കോടതി സമൻസ് ഇനി വാട്സ്ആപ്പ് വഴി വരും; നടപടിയുമായി കോർട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റി

By Web TeamFirst Published Dec 15, 2019, 12:56 PM IST
Highlights

വാട്സ്ആപ്പ്, എസ്എംഎസ്, ഇ-മെയിൽ എന്നിവ വഴിയാണ് നടപടികൾ നടത്താനാകുക. ഇതോടെ മേൽവിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമൻസ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം പരിഹരിക്കാനാവുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: സംസ്ഥാനത്ത് ഇനിമുതൽ സമൂഹമാധ്യമങ്ങൾ‌ ഉപയോ​ഗിച്ച് കോടതി നടപടികൾ അറിയിക്കാനും സമൻസ് കൈമാറാനും സാധിക്കും. സംസ്ഥാന കോർട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് തീരുമാനം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡിജിപിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരും അടങ്ങുന്നതാണ് സംസ്ഥാന കോർട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റി.

വാട്സ്ആപ്പ്, എസ്എംഎസ്, ഇ-മെയിൽ എന്നിവ വഴിയാണ് നടപടികൾ നടത്താനാകുക. ഇതോടെ മേൽവിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമൻസ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം പരിഹരിക്കാനാവുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങൾ വഴി നടപടി നടത്തുന്നതിന് ക്രിമിനൽ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സർക്കാരിനെ അറിയിക്കും.

പദ്ധതി നടപ്പിലാക്കുന്നതോടെ വാദികളുടെയും പ്രതികളുടെയും മൊബൈൽ നമ്പറും ഇനി കേസിനൊപ്പം ചേർക്കും. ഇതുകൂടാതെ, കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കാൻ ജില്ലാ കളക്ടർമാരെക്കൂടി പങ്കാളിയാക്കാനും യോ​ഗത്തിൽ തീരുമാനമായിട്ടുണ്ട്. പഴയകേസുകൾ വേഗത്തിൽ തീർപ്പാക്കാൻ എല്ലാ മാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പൊലീസ് മേധാവിയും യോഗം ചേരും. കളക്ടർമാരും ജില്ലാ പൊലീസ് മേധാവിയും യോഗത്തിന് എത്തുമെന്ന് സംസ്ഥാന സർക്കാരും ഡിജിപിയും ഉറപ്പാക്കും.

മിനിമം രണ്ടുവർഷമെങ്കിലുമായ പെറ്റിക്കേസുകളാണ് കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകയോഗം ചേർന്ന് തീർപ്പാക്കുക. രണ്ടുവർഷത്തിനിടെ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയിൽ ഹാജരാകാത്തവരുടെ വിവരങ്ങൾ ജനുവരി 31-നകം ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറാനും നിർദ്ദേശമുണ്ട്. ഹൈക്കോടതിയിലെ കണക്ക് ഒഴിച്ചാൽ കേരളത്തിൽ 12,77,325 കേസുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ 3,96,889 എണ്ണം സിവിൽ കേസും 8,80,436 ക്രിമിനൽ കേസുകളുമാണ്.  

click me!