മോട്ടോറോളയുടെ ഡിജിറ്റൽ മൊബൈൽ റേഡിയോ സാങ്കേതികവിദ്യ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതിന് ചൈനീസ് കമ്പനിയായ ഹൈറ്റെറ കമ്മ്യൂണിക്കേഷൻസിന് ഷിക്കാഗോ ഫെഡറൽ കോടതി 50 മില്യൺ ഡോളർ പിഴ ചുമത്തി. മോട്ടോറോള ജീവനക്കാരെ നിയമിച്ചാണ് കമ്പനി വ്യാപാര രഹസ്യങ്ങൾ ചോർത്തിയത്. കുറ്റം സമ്മതിച്ച കമ്പനിക്ക് പിഴയ്ക്ക് പുറമെ അഞ്ച് വർഷത്തെ പ്രൊബേഷൻ ശിക്ഷയും വിധിച്ചിട്ടുണ്ട്.
വാഷിംഗ്‌ടണ്‍: ഇല്ലിനോയിസ് ആസ്ഥാനമായുള്ള മോട്ടോറോള സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡിൽ നിന്ന് പ്രൊപ്രൈറ്ററി സാങ്കേതികവിദ്യ മോഷ്‍ടിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് ഒരു ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്ക് 50 മില്യൺ ഡോളർ പിഴ ചുമത്തി ഷിക്കാഗോ ഫെഡറൽ കോടതി. ചൈന ആസ്ഥാനമായുള്ള ഹൈറ്റെറ കമ്മ്യൂണിക്കേഷൻസിനെതിരെയാണ് നടപടി.
മോട്ടോറോള ജീവനക്കാരെ നിയമിച്ച് തട്ടിപ്പ്
ഹൈറ്റെറ കമ്മ്യൂണിക്കേഷൻസ് 2006 മുതൽ മോട്ടോറോള ജീവനക്കാരെ നിയമിക്കുകയും മോട്ടോറോളയിൽ നിന്ന് അംഗീകാരമില്ലാതെ ഉടമസ്ഥാവകാശവും വ്യാപാര രഹസ്യങ്ങളും ചോര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. മോട്ടോറോളയുടെ ഡിജിറ്റൽ മൊബൈൽ റേഡിയോ ടെക്നോളജിയുമായി ബന്ധപ്പെട്ടതാണ് മോഷ്‍ടിച്ച വിവരങ്ങൾ. ഇത് മോട്ടോറോള കമ്പനി വർഷങ്ങളായുള്ള ഗവേഷണത്തിന്‍റെയും ഡിസൈൻ പ്രവർത്തനത്തിന്‍റെയും ഫലമായി വികസിപ്പിച്ചെടുത്തതായിരുന്നു. ഹൈറ്റെറയ്‌ക്കായി ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ എഞ്ചിനീയർമാർ സോഴ്‌സ് കോഡ് ഉൾപ്പെടെയുള്ള മോഷ്‍ടിച്ച ഈ വിവരങ്ങൾ ഉപയോഗിച്ചുവെന്നും കേസിൽ ആരോപിക്കുന്നു. ഇതിനായി മോട്ടോറോള ചെലവാക്കിയതിനേക്കാൾ കുറഞ്ഞ ചിലവ് മാത്രമേ ഹെറ്ററയ്ക്ക് ആയിട്ടുള്ളൂവെന്നും ഹൈറ്ററ ഈ രീതിയിൽ 2020 വരെ മോട്ടോറോളയുമായി ഡിജിറ്റൽ റേഡിയോ വിപണിയിൽ മത്സരിച്ചു എന്നും കേസിൽ ആരോപിക്കുന്നു.
വ്യാപാര രഹസ്യങ്ങൾ മോഷ്‌ടിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇല്ലിനോയിസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിൽ കഴിഞ്ഞ വർഷം ഹൈറ്റെറ കുറ്റസമ്മതം നടത്തിയിരുന്നു. 50 മില്യൺ ഡോളർ പിഴയ്ക്ക് പുറമേ, ഹൈറ്റെറയെ യുഎസ് ജില്ലാ ജഡ്‍ജി ജോൺ ജെ താർപ്പ് ജൂനിയർ അഞ്ച് വർഷത്തെ പ്രൊബേഷൻ കാലാവധിക്ക് ശിക്ഷിച്ചു. ഹൈറ്റെറ മോട്ടോറോളയ്ക്ക് 214 മില്യൺ ഡോളർ ലാഭം നഷ്‍ടപ്പെടുത്താൻ കാരണമായതായി ജഡ്‍ജി കണ്ടെത്തി. 2021-ൽ ഹൈറ്ററ കമ്പനിയിലെ ഏഴ് ജീവനക്കാർക്കെതിരെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അവരിൽ ഗീ സിയോങ് കോ 2022-ൽ കുറ്റം സമ്മതിച്ചു. അതേസമയം, ഗീ സിയോങ് കോയ്ക്കുള്ള ശിക്ഷ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് ആറ് പ്രതികളുടെ അറസ്റ്റ് വാറന്‍റുകൾ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്.



