
ദില്ലി: ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നു. ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്. ഇതേ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും അനുഭവപ്പെടുന്നുണ്ട്. വാട്സാപ്പിൽ വീഡിയോയും ഓഡിയോ ഫയലുകളും ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതികളിലേറെയും. എന്താണ് പ്രശ്നമെന്ന് വിശദീകരിച്ചില്ലെങ്കിലും ഉടൻ പ്രതിസന്ധി പരിഹരിക്കുമെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു.
ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. ഏഴ് മണിയോട് കൂടി പരാതികൾ വന്ന് തുടങ്ങി. അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി ബാധിച്ചത്, ചെറിയ ഒരു ശതമാനം ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിലും തടസം നേരിട്ടു. ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ചരിത്രത്തിലെ തന്നെ എറ്റവും വലിയ സേവന തടസങ്ങളിലൊന്നാണ് അന്നുണ്ടായത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam