ജിയോ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു?

By Web DeskFirst Published Nov 8, 2016, 12:55 PM IST
Highlights

സെപ്തംബര്‍ ഒന്നിനാണ് ജിയോയുടെ പ്ലാന്‍ മുകേഷ് അംബാനി അവതരിപ്പിച്ചത്. അന്ന് സോഷ്യല്‍ മീഡിയയിലും രാജ്യമെങ്ങും വലിയ വാര്‍ത്തയായിരുന്നു അത്. ഡാറ്റയും വോയ്സ് കോളും ഫ്രീയാണ് ജിയോ വെല്‍ക്കം ഓഫറില്‍ എന്നതാണ് വലിയ ചര്‍ച്ചയ്ക്ക് ജിയോയെ വിഷയമാക്കിയത്. 

എന്നാല്‍ ഐഡിയ, ഏയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ മുന്‍നിരക്കാര്‍ക്ക് വലിയ വെല്ലുവിളിയോന്നും ജിയോ ഉയര്‍ത്തിയില്ലെന്നാണ് പുതിയ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തന്നെ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടന സിഒഎഐയുമായി വലിയ സംഘര്‍ഷത്തിലായിരുന്നു ജിയോ. ഇത് ഇവര്‍ക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍.

ജിയോ ഇന്ത്യയില്‍ 16 ദശലക്ഷം ഉപയോക്താക്കളെ സെപ്തംബറില്‍  ഉണ്ടാക്കിയെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്. എന്നാല്‍ സെപ്തംബര്‍മാസത്തില്‍ റിലയന്‍സ് അല്ലാത്ത പ്രമുഖ ഓപ്പറേറ്റര്‍മാരുടെ ഉപയോക്താക്കളുടെ വളര്‍ച്ച ഇങ്ങനെയാണ്

ഏയര്‍ടെല്‍ -  2.43 ദശലക്ഷം
ഐഡിയ -    1.91 ദശലക്ഷം
വോഡഫോണ്‍ - 5,25,279

ഈ സംഖ്യ ജിയോയ്ക്ക് മുന്‍പുള്ള ഒരു മാസത്തിലെ പുതിയ ഉപയോക്താക്കളുടെ വളര്‍ച്ചയ്ക്ക് സമം തന്നെയാണ് എന്നാണ് സിഒഎഐയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 

ഫ്രീ സര്‍വീസ് അയതിനാല്‍ ഒരു കൗതുകത്തിന് റിലയന്‍സ് ജിയോ എടുത്തവരാണ് കൂടുതല്‍ എന്നാണ് വിപണി വൃത്തങ്ങളുടെ അഭിപ്രായം. ഒപ്പം തന്നെ ഏത് തരത്തിലുള്ള ക്വാളിറ്റി ജിയോ ഉറപ്പു നല്‍കും എന്നതിനാല്‍ പലരും മുന്‍പ് ഉപയോഗിച്ച നെറ്റ്വര്‍ക്കില്‍ നിന്നും മാറുവാനും തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം റിലയന്‍സ് ജിയോയുടെ സ്പീഡും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ഹോങ്കോങ്ങ് ആസ്ഥാനമാക്കിയ സിഎല്‍എസ്എയുടെ റിപ്പോര്‍ട്ട് പ്രകാരം, റിലയന്‍സ് 4ജി ജിയോയുടെ ശരാശരി സ്പീഡ് 7.2 എംബിപിഎസ് ആണ്. മറ്റ് പ്രമുഖ നെറ്റ്വര്‍ക്കുകളുടെ 4ജി സ്പീഡ് ഈ റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെയാണ്.

ഏയര്‍ടെല്‍ - 11.5 എംബിപിഎസ്
വോഡഫോണ്‍ - 9.1 എംബിപിഎസ്
ഐഡിയ - 7.6 എംബിപിഎസ്

ഇതോടൊപ്പം തന്നെ ഡിസംബറില്‍ അവസാനിക്കുന്ന ഫ്രീ ഓഫറിന് ശേഷം എത്രപേരെ തങ്ങള്‍ക്ക് ഒപ്പം പിടിച്ച് നിര്‍ത്താന്‍ സാധിക്കും എന്നാണ് റിലയന്‍സ് ജിയോ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി എന്ന് റിപ്പോര്‍ട്ട് പറയുന്നു.

click me!