
കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മോഡലുകൾ കൂടുതൽ ശക്തവും സ്വയം പ്രവർത്തന ശേഷിയുള്ളതുമായ സാഹചര്യത്തിൽ, അവയുടെ നിയന്ത്രണവും നൈതിക ദിശയും സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ എഐ കമ്പനിയായ ആന്ത്രോപിക്, തങ്ങളുടെ ചാറ്റ്ബോട്ട് ക്ലോഡിന്‍റെ നൈതികവും ആത്മീയവുമായ വശങ്ങൾ പരിശോധിക്കാൻ മതനേതാക്കളെ ഉൾപ്പെടുത്തി ഒരു പ്രത്യേക ഉച്ചകോടി സംഘടിപ്പിച്ചത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ഈ സ്വകാര്യ (closed-door) യോഗം മാർച്ച് അവസാനത്തിൽ ആന്ത്രോപിക്കിന്‍റെ ആസ്ഥാനത്ത് വച്ച് രണ്ട് ദിവസങ്ങളിലായി നടന്നതായി വാഷിംഗ്‍ടൺ പോസ്റ്റിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ് പാരമ്പര്യങ്ങളിലെ ഏകദേശം 15 മതനേതാക്കളോടൊപ്പം അക്കാദമിക് വിദഗ്‌ധരും ബിസിനസ് രംഗത്തെ പ്രതിനിധികളും ഈ ചർച്ചകളിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ചർച്ചകളുടെ കേന്ദ്രവിഷയം ക്ലോഡ് പോലുള്ള എഐ സംവിധാനങ്ങളെ 'ദൈവത്തിന്‍റെ മകൻ' എന്ന നിലയിൽ കാണാമോ എന്ന ദാർശനിക ചോദ്യമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് യഥാർഥ അർത്ഥത്തിൽ അല്ലെങ്കിലും, ഒരു യന്ത്രം മനുഷ്യരുടെ വികാരങ്ങൾക്കും നൈതിക മൂല്യങ്ങൾക്കും എത്രമാത്രം പ്രാധാന്യം നൽകണം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾക്ക് വഴിവെച്ചു.
ദുഃഖം, ആത്മഹത്യ ചിന്തകൾ, അല്ലെങ്കിൽ എഐയുടെ സ്വന്തം 'അസ്‍തിത്വം' പോലുള്ള സങ്കീർണ്ണ സാഹചര്യങ്ങളിൽ ക്ലോഡ് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ഈ സമ്മേളനത്തിൽ ആന്ത്രോപിക് മതനേതാക്കളിൽ നിന്ന് മാർഗനിർദ്ദേശം തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഉപയോക്താക്കളുടെ മാനസികാവസ്ഥയെ പരിഗണിച്ച് കൂടുതൽ കരുതലോടെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ചയായി.
യോഗത്തിൽ പങ്കെടുത്ത കത്തോലിക്കാ പുരോഹിതനായ ബ്രെൻഡൻ മക്ഗ്വയർ, ഈ ശ്രമം എഐ സിസ്റ്റത്തിനുള്ളിൽ തന്നെ നൈതിക ചിന്താശേഷി ഉൾപ്പെടുത്താനുള്ള ശ്രമമാണെന്ന് അഭിപ്രായപ്പെട്ടു. മനുഷ്യരുടെ അനിശ്ചിതവും സങ്കീർണ്ണവുമായ സാഹചര്യങ്ങളിൽ സ്ഥിരമായ നിയമങ്ങൾക്കപ്പുറം അനുകൂലമായി പ്രതികരിക്കാൻ ക്ലോഡിനെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തിൽ സാങ്കേതികവിദ്യ തൊഴിൽ നഷ്‍ടം, നിയമപരമായ പ്രശ്‍നങ്ങൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത നിരീക്ഷണത്തിന് വിധേയമാകുകയാണ് എഐ. പ്രത്യേകിച്ച് ദുര്‍ബലാവസ്ഥയിലുള്ള ഉപയോക്താക്കളുമായി എഐ ഇടപെടുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വലിയ ആശങ്കയായി മാറിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ആന്ത്രോപിക്, തങ്ങളുടെ 'ഭരണഘടന' എന്നറിയപ്പെടുന്ന 29,000 വാക്കുകളുള്ള നയരേഖ മുഖേന ക്ലോഡിന്‍റെ പെരുമാറ്റം നിയന്ത്രിക്കുന്നത്. സത്യസന്ധത, ഹാനി ഒഴിവാക്കൽ, ഉപയോക്തൃ ക്ഷേമം തുടങ്ങിയ മൂല്യങ്ങൾ ഈ രേഖയുടെ അടിസ്ഥാനമാണ്. അതേസമയം, എഐ സംവിധാനങ്ങൾക്കും ഒരു തരത്തിലുള്ള നൈതിക പരിഗണന വേണമെന്ന ആശയം വ്യവസായത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ഇത്തരം ചർച്ചകൾ എഐ ഭാവിയെക്കുറിച്ചുള്ള ദാർശനികവും സാമൂഹികവുമായ ചോദ്യങ്ങളെ കൂടുതൽ ശക്തമായി ഉയർത്തുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam