കറതേര്‍സ് ഒബ്‍സർവേറ്ററി 2025 സെപ്റ്റംബറിലാണ് നാസ വിക്ഷേപിച്ചത്. 2026 ജനുവരിയോടെ ഇത് സൂര്യൻ–ഭൂമി L1 പോയിന്‍റിലെ ഹാലോ ഭ്രമണപഥത്തിൽ എത്തി.

വാഷിംഗ്‌ടണ്‍: നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം രണ്ടുവർഷം നീളുന്ന പുതിയ ശാസ്ത്രീയ ദൗത്യത്തിന് തുടക്കമിട്ടു. ഭൂമിയുടെ ഏറ്റവും പുറത്തെ അന്തരീക്ഷ പാളിയായ എക്സോസ്‍ഫിയറിനെക്കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. ഹൈഡ്രജൻ സമൃദ്ധമായ ഈ പാളി അൾട്രാവയലറ്റ് പ്രകാശത്തിൽ 'ജിയോകോറോണ' എന്ന പ്രകാശവലയമായി പ്രത്യക്ഷപ്പെടുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെ, സൂര്യനും ഭൂമിക്കും ഇടയിലുള്ള L1 പോയിന്‍റിലെ ഭ്രമണപഥത്തിലാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് ജിയോകോറോണയുടെ പ്രകാശം തുടർച്ചയായി ചിത്രീകരിച്ച് ശാസ്ത്രജ്ഞർക്ക് വിശകലനം ചെയ്യാൻ സാധിക്കും.

കറേതേര്‍സ് ഒബ്‍സർവേറ്ററി

കറതേര്‍സ് ഒബ്‍സർവേറ്ററി 2025 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്. 2026 ജനുവരിയോടെ ഇത് സൂര്യൻ–ഭൂമി L1 പോയിന്‍റിലെ ഹാലോ ഭ്രമണപഥത്തിൽ എത്തി. ഹൈഡ്രജൻ ജിയോകോറോണയുടെ ദൃശ്യങ്ങൾ പകർത്താൻ രണ്ടു അൾട്രാവയലറ്റ് ക്യാമറകള്‍ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ദൗത്യത്തിന്‍റെ ഭാഗമായി എക്സോസ്‍ഫിയറിന് ചുറ്റുമുള്ള ഹൈഡ്രജൻ ഹാലോയുടെ വ്യാപനവും ചുരുങ്ങലും രണ്ടുവർഷക്കാലം നിരീക്ഷിക്കും. സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന സോളാർ കാറ്റും സോളാർ സ്റ്റോം സംഭവങ്ങളും ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും.

ബ്രിട്ടീഷ് പ്രതിരോധ കമ്പനി ബിഎഇ സിസ്റ്റംസ് ആണ് ഈ ചെറിയ ഉപഗ്രഹം വികസിപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഉർബാന-ചാമ്പെയ്ൻ ആണ് പദ്ധതി നയിക്കുന്നത്. കാലിഫോർണിയ സർവകലാശാലയും ബെർക്ക്‌ലിയിലെ യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും പേലോഡ് വികസനത്തിൽ സഹകരിച്ചു. ദൗത്യ നിയന്ത്രണം നാസയുടെ ഗോഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്‍റർ നിർവഹിക്കുന്നു. 1960-കളിൽ അപോളോ പദ്ധതിയിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായ ജോർജ് കറതേര്‍സിന്‍റെ സ്‍മരണാർഥമാണ് നിരീക്ഷണ കേന്ദ്രത്തിന് ഈ പേര് നൽകിയിരിക്കുന്നത്. ഭൂമിയുടെയും ചൊവ്വയുടെയും ജലനഷ്‍ടവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ ഈ ദൗത്യം സഹായകമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming