വന്‍ഭൂകമ്പം പ്രവചിച്ച് പാകിസ്ഥാന്‍; പിന്നില്‍ മലയാളിയുടെ കുബുദ്ധി

By Web DeskFirst Published Nov 6, 2017, 4:57 PM IST
Highlights

തിരുവനന്തപുരം:  പാകിസ്താനും ഐഎസ്‌ഐയും അടുത്തിടെ സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയ ഏഷ്യയെ ഇളക്കി മറിക്കാന്‍ പോന്ന ഭൂകമ്പ, സുനാമി, കൊടുങ്കാറ്റ്  മുന്നറിയിപ്പിന്‍റെ ഉറവിടം മലയാളിയുടെ ഭൂകമ്പ പ്രവചനം.  പാക് ജനതയെ ഭീതിയിലും ആശങ്കയിലും ആഴ്ത്തിയ മുന്നറിയിപ്പിന്റെ അടിസ്ഥാനം  പാറശ്ശാലക്കാരന്‍ ബാബു അടുത്തിടെ പ്രധാനമന്ത്രിക്കും ചില സംസ്ഥാന മന്ത്രിമാര്‍ക്കും അയച്ച കത്തായിരുന്നെന്ന് പാക്, ഇംഗ്‌ളീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളെ ഇളക്കിമറിക്കുന്ന ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്ന മലയാളിയുടെ മുന്നറിയിപ്പ് പ്രധാനമന്ത്രിയും സംസ്ഥാന മന്ത്രിമാരും അവഗണിച്ചപ്പോള്‍ പാകിസ്താന്‍ അത് ഗൗരവമായി ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ ഇത്തരം കത്ത് പ്രചരിപ്പിച്ചതിന് പോലീസ് ബാബുവിന് തക്കീത് നല്‍കിയിരുന്നു. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ ഏഷ്യഭൂഖണ്ഡം ഇളകി മറിയുമെന്നും അതിശക്തമായ സുനാമി ഉണ്ടാകുമെന്നു ബാബു കാലായില്‍ കത്തയച്ചത്. ഡിസംബര്‍ 31 ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഭൂകമ്പമുണ്ടാകുമെന്ന് അതിന്ദ്രീയ ജ്ഞാനത്തിലൂടെ തനിക്ക് അറിയാന്‍ കഴിഞ്ഞെന്ന്  കാണിച്ച് സെപ്തംബര്‍ 20 ന് പ്രധാനമന്ത്രിക്കും കേരളാ, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും ഇയാള്‍ അയച്ച കത്ത് ഇന്ത്യയില്‍ ആരും ഗൗരവമായി എടുത്തില്ല. എന്നാല്‍ പാകിസ്താനില്‍ സ്ഥിതി അതായിരുന്നില്ല. അവര്‍ കത്തിനെ ഗൗരവമായി എടുത്തു.

പാക് ഇആര്‍ആര്‍എ കഴിഞ്ഞ ദിവസം നല്‍കിയ പരസ്യമായ മുന്നറിയിപ്പില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായേക്കാവുന്ന ഭൂകമ്പത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാകിസ്താനിലും ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇന്ത്യാക്കാരനായ ബാബു കലയിലിന്‍റെ അവകാശവാദമാണ് ഐഎസ്‌ഐ ഗൗരവമായി എടുത്തത് എന്ന പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് കാര്യം മൊത്തത്തില്‍ മാറിയിരിക്കുകയാണ്.

ഡിസംബര്‍ 31 ന് മുമ്പായി ഉണ്ടാകുന്ന ഈ പ്രതിഭാസം പിന്നീട് സിഷ്മ കൊടുങ്കാറ്റായി മാറി സുനാമി സാധ്യത ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്‍, ചൈന, തായ്‌ലന്റ്, ഫിലിപ്പീന്‍സ്, നേപ്പാള്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഗള്‍ഫിലും എത്തുമെന്നാണ് മുന്നറിയിപ്പ്. 

ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 140 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റ് തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ഇതൊരു മുന്നറിയിപ്പായി കണ്ട് കരുതല്‍ എടുക്കണമെന്നാണ് ബാബു കാലായില്‍ പറയുന്നത്.

എന്നാല്‍ ഇയാളുടെ പ്രവചനം ശുദ്ധമണ്ടത്തരമാണെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. മുന്‍പും ഇത്തരത്തില്‍ പ്രവചനങ്ങളും തട്ടിപ്പുകളുമായി ഇയാള്‍ എത്തിയിരുന്നുവെന്ന് വിവിധ മാധ്യമപ്രവര്‍ത്തകരും ചൂണ്ടികാട്ടിയിട്ടുണ്ട്. വാട്ട്സ്ആപ്പ് പോലുള്ള മാധ്യമങ്ങള്‍ വഴി ഇയാളുടെ കത്ത്  പ്രചരിച്ചിരുന്നു. ഇതാണ് പല കോണില്‍ നിന്നും സംശയം ഉയരാന്‍ കാരണമായത്.തുടര്‍ന്ന് ഇത് പൂര്‍ണ്ണമായും തള്ളികളയപ്പെട്ടു. എന്നാല്‍ പാകിസ്ഥാനില്‍ ഈ കത്ത് വാര്‍ത്തയായി.

click me!