ജിയോ ഭീഷണി നീണ്ടു; ഓഫര്‍ പെരുമഴയുമായി മറ്റ് കമ്പനികള്‍

By Vipin PanappuzhaFirst Published Dec 10, 2016, 11:16 AM IST
Highlights

ജിയോവിനെ നേരിടാന്‍ കിടിലന്‍ ഓഫറുകളാണ് ടെലികോം കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചത്. ജിയോ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചതാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ ടെലികോം കമ്പനികളെ പ്രേരിപ്പിച്ചത്. ബിഎസ്എന്‍എല്‍ ആണ് ഡാറ്റയില്‍ സൗജന്യങ്ങള്‍ നല്‍കി ഓഫര്‍ മഴ ആരംഭിച്ചത് എങ്കിലും, പിന്നീട് ജിയോ ശക്തമായ പ്രഹരം ഏല്‍പ്പിക്കുമെന്ന് കരുതുന്ന ഐഡിയ, ഏയര്‍ടെല്‍, വോഡാഫോണ്‍ എന്നിവരും ഓഫറുമായി രംഗത്ത് എത്തി. എന്താണ് ഇവരുടെ ഓഫറുകള്‍ എന്നാണ് ഇവിടെ പരിശോധിക്കുന്നത്. 

ബിഎസ്എന്‍എല്‍

49 രൂപയ്ക്ക് ഒരു മാസം ഏതു നെറ്റ് വർക്കിലേക്കും പരിധികളില്ലാതെ വിളിക്കാൻ കഴിയുന്ന പുതിയ പ്ലാനാണ് ബി എസ് എൻ എൽ അവതരിപ്പിക്കുന്നത്. ജനുവരി ഒന്നാം തീയതി പുതിയ പ്ലാൻ നിലവിൽവരുമെന്നാണ് കരുതുന്നത്. 300 എംബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും. 

ഒപ്പം 498 എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഈ ഓഫറിന് പുറമേ മറ്റു ചില പ്ലാനുകളൂടെ ഡാറ്റാ പരിധിയും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 

1498 രൂപയുടെ പ്ലാനില്‍ 9 ജിബി ഡാറ്റാ നല്‍കിയിരുന്നത് ഇപ്പോള്‍ 18 ജിബിയായി ഉയര്‍ത്തി. 2799 രൂപയുടെ 18 ജിബി പ്ലാനില്‍ ഇനി 18 രൂപയുടെ സ്ഥാനത്ത് ഇനി 36 ജിബി ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പുറമെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

ഐഡിയ

148, 348 രൂപയുടെ പ്രീപെയ്ഡുകള്‍ക്കായുള്ള ഓഫറുകളാണ് ഐഡിയ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ പരിധിയില്ലാതെ വിളിക്കാമെന്നാണ് ഐഡിയയുടെ ഓഫര്‍. 148 രൂപയുടെ പായ്ക്കില്‍ 300 എംബി 4ജി ഡാറ്റയും ലഭിക്കും. ഈ പായ്‌ക്കേജില്‍ ഐഡിയ ടു ഐഡിയ പരിധിയില്ല കോളുകള്‍ വിളിക്കാന്‍ സാധിക്കും.
348 രൂപ പായ്ക്കില്‍ എല്ലാ ഫോണുകളിലേക്കും പരിധിയില്ലാതെ വിളിക്കാമെന്നാണ് ഐഡിയ അവതരിപ്പിക്കുന്ന ഓഫര്‍. ഇതിനൊപ്പം ഒരു ജിബിയുടെ 4ജി ഡാറ്റയും ലഭിക്കും. 28 ദിവസമാണ് ഇതിന്റെ കാലാവധി. 4ജി ലഭ്യമല്ലാത്ത ഉപഭോക്താക്കള്‍ക്ക് 50 എംബി ഡാറ്റയും നല്‍കുന്നു.

ഏയര്‍ടെല്‍

രാജ്യത്തെ എല്ലാ നെറ്റ്‍വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകള്‍ സൗജന്യമായി നല്‍കുന്ന ഏറ്റവും പുതിയ ഓഫറാണ് ഇന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 345 രൂപയുടെ റീചാര്‍ജ്ജ് ചെയ്താല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകള്‍ വിളിക്കാം. 

ഒപ്പം ഒരു ജി.ബി 4ജി ഇന്റര്‍നെറ്റും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധിയെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 145 രൂപയ്ക്ക് 300 എം.ബി ഡേറ്റയും എയര്‍ടെല്‍ നെറ്റ്‍വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഓഫറും എയര്‍ടെല്‍ പുറത്തിറക്കിയിട്ടുണ്ട്. 28 ദിവസമാണ് ഇതിന്റെയും കാലാവധി.

വോഡഫോണ്‍

255 രൂപയ്ക്ക് മുകളിലുള്ള എല്ലാ 4ജി പ്ലാനുകളിലും ഇരട്ടി ഡേറ്റയാണ് കമ്പനിയുടെ വാഗ്ദാനം. എല്ലാ വെഡാഫോണ്‍ 4ജി പ്രീ പെയ്ഡ് വരിക്കാര്‍ക്കും നിലവിലെ മാര്‍ക്കറ്റ് പാക്കുകളില്‍ ഡബിള്‍ ഡേറ്റാ ഓഫര്‍ ലഭിക്കും.  ഡേറ്റാ ഉപയോഗത്തില്‍ യൂസര്‍മാര്‍ക്ക് ഇരട്ടിനേട്ടമുണ്ടാകും. 255 രൂപയ്ക്ക് മുകളിലുള്ള 4ജി ഡേറ്റാ പ്ലാനുകളിലാണ് ഈ ഓഫറുള്ളത്. പുതിയ ഓഫര്‍ പ്രകാരം ഒരു ജിബി ലഭിച്ചിരുന്ന 255 രൂപയുടെ 4ജി പ്ലാനില്‍ ഇനിമുതല്‍ രണ്ട് ജിബി ഡേറ്റ ലഭിക്കും. 459 രൂപ പ്ലാനില്‍ ആറ് ജിബി ഡേറ്റയും 559 രൂപാ പ്ലാനില്‍ എട്ട് ജിബി ഡേറ്റയും 999 രൂപാ പ്ലാനില്‍ 20 ജിബി ഡേറ്റയും 1999 രൂപാ പ്ലാനില്‍ 40 ജിബി ഡേറ്റയുമാണ് പുതിയ ഓഫര്‍. 28 ദിവസമാണ് പ്ലാനുകളുടെ കാലാവധി.

 

click me!