ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കെതിരെ ഇഡി നീക്കം, വ്യാപക റെയ്‌ഡ്; അൽഗോരിതത്തില്‍ കൃത്രിമമെന്ന് പരാതികള്‍

Published : Nov 19, 2025, 11:58 AM IST
gameskraft and winzo

Synopsis

ബെംഗളൂരുവും ദില്ലിയും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ രണ്ട് ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്. വിൻസോയിലും, ഗെയിംസ്‍‌ക്രാഫ്റ്റിലും ഇഡി റെയ്‌ഡ് നടത്തിയത് ഗെയിമര്‍മാരുടെ പരാതികളെ തുടര്‍ന്ന്.

ദില്ലി: രണ്ട് പ്രമുഖ ഓൺലൈൻ ഗെയിമിംഗ് കമ്പനികളായ വിൻസോ (WinZO), ഗെയിംസ്‍‌ക്രാഫ്റ്റ് (Gameskraft) എന്നിവയ്ക്കെതിരെ ശക്തമായ നടപടി ആരംഭിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED). ഗെയിമർമാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അൽഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് ബെംഗളൂരുവും ദില്ലിയും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ രണ്ട് ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയതെന്ന് മണികണ്‍‌ട്രോള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഈ രണ്ട് കമ്പനികളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അഞ്ച്, ദില്ലിയിൽ നാല്, ഗുരുഗ്രാമിൽ രണ്ട് എന്നിവയുൾപ്പെടെ ആകെ 11 സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി റെയ്‌ഡ് നടത്തി.

ഇഡിയുടെ വ്യാപക പരിശോധന

വിന്‍സോയുടെയും ഗെയിംസ്‍‌ക്രാഫ്റ്റിന്‍റെയും കോർപ്പറേറ്റ് ഓഫീസുകളിലും അവയുടെ സിഇഒമാർ, സിഎഫ്ഒമാർ എന്നിവരുടെ വസതികളിലും ഇഡി സംഘങ്ങൾ പരിശോധന നടത്തി എന്നാണ് റിപ്പോർട്ടുകൾ. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ബെംഗളൂരു സോണൽ ഓഫീസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കളിക്കാർക്ക് കൂടുതൽ നഷ്‍ടം വരുത്തുന്നതിനായി ഈ ഗെയിമിംഗ് ആപ്പുകളുടെ അൽഗോരിതങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇരകൾ സമർപ്പിച്ച പരാതികളിൽ അവകാശപ്പെടുന്നു. ഉപയോക്താക്കളെ നിരന്തരം പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഗെയിംപ്ലേ സിസ്റ്റം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും പരാതിക്കാർ ആരോപിക്കുന്നു.

ക്രിപ്‌റ്റോ വാലറ്റ് ആരോപണവും 

വിൻസോ, ഗെയിംസ്‍ ക്രാഫ്റ്റ് എന്നീ രണ്ട് കമ്പനികളുടെ പ്രൊമോട്ടർമാർ ക്രിപ്‌റ്റോ വാലറ്റുകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഈ റെയ്‌ഡുകളിൽ ഇഡി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ക്രിപ്‌റ്റോ കറൻസികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടാകാമെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് അന്വേഷണ ഏജൻസി ഇപ്പോൾ കൂടുതൽ അന്വേഷിച്ചുവരികയാണ്. ആപ്പുകളുടെ ഡിജിറ്റൽ ആസ്‍തികൾ, ഫണ്ട് ഫ്ലോകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഇഡി നിലവിൽ അന്വേഷണം നടത്തിവരികയാണ്. ആരോപിക്കപ്പെടുന്ന അൽഗോരിതമിക് കൃത്രിമത്വവും ക്രിപ്‌റ്റോ ഇടപാടുകളും ഒരു വലിയ വഞ്ചനാപരമായ ശൃംഖലയുടെ ഭാഗമാണോ എന്ന് കണ്ടെത്താനും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ശ്രമിക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

മാട്രിമോണിയൽ സൈറ്റില്‍ കണ്ടയാള്‍ ചതിച്ചു! വിവാഹ വാഗ്‍ദാനം നൽകി യുവാവിൽ നിന്നും തട്ടിയത് 49 ലക്ഷം
കേരളത്തിലെ തിയറ്റര്‍ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍! സിസിടിവി വീഡിയോകള്‍ എങ്ങനെ ചോരുന്നു, എങ്ങനെ തടയാം?