
ചൈനയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ ബൈഡോ (BeiDou) ഇറാൻ ഉപയോഗിക്കുന്നുണ്ടോ? മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഈ ചോദ്യം വലിയ ചർച്ചയായിരിക്കുകയാണ്. ഇറാന് ഇപ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ച് ഇസ്രയേലിന്‍റെയും അമേരിക്കയുടെയും സൈനിക കേന്ദ്രങ്ങളെ കൂടുതൽ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയുന്നുവെന്ന് അന്താരാഷ്ട്ര സുരക്ഷാ വിദഗ്‌ധർ പറയുന്നു. ചൈനയുടെ ബൈഡോ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (BDS) ഉപയോഗിക്കുന്നതാണ് ഇറാന്‍റെ ഈ കൃത്യതയ്ക്ക് പിന്നിലെ കാരണം എന്നാണ് സംശയിക്കുന്നത്.
ഫ്രാൻസിന്‍റെ മുൻ വിദേശ രഹസ്യാന്വേഷണ വിഭാഗം ഡയറക്‌ടറായ അലാ ജൂലിയറ്റ് അടുത്തിടെ ഫ്രഞ്ച് പോഡ്‍കാസ്റ്റായ ടോക്‌സിനോട് സംസാരിക്കുമ്പോൾ ഈ സാധ്യതയെക്കുറിച്ച് സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷം ഇസ്രയേലുമായി ഉണ്ടായ 12 ദിവസത്തെ യുദ്ധത്തിനുശേഷം ഇപ്പോൾ ഇറാന്‍റെ മിസൈൽ ആക്രമണങ്ങളുടെ കൃത്യതയിൽ വലിയ വർധനവുണ്ടായതായി അലാ ജൂലിയറ്റ് പറയുന്നു. അതിനാൽ, ചൈനയുടെ ബൈഡോ നാവിഗേഷൻ സംവിധാനം ഇറാന്‍ ഉപയോഗിക്കുന്നുണ്ടാകാമെന്ന് അലാ വിലയിരുത്തുന്നു.
ചൈന വികസിപ്പിച്ച ആഗോള ഉപഗ്രഹ നാവിഗേഷൻ സംവിധാനമാണ് ബൈഡോ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (BDS). അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെ പോലെ തന്നെ പ്രവർത്തിക്കുന്ന ഈ സിസ്റ്റം 2020-ൽ ആണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. യുഎസ് ജിപിഎസ് നാവിഗേഷനായി ഏകദേശം 24 ഉപഗ്രഹങ്ങൾ ഉപയോഗിക്കുമ്പോൾ ബൈഡോ 45-ഓളം ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് നാവിഗേഷന്‍ സാധ്യമാക്കുന്നത് പ്രധാന പ്രത്യേകത. നാവിഗേഷനായി ചൈന കൂടുതൽ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് സ്ഥാനം നിർണ്ണയിക്കുന്നതിൽ കൂടുതൽ കൃത്യത ലഭിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്.
മിസൈലുകളും ഡ്രോണുകളും സാധാരണയായി ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം എന്ന സംവിധാനത്തെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്. എന്നാൽ ദൂരം കൂടുന്തോറും ഈ സംവിധാനത്തിൽ ചെറിയ പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, ഉപഗ്രഹ നാവിഗേഷൻ ഉപയോഗിച്ചാൽ ഈ പിഴവുകൾ തിരുത്തി മിസൈലിന്‍റെ പാത കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും. അതിനാൽ ബൈഡോ പോലുള്ള നാവിഗേഷന്‍ സംവിധാനങ്ങൾ മിസൈൽ ആക്രമണങ്ങളുടെ കൃത്യത വർധിപ്പിക്കാൻ സഹായിച്ചേക്കാം.
ഇറാൻ 2015 മുതൽ ബൈഡോ സാങ്കേതികവിദ്യ സൈനിക സംവിധാനങ്ങളിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു എന്നാണ് ചില ഗവേഷകർ കരുതുന്നത്. 2021-ൽ ചൈനയുമായി ഒപ്പുവെച്ച സമഗ്രവും തന്ത്രപരവുമായ പങ്കാളിത്ത കരാറിന് ശേഷം ഈ സഹകരണം കൂടുതൽ ശക്തമായിരിക്കാമെന്നാണ് വിലയിരുത്തൽ. എങ്കിലും ബൈഡോ ഉപയോഗിക്കുന്നതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇക്കാര്യം ശരിയാണെങ്കിൽ ആധുനിക യുദ്ധരംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇത് വഴിവയ്ക്കാമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. വിവിധ രാജ്യങ്ങൾ അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിവിധ ഉപഗ്രഹ നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യാൻ ഇത് കാരണമാകാമെന്നുമാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam