ദില്ലിയിലെ യുവാവിന് യൂബര്‍ ജോലി നല്‍കി; ശമ്പളം ഒന്നേകാല്‍ കോടി രൂപ

By Web DeskFirst Published Feb 17, 2017, 2:02 PM IST
Highlights

ദില്ലി: ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ അതികായരാണ് യൂബര്‍. അടുത്തിടെ ഇന്ത്യന്‍ കാംപസുകളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ തേടി നടക്കുകയാണ് യൂബര്‍. ഏറ്റവുമൊടുവിലിതാ, ദില്ലി ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയിലെ ഒരു യുവാവിന് കാംപസ് റിക്രൂട്ട്മെന്റിലൂടെ യൂബര്‍ ജോലി നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യൂബര്‍ ജോലി നല്‍കി എന്നതല്ല വാര്‍ത്ത, മറിച്ച് അവര്‍ വാഗ്ദ്ധാനം ചെയ്‌ത ശമ്പളമാണ് ഏവരെയും ഞ‌െട്ടിച്ചത്. സിദ്ദാര്‍ത്ഥ് എന്ന കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയ്‌ക്ക് യൂബര്‍ വാഗ്ദ്ധാനം ചെയ്‌തിരിക്കുന്നത് പ്രതിവര്‍ഷം ഒന്നേകാല്‍ കോടി രൂപയാണ്. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശമ്പളമാണിത്. യൂബറിന്റെ അമേരിക്കയിലെ ഓഫീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായാണ് സിദ്ദാര്‍ത്ഥിന് ജോലി വാഗ്ദ്ധാനം ലഭിച്ചിരിക്കുന്നത്. ജോലി വാഗ്ദ്ധാനം സ്വീകരിച്ച സിദ്ദാര്‍ത്ഥ് ഉടന്‍ അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ശമ്പളത്തോടെ വിദേശ കമ്പനിയില്‍നിന്ന് ജോലി ലഭിക്കുന്നത് ഇതാദ്യമായല്ല. മുമ്പൊരിക്കല്‍ വമ്പന്‍ ശമ്പളത്തോടുകൂടിയുള്ള കാംപസ് റിക്രൂട്ട്മെന്റ് വാര്‍ത്തയായിരുന്നു. 2015ല്‍ ടെക് ലോകത്തെ അതികായരായ ഗൂഗിളാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 1.27 കോടി രൂപ നല്‍കിയത്. ഒരു ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥിക്ക് കാംപസ് റിക്രൂട്ട്മെന്റിലൂടെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളവും ഇതാണ്.

click me!