാണത്തിന് മൊത്തത്തിലുള്ള ചെലവ് ഗണ്യമായി കുറയ്ക്കുന്നു. 10 മെഗാവാട്ട് പട്ടം സംവിധാനത്തിന് ഓരോ വർഷവും ഏകദേശം 20 ദശലക്ഷം കിലോവാട്ട്-മണിക്കൂർ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഇത് ഏകദേശം 10,000 വീടുകളുടെ വാർഷിക വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്‍തമാണ് എന്നാണ് ചൈന എനർജി എഞ്ചിനീയറിംഗ് കോർപ്പറേഷന്‍ പറയുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം