ഈ സീസണിലെ അടി തുടങ്ങി! ഐഫോണ്‍ 17നെ ട്രോളി സാംസങ്, കമന്‍റ് ബോക്‌സില്‍ ആരാധകരുടെ 'കൂട്ടയടി'

Published : Sep 11, 2025, 10:45 AM IST
Apple vs Samsung

Synopsis

വീണ്ടും ടെക് ഭീമന്‍മാര്‍ തമ്മില്‍ പോര്… ആപ്പിള്‍ ഐഫോൺ 17 സീരിസ് പുറത്തിറക്കിയതിന് പിന്നാലെയാണ് 'ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ' എന്ന പരിഹാസം സാംസങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ ഉന്നയിച്ചത്

കാലിഫോര്‍ണിയ: ആപ്പിള്‍ പാര്‍ക്കില്‍ സെപ്റ്റംബർ 9ന് നടന്ന 'Awe Dropping' പരിപാടിയിൽ ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ലോകമെമ്പാടും ആപ്പിളിന്‍റെ പുതിയ ഡിവൈസുകളെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെ പതിവുപോലെ ആപ്പിളിനെ ട്രോളിയിരിക്കുകയാണ് മറ്റൊരു ടെക് ഭീമനായ സാംസങ്. ആപ്പിളും സാംസങും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നതും, വർഷങ്ങളോളം പഴക്കമുണ്ട് ഈ പോരിന് എന്നതും ശ്രദ്ധേയമാണ്. ഐഫോൺ 17 സീരിസ് പുറത്തിറക്കിയതിന് പിന്നാലെയാണ് 'ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ' എന്ന പരിഹാസം സാംസങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ ഉന്നയിച്ചത്. ഏറ്റവും കനം കുറഞ്ഞ ഐഫോൺ എന്ന ഖ്യാതിയുമായി ഇത്തവണയെത്തിയ ഐഫോൺ എയറിനെ ഉന്നമിട്ടായിരുന്നു സാംസങിന്‍റെ ഈ പരിഹാസം.

ആപ്പിളിനെ വീണ്ടും ട്രോളി സാംസങ്

'Let us know it when it folds' (ഇത് മടക്കിക്കഴിഞ്ഞാല്‍ ഞങ്ങളെ അറിയിക്കുക) എന്ന 2022-ലെ പോസ്റ്റ് ഷെയര്‍ ചെയ്‌തുകൊണ്ടായിരുന്നു ആപ്പിളിനെതിരെ സാംസങിന്‍റെ പുതിയ ഒളിയമ്പ്. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ മോഡലിനെക്കൂടി ലക്ഷ്യമിട്ടായിരുന്നു സാംസങിന്‍റെ ഈ പരിഹാസം. മുന്‍പ് ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് അവതരിച്ചപ്പോളും അതിന് ശേഷം 2024ല്‍ ഐഫോണ്‍ 16 അവതരിപ്പിച്ചപ്പോളുമെല്ലാം ആപ്പിളിനെ ട്രോളി സാംസങ് രംഗത്തെത്തിയിരുന്നു. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഐഫോണ്‍ 17-ന്‍റെ അവതരണത്തിന് പിന്നാലെ തങ്ങളുടെ 2022-ലെ എക്‌സ് പോസ്റ്റ് ഒരിക്കല്‍ക്കൂടി പങ്കുവെക്കുകയാണ് സാംസങ് ചെയ്‌തത്. 'ഇത് മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കണം' എന്ന് കുറിച്ച 2022-ലെ ട്വീറ്റാണ് സാംസങ് വീണ്ടും എക്‌സില്‍ ഷെയര്‍ ചെയ്‌തത്.

#iCant എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് പേര് പറയാതെ ആപ്പിളിനെ പരിഹസിച്ചുള്ള പോസ്റ്റുകളെല്ലാം സാംസങ് എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ഐഫോണിലെ 48 എംപി ട്രിപ്പിള്‍ ക്യാമറയേയും സാംസങ് കളിയാക്കി. '48MP x 3 still doesn't equal 200MP'' (മൂന്ന് 48 എംപി ഇപ്പോഴും 200 എംപിയ്ക്ക് തുല്യമല്ല) എന്ന് സാംസങ് എഴുതി. ആപ്പിളിന് ഫോള്‍ഡബിള്‍ ഫോണുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് മുമ്പ് സാംസങ് രംഗത്തെത്തിയിരുന്നു. 2024-ല്‍ ഐഫോണ്‍ 16 ലോഞ്ച് ചെയ്‌തപ്പോളും 2022-ലെ ഇതേ ട്വീറ്റ് റീഷെയര്‍ ചെയ്യുകയായിരുന്നു സാംസങ് ചെയ്‌തത്. 'ഇപ്പോഴും കാത്തിരിക്കുകയാണ്'- എന്നായിരുന്നു അന്ന് സാംസങ് കുറിച്ചത്. അതേസമയം, സാംസങിന്‍റെ പുതിയ ഈ പുതിയ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലായി. പോസ്റ്റിലെ കമന്‍റ് സെക്ഷൻ ഒരു യുദ്ധക്കളമായി മാറി. ചില ഉപയോക്താക്കൾ സാംസങിന് കയ്യടിച്ചു. ചിലർ ആപ്പിളിന് അനുകൂലമായും സംസാരിച്ചു.

ഐഫോണ്‍ 17 സീരീസ് പ്രത്യേകതകള്‍ എന്തെല്ലാം?

ആപ്പിള്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വമ്പന്‍ അപ്‍ഗ്രേഡുകളുമായിട്ടാണ് കഴിഞ്ഞ ദിവസം ഐഫോണ്‍ 17 സീരീസ് സ്‍മാർട്ട്‍ഫോണുകള്‍ പുറത്തിറങ്ങിയത്. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്കില്‍ നടന്ന അനാച്‌ഛാദന ചടങ്ങില്‍ ഐഫോണ്‍ 17, ഐഫോണ്‍ എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. ഇവയില്‍ ഐഫോണ്‍ എയർ 5.6 മില്ലീമീറ്റർ മാത്രം കട്ടിയുമായി ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍ എന്ന ഖ്യാതിയുമായാണ് അവതരിച്ചിരിക്കുന്നത്. ലിക്വിഡ് ഗ്ലാസ് ഇന്‍റർഫേസാണ് ഐഫോണ്‍ 17 സീരീസിന്‍റെ ഏറ്റവും വലിയ സവിശേഷത. എ19 ചിപ്, എ19 പ്രോ ചിപ്, ക്യാമറ, ബാറ്ററി അപ്‍ഗ്രേഡുകള്‍ തുടങ്ങി ഏറെ പുതുമ ഐഫോണ്‍ 17 ശ്രേണിക്ക് അവകാശപ്പെടാനുണ്ട്. ഐഫോണ്‍ 17 സീരീസിലെ എല്ലാ മോഡലുകളും 256 ജിബി സ്റ്റോറേജിലാണ് ആരംഭിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി