ഫേസ്ബുക്ക് മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

By Web DeskFirst Published Aug 5, 2016, 3:38 AM IST
Highlights

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലേക്ക് മാറി. ഇതോടെ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തുവാനുള്ള സാധ്യത ഇല്ലാതാകും. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ്, മറ്റൊരു സന്ദേശ ആപ്ലികേഷനായ ടെലിഗ്രാം എന്നിവ ഈ മോഡിലേക്ക് തങ്ങളുടെ സന്ദേശ സംവിധാനം മാറ്റിയിരുന്നു.

ഫേസ്ബുക്ക് മെസ്സഞ്ചറിന് ബദലായി ഗൂഗിള്‍ കൊണ്ടുവരാനിരിക്കുന്ന അലോ മെസേജിംഗ് ആപ്ലിക്കേഷന് മുമ്പില്‍ പിടിച്ചുനില്‍ക്കാനുള്ള ഫേസ്ബുക്ക് മെസഞ്ചറിന്‍റെ ഒരു മുന്‍കൂര്‍ അടവാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍ അലോ ചാറ്റ് ആപ്ലിക്കേഷന്‍ ഇതേ സംവിധാനത്തോടെയാണ് പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം മുന്‍കൂട്ടികണ്ടുകൊണ്ടാണ് ഫേസ്ബുക്കിന്‍റെ തയ്യാറെടുപ്പ്‍.

അതേ സമയം  എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോക്താവിന്‍റെ സന്ദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ തന്നെ സര്‍ക്കാറുകള്‍ക്ക് തലവേദനയാകും എന്നും നിരീക്ഷണമുണ്ട്. മെസേജ് എന്‍ക്രിപ്ഷന്‍ സവിശേഷത പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള എന്‍ക്രിപ്ഷന്‍ ഉയര്‍ന്ന തലത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ നടത്താന്‍ സര്‍ക്കാറുകള്‍ക്ക് അനുവദനീയമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

എന്‍ക്രിപ്ഷനോടെ ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും ഒരുവിധത്തിലും വായിക്കാനാകില്ലെന്ന് വിവിധ അപ്പുകളുടെ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ കോടതിക്കോ പോലും വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ ലഭ്യമാകില്ല. ഹാക്കര്‍മാരില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപയോക്താവിന് സംരക്ഷണം നല്‍കുന്നു എന്നതാണ് ഒരു ആരോപണം. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന അഭിപ്രായവും ഉയര്‍ത്തുന്നുണ്ട്.

ഇത്തരത്തില്‍ വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ ആപ്പുകള്‍ നിരോധിക്കണം എന്ന തരത്തിലുള്ള നിരവധി ഹര്‍ജികളാണ് ഇന്ത്യയിലെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്നത്, ഇവയില്‍ ചിലത് കോടതികള്‍ തള്ളിയെങ്കിലും പലതും ഇപ്പോള്‍ വാദം കേള്‍ക്കുന്ന ഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഫേസ്ബുക്ക് മെസഞ്ചറിന്‍റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മാറ്റം ഇത്തരം കേസുകളെ  സ്വദീനിച്ചേക്കാം എന്നാണ് സൂചന. നേരത്തെ ചില ആപ്പുകളില്‍ ബീറ്റ പതിപ്പായി ഉള്‍പ്പെടുത്തിയ സംവിധാനമാണ് കഴിഞ്ഞ ദിനം ഫേസ്ബുക്ക് മിക്ക രാജ്യങ്ങളിലും തങ്ങളുടെ ആപ്പില്‍ ഉള്‍പ്പെടുത്തിയത്. 

click me!