ഗൂഗിളിന് 20 വയസ്; ഇങ്ങനെയാണ് ഗൂഗിള്‍ ജനിച്ചത്..

Published : Sep 27, 2018, 11:06 AM ISTUpdated : Sep 27, 2018, 02:53 PM IST
ഗൂഗിളിന് 20 വയസ്; ഇങ്ങനെയാണ് ഗൂഗിള്‍ ജനിച്ചത്..

Synopsis

ഗൂഗിളിന് ഇന്ന് 20 വയസ്. ഏതൊരു സംരഭത്തിനും പ്രചോദനമാണ് ഗൂഗിളിന്റെ കഥ. ഒരു ഗ്യാരേജിൽ നിന്ന് തുടങ്ങി ലോകത്തിലെ എറ്റവും വലിയ കോർപ്പറേറ്റ് ഭീമനായി മാറിയ ഗൂഗിൾ ഇരുപത് വ‌ർഷത്തിനിടെ ഉണ്ടാക്കിയ വിവാദങ്ങളും ധാരാളമാണ്.

ഗൂഗിളില്ലാതെ ഇന്ന് ഒരു മനുഷ്യന് മുന്നോട്ട് പോകാനാവത്ത അവസ്ഥയാണ്. ആ ഗൂഗിളിന് ഇന്ന് 20 വയസ്സായി. ഏതൊരു സംരഭത്തിനും പ്രചോദനമാണ് ഗൂഗിളിന്റെ കഥ. ഒരു ഗ്യാരേജിൽ നിന്ന് തുടങ്ങി ലോകത്തിലെ എറ്റവും വലിയ കോർപ്പറേറ്റ് ഭീമനായി മാറിയ ഗൂഗിൾ ഇരുപത് വ‌ർഷത്തിനിടെ ഉണ്ടാക്കിയ വിവാദങ്ങളും ധാരാളമാണ്.

1996ല്‍ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പിഎച്ഡി വിദ്യാർത്ഥികളായ ലാരി പേജും സെർജറി ബിന്നും ചേർന്ന് ഒരു പുതിയ സെർച്ച് എൻജിൻ നിർമ്മിക്കാനുള്ള ഗവേഷണം ആരംഭിച്ചു. തിരയുന്ന വാക്ക് എത്ര തവണ ഒരു പേജിൽ ഉണ്ട് എന്നതനുസരിച്ച് വെബ്സൈറ്റുകളെ ക്രമീകരിച്ചിരുന്ന സെർച്ച് എൻജിനുകൾക്ക് പകരം വാക്കിന്‍റെ പ്രാധാന്യം അനുസരിച്ച് തരം തിരിക്കുന്ന അൽഗോരിതമായിരുന്നു അവരുടെ ലക്ഷ്യം.   

1998 സെപ്റ്റംബറിൽ അത് യാഥാർത്ഥ്യമായി. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ഒരു ഗാരേജിൽ ഗൂഗിൾ പിറന്നു. സൺ മൈക്രോസിസ്റ്റം സഹസ്ഥാപകൻ ആൻഡി ബെച്റ്റോൾഷൈം നൽകിയ, ഒരു ലക്ഷം ഡോളറായിരുന്നു ആദ്യ  മൂലധനം, പിന്നാലെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും, സ്റ്റാൻഫോർ യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് പ്രഫസർ ഡേവിഡ് ചെറിട്ടണും, ഇന്ത്യൻ വംശജനായ രാം ശ്രീറാമും നിക്ഷേപവുമായെത്തിയതോടെ ഗൂഗിൾ വളരാനാരംഭിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല 

വെറും ഒരു സെർച്ച് എൻജിൻ എന്നതിനുപരി ഇന്‍റെർനെറ്റ് സമം ഗൂഗിൾ എന്ന നിലയിലേക്കെത്തി കാര്യങ്ങൾ, ജി മെയിലും, യൂട്യൂബും,ഗൂഗിൾ മാപ്പും, ഗൂഗിൾ പേയും ക്രോം ബ്രൗസറുമെല്ലാം ഗൂഗിൾ എന്ന മഞ്ഞു മലയുടെ ഒരറ്റം മാത്രം. ഡ്രൈവറില്ലാ കാറും, ബയോടെക്നോളജിയും, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും, മെഷീൻ ലേണിങ്ങും, വെർച്ച്വൽ റിയാലിറ്റിയും ആഗുമെന്‍റഡ് റിയാലിറ്റിയും, ബഹിരാകാശ ഗവേഷണവും അടക്കം കൈവയ്ക്കാൻ ഇനി മേഖലകൾ ബാക്കിയില്ല ഗൂഗിളിന്. 

സമയത്തിനനുസരിച്ച് ലാഭവും ആസ്തിയും വർദ്ധിച്ചപ്പോൾ ഗൂഗിൾ സ്വയം പൊളിച്ചു പണിഞ്ഞു ആൽഫബെറ്റ് എന്ന മാതൃകന്പനിയുടെ കീഴിൽ ചെറു കന്പനികളായ സേവനങ്ങളെ വിഭജിച്ചു .ഇന്‍റർനെറ്റ് അനുബന്ധ സേവനങ്ങൾ ഗൂഗിൾ എന്ന പേരിൽ തുടർന്നു. സൈബർ സുരക്ഷാ വിഭാഗം ക്രോണിക്കിളും, ബയോടെക്നോളജി വിഭാഗം കാലിക്കോയുമായി, ജൈവശാസ്ത്ര പഠനത്തിനായി വെറിലിയും, വിദൂരങ്ങളിൽ ഇന്‍റെ‍ർനെറ്റ് എത്തിക്കാൻ ലൂണും രൂപീകരിച്ചു.

ഡ്രൈവറില്ലാ കാറുകൾ നിർമ്മിക്കുന്ന വിഭാഗം വെയ്മോ ആയി. ഇതിന് പുറമേ സ്റ്റാർട്ടപ്പുകൾക്ക് ഊ‌ജ്ജം പകരാൻ ഗൂഗിൾ വെഞ്ച്വേർസും, മൂല ധന നിക്ഷേപം നടത്താൻ ക്യാപിറ്റൽ ജിയും രൂപീകരിച്ചു.വെയ്മോയ്ക്കും ലൂണിനും ജന്മം നൽകിയ  അതീവ രഹസ്യ വിഭാഗമായ എക്സും  പ്രത്യേക കന്പനിയായി. ഇവിടെ നടക്കുന്ന പരീക്ഷണങ്ങൾ എന്തൊക്കയാണെന്നത് പുറം ലോകത്തിന്  അജ്ഞാതമാണ്.

വിജയം മാത്രം രുചിച്ച് ശീലിച്ച ഗൂഗിളിന്  അല്പമൊന്ന് കാലിടറിയത് സോഷ്യൽ മീഡിയ രംഗത്ത്  മാർക്ക് സുക്കർബർഗിന്‍റെ ഫേസ്ബുക്കിന് മുന്നിൽ മാത്രമാണ്. എന്നാൽ യൂട്യൂബ് എന്ന തങ്ങളുടെ പഴയ പടക്കുതിരയെ ശക്തിപ്പെടുത്തി വീണ്ടും കുതിക്കുകയാണ് ഗൂഗിൾ.  ഇതിനെല്ലാമിടയിൽ  ഏറെ വിവാദങ്ങൾക്കും  ഗൂഗിൾ തിരികൊളുത്തിയിട്ടുണ്ട്  

ഉപഭോക്താക്കളുടെ വിവരങ്ങൾ വിറ്റ് കാശാക്കുന്നുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതല്ലെന്ന് പലകുറി തെളിഞ്ഞതാണ്.  ആൻഡ്രോയിഡ് വഴി തങ്ങളുടെ കുത്തക അരക്കിട്ടുറപ്പിച്ച ഗൂഗിളിന് ആരോഗ്യകരമായ മത്സരമില്ലാതാക്കിയെന്ന കുറ്റത്തിന് യൂറോപ്യൻ യൂണിയൻ റെക്കോർഡ് പിഴ ഇട്ടത് ഈ വർഷം ജൂലൈ പതിനെട്ടിനാണ്. പിഴ അടക്കില്ലെന്നും  പ്രവർത്തന രീതി മാറ്റില്ലെന്നും ഗൂഗിൾ അന്ന് തന്നെ വ്യക്തമാക്കി . 

ഡ്രാഗൺ ഫ്ലൈ എന്ന പേരിൽ ചൈനയ്ക്കായി സെൻസർ ചെയ്ത സെർച്ച് എൻജിൻ വികസിപ്പിക്കുകയാണ് ഗൂഗിൾ എന്നതാണ് വിവാദമായ എറ്റവും പുതിയ വാർത്ത. നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേർ ഗൂഗിളിൽ നിന്ന് രാജി വച്ചതായും റിപ്പോർട്ടുകളുണ്ട്. പരസ്യമായി നിഷേധിച്ചെങ്കിലും പദ്ധതിയുമായി ഗൂഗിൾ മുന്നോട്ട് നീങ്ങുകയാണ്. ഇതിനൊപ്പം ആൻഡ്രോയിഡ് എന്ന പൊൻമുട്ടയിടുന്ന താറാവിന്  പകരം ഫ്യൂഷിയ ഓഎസ് അവതരിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയായി മുന്നേറുന്നു. 

ക്രോം ഓഎസിനും ഫ്യൂഷിയ എത്തുന്നതോടെ അന്ത്യമാകും. സെർച്ചിങ്ങിൽ കൂടുതൽ വേഗതയും കണിശതയും കൈവരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ഇനിയുമെന്തൊക്കെ അത്ഭുതങ്ങൾ പുറത്തുവരുമെന്ന് കാത്തിരുന്ന് തന്നെ കാണണം. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ തിരയപ്പെട്ട പ്രശസ്ത ചോദ്യങ്ങൾ ഓർത്തെടുത്തും പിന്തുണ നൽകിയവർക്ക് മലയാളമടക്കം നാൽപ്പതിലധികം  ഭാഷകളിൽ നന്ദി പറഞ്ഞു കൊണ്ടുള്ള  ഡൂഡിലിലൂടെയാണ് ഗൂഗിൾ ഇരുപതാം പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. എന്തായാലും ലോക ജനതയെ അടിമകളാക്കിയ ഗൂഗിളിന്‍റെ അടുത്ത നീക്കത്തിനായി കാത്തിരിക്കാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയെ നിരന്തരം നിരീക്ഷിച്ച് ബഹിരാകാശത്ത് പാകിസ്ഥാൻ്റെ ആറ് ഉപഗ്രഹങ്ങൾ; നാവിക് സംവിധാനത്തിലെ പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി ഐഎസ്ആർഒ
പുതിയ ടെക്നോ പോവ 8 പ്രോ 5ജി കൂടുതൽ വിവരങ്ങൾ പുറത്ത്