തുടക്കത്തിൽ ആമസോൺ ഫയർ ടിവിയിൽ ലഭ്യമാകുന്ന ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ഒരുമിച്ച് റീൽസ് കാണാനുള്ള അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഇൻ്റർഫേസുള്ള ഈ ആപ്പ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്.

റീൽസ് കാഴ്ചാനുഭവത്തിന് ഇൻസ്റ്റാഗ്രാം ഇപ്പോൾ പുതിയൊരു വഴിത്തിരിവ് നൽകിയിരിക്കുകയാണ്. ഇതുവരെ മൊബൈലിൽ സ്ക്രോൾ ചെയ്തിരുന്ന റീൽസ് ഉടൻ തന്നെ ടിവി സ്‌ക്രീനുകളിലും കാണാൻ കഴിയും. മെറ്റാ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം കമ്പനി റീൽസ് കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. തുടക്കത്തിൽ ആമസോൺ ഫയർ ടിവിയിൽ ലഭ്യമാകുന്ന ഈ ഫീച്ചർ ഉപയോക്താക്കളെ വലിയ സ്‌ക്രീനിൽ റീൽസ് കാണാൻ അനുവദിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻസ്റ്റാഗ്രാമിന്റെ ടിവി ആപ്പിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ കമ്പനി അത് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു. ഈ പുതിയ ആപ്പിലൂടെ, ഉപയോക്താക്കൾക്ക് വീട്ടിൽ ഇരുന്ന് ഒരുമിച്ച് റീൽസ് കാണുന്ന അനുഭവം ആസ്വദിക്കാൻ കഴിയും. ടിവികളിലേക്ക് റീലുകൾ കൊണ്ടുവരുന്നതിലൂടെ ടെലിവിഷൻ മേഖലയിൽ വലിയതോതിൽ ആധിപത്യം പുലർത്തുന്ന യൂട്യൂബിനോട് മികച്ച രീതിയിൽ മത്സരിക്കാൻ ഇൻസ്റ്റാഗ്രാമിന് കഴിയും.

പങ്കുവെച്ചുള്ള കാഴ്ചകൾ മനസ്സിൽ കണ്ടുകൊണ്ടാണ് ഇൻസ്റ്റാഗ്രാം ടിവി ആപ്പ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ റീൽസ് കാണുന്നത് കൂടുതൽ രസകരമാണെന്ന് ഉപയോക്താക്കളിൽ നിന്ന് നിരന്തരം ഫീഡ്‌ബാക്ക് ലഭിക്കുന്നുണ്ടെന്ന് ഇൻസ്റ്റാഗ്രാം പറയുന്നു. അതുകൊണ്ടാണ് വലിയ സ്‌ക്രീനിൽ റീൽസ് കാണുന്നതിനായി ടിവിക്കായി പ്രത്യേക ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ടിവി ആപ്പിന്റെ ഇന്റർഫേസ് മൊബൈൽ ആപ്പിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്. ലോഗിൻ ചെയ്ത ശേഷം, ഉപയോക്താവിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ചാനലുകളിൽ റീലുകൾ പ്രദർശിപ്പിക്കും. പുതിയ സംഗീതം, സ്‌പോർട്‌സ് ഹൈലൈറ്റുകൾ, യാത്ര, ട്രെൻഡിംഗ് നിമിഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ഫോർമാറ്റ് ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഉള്ളടക്കം കണ്ടെത്താനും പുതിയ ട്രെൻഡുകൾ അറിയാനും എളുപ്പമാക്കുമെന്ന് ഇൻസ്റ്റാഗ്രാം അവകാശപ്പെടുന്നു.

വീഡിയോ തംബ്‌നെയിലുകൾ ഹോം സ്‌ക്രീനിൽ തിരശ്ചീനമായ ഒരു ലേഔട്ടിൽ ദൃശ്യമാകും. ഏതെങ്കിലും തംബ്‌നെയിലിൽ ക്ലിക്ക് ചെയ്‌താൽ പൂർണ്ണ പോർട്രെയ്‌റ്റ് വീഡിയോ തുറക്കും. അതിൽ അടിക്കുറിപ്പുകളും മറ്റ് വിവരങ്ങളും ഉണ്ടാകും. മൊബൈൽ ഫോണിന് സമാനമായി, അടുത്ത റീൽ കാണുന്നതിന് ഒരു സ്വൈപ്പ്-അപ്പ് ഓപ്ഷൻ ഉണ്ട്. ഇത് സുഗമമായ ഉപയോക്തൃ അനുഭവവും എളുപ്പത്തിലുള്ള നാവിഗേഷനും ഉറപ്പാക്കുന്നു.

ഇൻസ്റ്റാഗ്രാം ടിവി ആപ്പിൽ ഒരേസമയം അഞ്ച് വ്യത്യസ്‍ത അക്കൗണ്ടുകൾ വരെ ചേർക്കാൻ കഴിയും. വീട്ടിലെ വ്യത്യസ്ത അംഗങ്ങൾക്ക് അവരുടെ അക്കൗണ്ടുകൾക്ക് അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉള്ളടക്കം കാണാൻ ഇത് അനുവദിക്കുമെന്ന് കമ്പനി പറയുന്നു. ഉപയോക്താക്കൾക്ക് ടിവിക്കായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാനും കഴിയും. കൂടാതെ, കണ്ടൻറ് ക്രിയേറ്റേഴ്സിനെ കണ്ടെത്തുന്നതിനും പ്രൊഫൈലുകൾ ബ്രൗസ് ചെയ്യുന്നതിനോ ഉള്ള ഒരു സെർച്ചിംഗ് ഓപ്ഷനും ആപ്പിൽ ഉണ്ടായിരിക്കും.

ഈ ആപ്പ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. യുഎസിലെ ആമസോൺ ഫയർ ടിവി ഉപകരണങ്ങൾക്കായി ഒരു പൈലറ്റ് പ്രോഗ്രാമായി ഇത് ലഭ്യമാണ്. പ്രാരംഭ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉപകരണങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ഇൻസ്റ്റാഗ്രാം പറയുന്നു. ടിവി ആപ്പിനായുള്ള പുതിയ സവിശേഷതകളിലും കമ്പനി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അതിൽ നിങ്ങളുടെ ഫോൺ റിമോട്ടായി ഉപയോഗിക്കുക, സുഹൃത്തുക്കളുമായി ഫീഡുകൾ പങ്കിടുക തുടങ്ങിയ ഓപ്ഷനുകൾ ഉൾപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ടുകൾ.