ഫേസ്ബുക്ക് 'ഡിജിറ്റല്‍ ഗ്യാംങ്സ്റ്റാര്‍': ബ്രിട്ടീഷ് പാര്‍ലമെന്‍റ് കമ്മിറ്റി

By Web TeamFirst Published Feb 19, 2019, 10:23 AM IST
Highlights

ലോകത്ത് എമ്പാടും 232 കോടി ഉപയോക്താക്കള്‍ ഉള്ള സോഷ്യസ്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക്. 2017 ലെ കണക്ക് അനുസരിച്ച് 40 ശതകോടി അമേരിക്കന്‍ ഡോളറാണ് ഫേസ്ബുക്കിന്‍റെ വരുമാനം

ലണ്ടന്‍: ഫേസ്ബുക്ക് ഓണ്‍ലൈന്‍ ലോകത്തെ ഡിജിറ്റല്‍ ഗ്യാംങ്സ്റ്റാര്‍ ആണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് കമ്മിറ്റി റിപ്പോര്‍ട്ട്. ഫേക്ക് ന്യൂസ് സംബന്ധിച്ച് 18മാസം ബ്രിട്ടീഷ് ഡിജിറ്റല്‍, കള്‍ച്ചറല്‍, മീഡിയ അന്‍റ് സ്പോര്‍ട്സ് സെലക്ട് കമ്മിറ്റി നടത്തിയ അന്വേഷണത്തിന്‍റെ അവസാന റിപ്പോര്‍ട്ടിലാണ് ആരോപണം. നേരത്തെ ഈ അന്വേഷണ കാലത്ത് മൂന്ന് പ്രാവശ്യം അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജറാകുവാന്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെ ക്ഷണിച്ചെങ്കിലും ഒരു തവണ പോലും എത്തിയില്ല.

ലോകത്ത് എമ്പാടും 232 കോടി ഉപയോക്താക്കള്‍ ഉള്ള സോഷ്യസ്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക്. 2017 ലെ കണക്ക് അനുസരിച്ച് 40 ശതകോടി അമേരിക്കന്‍ ഡോളറാണ് ഫേസ്ബുക്കിന്‍റെ വരുമാനം.  ഇതിനാല്‍ തന്നെ തങ്ങള്‍ നിയമങ്ങള്‍ക്ക് അതീതരാണെന്ന് ഫേസ്ബുക്ക് കരുതുന്നു എന്നാണ് പാര്‍ലമെന്‍റ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡാറ്റ പ്രൈവസി നിയമങ്ങളും, ആന്‍റി കോംപറ്റീഷന്‍ നിയമങ്ങളും ഫേസ്ബുക്ക് നിരന്തരം ലംഘിക്കുന്നു എന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ കാണിക്കേണ്ട ഉത്തരവാദിത്വവും, നേതൃഗുണവും കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അവസാന റിപ്പോര്‍ട്ടില്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായ നിയന്ത്രിക്കണം എന്നാണ് പറയുന്നതെന്ന് ബ്രിട്ടീഷ് ഡിജിറ്റല്‍, കള്‍ച്ചറല്‍, മീഡിയ അന്‍റ് സ്പോര്‍ട്സ് സെലക്ട് കമ്മിറ്റി ഡാമിയന്‍ കോളിന്‍സ് പറയുന്നു.

എവിടെനിന്ന് എന്ന് വ്യക്തമല്ലാത്ത രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പൌരന്മാരില്‍ എത്തുന്നത് ജനാധിപത്യത്തിന് വെല്ലുവിളി തന്നെയാണ്. ഇത് ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോമിലൂടെ ആകുമ്പോള്‍ കൂടുതല്‍ ഗൌരവകരമാണ്. ഫേസ്ബുക്കിന്‍റെ തന്നെ ഉള്ളില്‍ നിന്നും ലഭിച്ച അതിവ രഹസ്യമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്.  

click me!