
എഐ സൂപ്പർ ഇന്‍റലിജൻസ് എന്ന ആശയത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ് എഐയുടെ സിഇഒ മുസ്‍തഫ സുലൈമാൻ. മനുഷ്യനേക്കാള്‍ സ്‌മാര്‍ട്ടായ എഐ സംവിധാനങ്ങള്‍ സൃഷ്‌ടിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറം കാര്യങ്ങള്‍ എത്തിച്ചേക്കാം എന്ന് മുസ്‍തഫ സുലൈമാൻ ഭയപ്പെടുന്നു. എഐ സൂപ്പർ ഇന്‍റലിജൻസ് മനുഷ്യരാശിക്ക് അപകടകരമായ സാഹചര്യം സൃഷ്‌ടിച്ചേക്കാമെന്നും, അതിനാൽ അത് ലോകം പിന്തുടരാൻ പാടില്ലാത്ത ലക്ഷ്യമാണെന്നും മുസ്‍തഫ സുലൈമാൻ പറയുന്നു. അതിനാല്‍ എഐ സൂപ്പര്‍ ഇന്‍റലിജന്‍സിനെ നിയന്ത്രിക്കുകയോ മാനുഷിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാക്കി മാറ്റുകയോ വേണമെന്ന് മുസ്‍തഫ സുലൈമാൻ സിലിക്കൺ വാലി ഗേൾ പോഡ്‌കാസ്റ്റിൽ പറഞ്ഞു.
ഭാവിയെക്കുറിച്ച് എഐ സൂപ്പർ ഇന്‍റലിജൻസ് ഒരു പോസിറ്റീവ് ചിത്രം നൽകുന്നില്ലെന്ന് മുസ്‍തഫ സുലൈമാൻ വ്യക്തമാക്കി. അദേഹത്തിന്‍റെ അഭിപ്രായത്തിൽ, മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന തരത്തിൽ യന്ത്രങ്ങൾക്ക് സ്വയംഭരണാധികാരം ലഭിച്ചാൽ, അത്തരമൊരു സാഹചര്യം നിയന്ത്രിക്കുന്നത് മിക്കവാറും അസാധ്യമായിരിക്കും. അതിനാൽ, സ്വന്തം ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും സ്വന്തമായി പരിണമിക്കുകയും ചെയ്യുന്ന എഐ നമ്മൾ സൃഷ്‍ടക്കരുതെന്നും മുസ്‍തഫ സുലൈമാൻ പറഞ്ഞു.
എജിഐ (ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ്), സൂപ്പർ ഇന്‍റലിജൻസ് എന്നീ പദങ്ങൾ പലപ്പോഴും പരസ്‌പരം മാറിമാറി ഉപയോഗിക്കാറുണ്ടെന്ന് സുലൈമാൻ സമ്മതിച്ചു. പക്ഷേ എജിഐക്ക് മുമ്പ് ഒരു പടിയുണ്ടെന്നും ലളിതമായി പറഞ്ഞാൽ, സൂപ്പർ ഇന്‍റലിജൻസിന് മുമ്പുള്ള പടിയായി നിങ്ങൾക്ക് എജിഐയെ കണക്കാക്കാം എന്നും അദേഹം പറയുന്നു. സൂപ്പർ ഇന്‍റലിജൻസിൽ അപകടസാധ്യതകൾ ഉണ്ടെങ്കിലും മാനവിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന എഐ മൈക്രോസോഫ്റ്റ് നിർമ്മിക്കുന്നുണ്ടെന്നും മുസ്‍തഫ സുലൈമാൻ പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എജിഐ നേടാനാകുമെന്ന ഗൂഗിൾ ഡീപ്പ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസിന്‍റെ പ്രവചനം മുസ്‍തഫ സുലൈമാൻ ആവർത്തിച്ചു. സമ്മറി റൈറ്റിംഗ്, വിവർത്തനം, ഗവേഷണം, ഡോക്യുമെന്‍റേഷൻ, കവിത, ക്രിയേറ്റീവ് റൈറ്റിംഗ് തുടങ്ങിയ നിരവധി ജോലികളിൽ ഇന്നത്തെ എഐ മോഡലുകൾ ഇതിനകം തന്നെ മനുഷ്യന്‍റെ കഴിവുകളെ മറികടക്കുന്നുണ്ടെന്നും ഇപ്പോൾ പ്രോജക്റ്റ് മാനേജർമാർ, മാർക്കറ്റിംഗ് പ്രൊഫഷണലുകൾ അല്ലെങ്കിൽ എച്ച്ആർ മാനേജർമാർ എന്നിവരെപ്പോലെ കഴിവുള്ളവരായി മാറുന്നതിലേക്ക് നീങ്ങുകയാണെന്നും അദേഹം വിശദീകരിച്ചു. മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുമ്പ് ഗൂഗിള്‍ ഡീപ്പ് മൈൻഡിന്‍റെ സഹസ്ഥാപകൻ കൂടിയായിരുന്നു മുസ്‍തഫ സുലൈമാൻ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം