
കോപ്പൻഹേഗൻ: 15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെൻമാർക്ക് സർക്കാർ പദ്ധതിയിടുന്നു. സോഷ്യൽ മീഡിയയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായിട്ടാണ് ഡാനിഷ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഡാനിഷ് സർക്കാർ പ്രഖ്യാപിച്ചു. കുട്ടികളെ ഓൺലൈനിൽ സംരക്ഷിക്കുന്നതിനായി യൂറോപ്പിൽ സ്വീകരിച്ച ഏറ്റവും വലിയ നടപടികളിൽ ഒന്നായി ഈ നീക്കം കണക്കാക്കപ്പെടുന്നു.
13 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കാമെന്ന് സർക്കാർ പ്രസ്‌താവിച്ചു. 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിന്നാലെയാണ് ഡെന്മാർക്കിന്‍റെ ഈ നീക്കവും. ടിക് ടോക്, ഫേസ്ബുക്ക്, സ്‌നാപ്‌ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ കമ്പനികൾക്ക് 50 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും.
ദോഷകരമായ ഉള്ളടക്കവും വാണിജ്യ താൽപ്പര്യങ്ങളും അവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു ഡിജിറ്റൽ അന്തരീക്ഷത്തിൽ കുട്ടികളെ ഒറ്റയ്ക്ക് വിടാൻ ഞങ്ങൾക്ക് കഴിയില്ല എന്ന് ഡെൻമാർക്ക് ഡിജിറ്റലൈസേഷൻ മന്ത്രാലയം പറഞ്ഞു. നിരന്തരമായ സ്‌ക്രീൻ സമയം കുട്ടികളുടെ ഉറക്കം, ഏകാഗ്രത, മാനസിക സമാധാനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഡെൻമാർക്കിൽ കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ സ്‌നാപ്‍ചാറ്റ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവ ഉൾപ്പെടുന്നുവെന്ന് സർക്കാർ അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ഡാനിഷ് കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ അതോറിറ്റി നടത്തിയ വിശകലനം അനുസരിച്ച് രാജ്യത്തെ യുവജനങ്ങൾ എല്ലാ ദിവസവും ശരാശരി രണ്ട് മണിക്കൂറും 40 മിനിറ്റും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam