നേപ്പാള്‍ പ്രക്ഷോഭങ്ങളോട് മൗനം; ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഒറ്റയടിക്ക് നഷ്‍ടമായി നേപ്പാൾ സുന്ദരി ശൃംഖല ഖതിവാഡ

Published : Sep 11, 2025, 01:08 PM IST
Shrinkhala Khatiwada

Synopsis

നേപ്പാളിലെ 'ജൻ സി' പ്രക്ഷോഭങ്ങള്‍ക്കിടെ 'നെപ്പോ കിഡ്' ബന്ധവും പ്രതിഷേധങ്ങളോടുള്ള മൗനവുമാണ് 2018ലെ മിസ് നേപ്പാളായ ശൃംഖല ഖതിവാഡയ്‌ക്ക് വിനയായത് എന്ന് റിപ്പോര്‍ട്ടുകള്‍

കാഠ്‌മണ്ഡു: നേപ്പാളിലെ 'ജൻ സി' പ്രക്ഷോഭങ്ങള്‍ക്കിടെ മുൻ മിസ് നേപ്പാളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശൃംഖല ഖതിവാഡ (Shrinkhala Khatiwada) രൂക്ഷ വിമര്‍ശനം നേരിടുന്നു. ഈ നേപ്പാളി സുന്ദരിക്ക് ഇൻസ്റ്റഗ്രാമിൽ ഏകദേശം 100,000 ഫോളോവേഴ്‌സ് ഒറ്റയടിക്ക് നഷ്‍ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. 'നെപ്പോ കിഡ്' ബന്ധവും പ്രതിഷേധങ്ങൾക്കിടയിലെ മൗനവുമാണ് 2018ലെ മിസ് നേപ്പാളിന് വിനയായത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാളിലെ പ്രതിഷേധക്കാരെ പിന്തുണച്ച് സംസാരിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ശൃംഖല ഖതിവാഡയ്‌ക്കെതിരെ ഉയരുന്നത്.

'നെപ്പോ ബേബി' ബന്ധം

നേപ്പാളില്‍ തിങ്കളാഴ്‌ച ആരംഭിച്ച പ്രതിഷേധങ്ങൾക്ക് പെട്ടെന്നുള്ള കാരണമായത് സോഷ്യൽ മീഡിയ നിരോധനമാണെങ്കിലും, അതിനുമുമ്പ് തന്നെ സർക്കാരിനും നേപ്പാളിലെ ശക്തരായ രാഷ്ട്രീയക്കാർക്കുമെതിരെയുള്ള അതൃപ്‍തി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നേപ്പാളിലെ ചെറുപ്പക്കാർ രാജ്യത്തെ 'നെപ്പോ ബേബി'കളെ, അതായത് സമ്പന്നരും ശക്തരുമായ കുടുംബങ്ങളിലെ കുട്ടികളെ വിമർശിക്കുന്ന വീഡിയോകൾ പങ്കുവെച്ചിരുന്നു. നികുതിദായകരുടെ പണം ഉപയോഗിച്ച് ധനികരായ അവരുടെ ആഡംബര ജീവിതശൈലിയെക്കുറിച്ചുള്ള അതൃപ്‍തിയായിരുന്നു പ്രതിഷേധങ്ങളിൽ ഭൂരിഭാഗവും. അധികാരത്തിലിരിക്കുന്നതോ ഉയർന്ന സ്ഥാനങ്ങളിലിരിക്കുന്നതോ ആയ മാതാപിതാക്കൾ ഉള്ള ചെറുപ്പക്കാരോട് ജനങ്ങളുടെ രോഷം ഈ പ്രതിഷേധത്തിൽ അണപൊട്ടി. സാധാരണക്കാരുടെ നികുതി പണം ഉപയോഗിച്ച് ഈ ആളുകൾ സുഖിക്കുകയാണെന്ന് സോഷ്യൽ മീഡിയയില്‍ ആളുകള്‍ ആരോപിച്ചു.

ആരാണ് ശൃംഖല ഖതിവാഡ?

സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയയായ അത്തരത്തിലുള്ള ഒരു 'നെപ്പോ കിഡ്' ആണ് 29 വയസുകാരിയായ ശൃംഖല ഖതിവാഡ. മുൻ നേപ്പാൾ ആരോഗ്യ മന്ത്രി ബിരോദ് ഖതിവാഡയുടെ മകളാണ് ശൃംഖല. അവരുടെ അമ്മ മുനു സിഗ്ദേൽ ഖതിവാഡ ബാഗ്മതി പ്രവിശ്യയിലെ സംസ്ഥാന പാർലമെന്‍റ് അംഗമാണ്. 2018-ൽ മിസ് നേപ്പാൾ വേൾഡ് കിരീടം ശൃംഖല നേടി. തുടർന്ന് ആ വർഷം 118 മത്സരാർത്ഥികളോടൊപ്പം മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും സൗന്ദര്യമത്സരത്തിൽ ആദ്യ 12 സ്ഥാനങ്ങളിൽ എത്തുകയും ചെയ്‌തു.

ഒരുലക്ഷം ഫോളോവേഴ്‌സിനെ നഷ്‍ടമായി ശൃംഖല

നേപ്പാളിലെ തിരക്കേറിയ മോഡൽ കൂടിയായ ശൃംഖല ഖതിവാഡ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ്. അവരുടെ ഫീഡിൽ ലണ്ടൻ, അമേരിക്ക, സ്വിറ്റ്സർലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവർ യാത്ര ചെയ്യുന്ന വീഡിയോകൾ കാണാം. ഈ വീഡിയോകൾക്കൊക്കെ വൻ കാഴ്‌ചക്കാരെയാണ് ലഭിച്ചത്. നേപ്പാളിലെ പ്രതിഷേധങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ശൃംഖലയ്‌ക്ക് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ശൃംഖല ഖതിവാഡയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ദിവസങ്ങള്‍ മുമ്പ് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ശൃംഖലയ്ക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ 909,000 ഫോളോവേഴ്‌‌സേയുള്ളൂ. സോഷ്യൽബ്ലേഡിന്‍റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28-ന് അവർക്ക് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. സെപ്റ്റംബർ 5 മുതൽ അവർക്ക് ഫോളോവേഴ്‌സ് കുറയാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ 97,000-ത്തിലധികം ആളുകൾ അവരെ ഒറ്റയടിക്ക് ശൃംഖല ഖതിവാഡയെ അൺഫോളോ ചെയ്‌തു.

സൗന്ദര്യ റാണിക്ക് തിരിച്ചടി

നേപ്പാളിലെ പ്രതിഷേധക്കാരെ പിന്തുണച്ച് സംസാരിക്കാത്തതാണ് സൗന്ദര്യ റാണിക്കേറ്റ തിരിച്ചടിക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ശൃംഖല ഖതിവാഡ നേരിടുന്നത്. രാജ്യത്തെ പ്രക്ഷോഭങ്ങളില്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടതിനുശേഷവും മുന്‍ മിസ് നേപ്പാള്‍ ശൃംഖല മൗനം പാലിക്കുന്നത് വളരെ ദുഃഖകരമാണെന്ന് എക്‌സിലെ കമന്‍റുകളിൽ പലരും കുറിച്ചിരിക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്