
ദില്ലി: 2024 ഒക്ടോബറിൽ രാജ്യത്ത് അവതരിപ്പിച്ച അഗ്നി 3 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ പിൻഗാമിയായി നവംബർ 20-ന് ലാവ അഗ്നി 4 ഇന്ത്യയിൽ എത്തും. വരാനിരിക്കുന്ന അഗ്നി 4 മോഡലിൽ മുൻഗാമിയുടെ പ്ലാസ്റ്റിക് ബിൽഡിന് പകരമായി ഒരു പ്രീമിയം അലുമിനിയം ഫ്രെയിം ഉണ്ടായിരിക്കും. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, സ്ലീക്ക് ഗ്ലാസ് ബാക്ക്, ആപ്പിളിന്‍റെ ക്യാമറ കൺട്രോൾ ബട്ടണിന് സമാനമായി പ്രവർത്തിക്കുന്ന ഒരു പുതിയ സൈഡ് ബട്ടൺ എന്നിവയും ഇതിലുണ്ടാകും. ലോഞ്ചിന് മുന്നോടിയായി, ഹാൻഡ്‌സെറ്റിന്‍റെ ചില പ്രധാന സവിശേഷതകൾ, അതിന്‍റെ ബാറ്ററി ശേഷി, ചാർജിംഗ് വേഗത, ചിപ്‌സെറ്റ് വിശദാംശങ്ങൾ എന്നിവ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.
ലാവ അഗ്നി 4-ൽ 5,000 എംഎഎച്ച് ബാറ്ററി സജ്ജീകരിക്കുമെന്ന് ടിപ്‌സ്റ്ററായ ഡെബയാൻ റോയ് ഒരു എക്‌സ് പോസ്റ്റിൽ അവകാശപ്പെട്ടു. ഹാൻഡ്‌സെറ്റ് 66 വാട‌്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു. ലാവ അഗ്നി 4-ൽ മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റും LPDDR5x റാമും യുഎഫ്‌സ് 4 ഓൺബോർഡ് സ്റ്റോറേജും ഉണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഒപ്റ്റിക്‌സിനായി, ലാവ അഗ്നി 4-ന് റിയര്‍ ഭാഗത്ത് 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും സെക്കൻഡറി അൾട്രാവൈഡ് ഷൂട്ടറും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന ഫോണിൽ ഒരു ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കുമെന്നും ഇത് ആപ്പിളിന്‍റെ ക്യാമറ നിയന്ത്രണ ബട്ടണായി പ്രവർത്തിക്കുമെന്നും ടിപ്സ്റ്റർ ഡെബയാൻ റോയ് പറയുന്നു.
ലാവ അഗ്നി 4-ന് ഫ്ലാറ്റ് 1.5കെ ഒഎൽഇഡി ഡിസ്‌പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌മാർട്ട്‌ഫോണിൽ അലുമിനിയം മിഡിൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലും ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ലാവ അഗ്നി 4-ന് ഇന്ത്യയിൽ 30,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് സൂചന. ഈ ഹാൻഡ്‌സെറ്റ് ഒരു സീറോ ബ്ലോട്ട്‌വെയർ അനുഭവം നൽകുമെന്നും ഉടമകൾക്ക് സൗജന്യ ഹോം റീപ്ലേസ്‌മെന്‍റ് സേവനം വാഗ്‌ദാനം ചെയ്യുമെന്നും അവകാശപ്പെടുന്നു.
അതേസമയം, നിലവിലുള്ള ലാവ അഗ്നി 3 8 ജിബി+128 ജിബി ഓപ്ഷന്‍ 20,999 രൂപ വിലയുള്ളതാണ്, 6.78-ഇഞ്ച് 1.5കെ അമേലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1.74-ഇഞ്ച് റിയർ ടച്ച് പാനലും ഇതിൽ ഉൾപ്പെടുന്നു. 4എന്‍എം മീഡിയടെക് ഡൈമെൻസിറ്റി 7300എക്‌സ് ചിപ്പിൽ പ്രവർത്തിക്കുന്ന ലാവ അഗ്നി 3 സ്‍മാർട്ട്ഫോൺ 50-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 16-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 66 വാട്‌സ് ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവ വാഗ്‌ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam