ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

Published : Aug 16, 2025, 09:15 AM IST
Whatsapp

Synopsis

ഓഫീസ് ഡിവൈസുകളിൽ നിന്നും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ഉള്‍പ്പടെ ചോരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും നിങ്ങളുടെ സ്വകാര്യ ചാറ്റുകളും ഫയലുകളും ആക്‌സസ് ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും അങ്ങനെ ചെയ്യുന്നത് തൊഴിലുടമയ്ക്ക് മുന്നിൽ നിങ്ങളുടെ സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) മുന്നറിയിപ്പ് നൽകുന്നു.

ഓഫീസ് ഡിവൈസുകളിൽ നിന്നും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ, ഫയലുകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സർക്കാർ മുന്നറിയിപ്പ് പറയുന്നു. അതായത്, വാട്‌സ്ആപ്പ് വെബ് വഴി നിങ്ങളുടെ തൊഴിലുടമയ്‌ക്കും അഡ്‍മിനിസ്ട്രേറ്റർമാർക്കും ഐടി ടീമുകൾക്കുമൊക്കെ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിലേക്കും വ്യക്തിഗത ഫയലുകളിലേക്കും പ്രവേശനം നൽകുമെന്ന് ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇത് നിങ്ങളുടെ സ്വകാര്യതയ്ക്ക് മാത്രമല്ല, കമ്പനിയുടെ ഡാറ്റ സുരക്ഷയ്ക്കും ഭീഷണിയാകും. സ്‌ക്രീൻ മോണിറ്ററിംഗ് ടൂളുകൾ, മാൽവെയർ, ബ്രൗസർ ഹൈജാക്കിംഗ് അല്ലെങ്കിൽ ഫിഷിംഗ് ആക്രമണങ്ങൾ എന്നിവയാൽ ഈ അപകടസാധ്യത കൂടുതൽ വർധിക്കുന്നു.

കോർപ്പറേറ്റ് ഉപകരണങ്ങളിൽ മെസേജിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകൾ കേന്ദ്ര സർക്കാരിന്‍റെ ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം എടുത്തുകാണിക്കുന്നു. ജോലിസ്ഥലങ്ങളിൽ വർധിച്ചുവരുന്ന സൈബർ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിപ്പ്. ഐഎസ്ഇഎയുടെ കണക്കനുസരിച്ച്, നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ വാട്‌സ്ആപ്പ് വെബിനെ ഒരു സുരക്ഷാ അപകടസാധ്യതയായി കാണുന്നു. മാൽവെയറിനും ഫിഷിംഗ് ആക്രമണങ്ങൾക്കുമുള്ള ഒരു കവാടമാണിതെന്നും ഇത് മുഴുവൻ നെറ്റ്‌വർക്കിനെയും അപകടത്തിലാക്കാമെന്നും ഐഎസ്ഇഎ വ്യക്തമാക്കുന്നു. ഓഫീസ് വൈ-ഫൈ ഉപയോഗിക്കുന്നത് പോലും കമ്പനികൾക്ക് ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് ഒരു പരിധിവരെ ആക്‌സസ് നൽകുമെന്നും ഇത് സ്വകാര്യ ഡാറ്റയെ അപകടത്തിലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഇനി ഓഫീസ് ഡെസ്‍ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ വാട്‌സ്ആപ്പ് ഉപയോഗിക്കേണ്ടി വന്നാൽ എന്തുചെയ്യണം? അങ്ങനെ നിർബന്ധിതമായി ഓഫീസ് സിസ്റ്റങ്ങളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വരുന്നവർക്കായി ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) നിരവധി മുൻകരുതലുകൾ ശുപാർശ ചെയ്യുന്നു:

1. നിങ്ങളുടെ ഓഫീസ് ടേബിളിൽ നിന്ന് പുറത്തുപോകുന്നതിന് വാട്‌സ്ആപ്പ് വെബിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക

2. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴും അറ്റാച്ചുമെന്‍റുകൾ തുറക്കുമ്പോഴും ജാഗ്രത പാലിക്കുക.

3. ജോലിക്കായി വ്യക്തിഗത ആപ്ലിക്കേഷനുകളും ഉപകരണങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ കമ്പനിയുടെ പോളിസികളെ കുറിച്ച് അറിഞ്ഞിരിക്കുക.

4. സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്‌ത ആന്‍റിവൈറസും സുരക്ഷാ ടൂളുകളും ഉപയോഗിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍