ഫാന്‍ ഫൈറ്റ് ക്ലബ് തിരിച്ചെത്തി

By Web DeskFirst Published Mar 1, 2018, 2:39 PM IST
Highlights
  • വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ അര്‍ഹിക്കുന്ന മാറ്റങ്ങളോടെയാവും എഫ്എഫ്‌സിയുടെ പുതിയ പതിപ്പെന്നും ഗ്രൂപ്പിന്റെ അഡ്മിനായ അശ്വന്ത് കൊക്ക്

വംശീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായി അടച്ചു പൂട്ടിയ ഫാന്‍ ഫൈറ്റ് ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വീണ്ടും ആരംഭിച്ചു. 70,000-ത്തിലേറെ മെബര്‍മാരുണ്ടായിരുന്ന ഈ ഗ്രൂപ്പ് കഴിഞ്ഞ ഫിബ്രുവരി 24-നാണ് വിവാദങ്ങളെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. 

ആദിവാസി യുവാവ് മധുവിനെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങളോടെ വന്ന ഒരു പോസ്റ്റിനെ തുടര്‍ന്നാണ് എഫ്.എഫ്.സി ഗ്രൂപ്പ് സമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിനിരയായത്. അസഭ്യവാക്കുകള്‍ പരിധിയില്ലാതെ പയോഗിക്കുകയും കടുത്ത പരിഹാസവും വിമര്‍ശനവും ചൊരിയുകയും ചെയ്യുന്ന ഗ്രൂപ്പിന്റെ ശൈലിയെ ശക്തമായ ഭാഷയില്‍ പലരും വിമര്‍ശിക്കുകയും വിഷയം സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പിനെതിരെ നിയമനടപടികള്‍ വന്നേക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എഫ്എഫ്‌സി അടച്ചു പൂട്ടുന്നതായി ഗ്രൂപ്പ് അഡ്മിന്‍സ് പ്രഖ്യാപിച്ചത്. 

ആദ്യമായി തുടങ്ങിയ ശേഷം ഇപ്പോള്‍ മൂന്നാം തവണയാണ് എഫ്.എഫ്.സി പുനരാരംഭിക്കുന്നതെന്നും ഗ്രൂപ്പില്‍ നല്‍കിയിരുന്ന സ്വാതന്ത്യത്തില്‍ ഊന്നി വന്ന പല പോസ്റ്റുകളും പലരുടേയും വികാരത്തെ ഹനിക്കുന്നതായിരുന്നുവെന്ന കാര്യം ഉള്‍ക്കൊള്ളുന്നുവെന്നും അത്തരം പോസ്റ്റുകളെ നിയന്ത്രിച്ചാവും  എഫ്എഫ്‌സിയുടെ പുതിയ പതിപ്പെന്നും ഗ്രൂപ്പിന്റെ അഡ്മിനായ അശ്വന്ത് കൊക്ക് പറയുന്നു. വ്യാജപ്രചരണം നടത്തി ഗ്രൂപ്പിനെ എന്നേക്കുമായി അടച്ചിടാം എന്ന് കരുതുന്നവരോട് നൂറ് തവണ പൂട്ടിയാല്‍ നൂറ്റൊന്ന് തവണയും തുറക്കും  എന്നാണ് ഗ്രൂപ്പിന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റില്‍ അഡ്മിന്‍സ് പറയുന്നത്.

അതേസമയം വംശീയആക്ഷേപം നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റുകളും ട്രോളുകളുമാണ് എഫ്എഫ്‌സി പ്രമോട്ട് ചെയ്യുന്നതെന്നാണ് ഗ്രൂപ്പിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ദുര്‍ബലവിഭാഗങ്ങളേയും പിന്നോക്ക പ്രദേശങ്ങളേയും ഒരു മയവുമില്ലാത്ത അപമാനിക്കുന്നത് എഫ്എഫ്‌സിയുടെ സ്ഥിരം ശൈലിയാണെന്നും നേരത്തെ തന്നെ ഇൗ രീതിയിലുള്ള വംശീയ അധിക്ഷേപം ഗ്രൂപ്പില്‍ നടക്കുന്നുണ്ടെങ്കിലും മധുവിനെ അപമാനിച്ചതിലൂടെയാണ് ഇത് പൊതുവില്‍ ചര്‍ച്ചയായതെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.


 

click me!