ഷവോമി കേരളത്തിൽ നിക്ഷേപം നടത്തുമോ: ഷവോമി എംഡി മനുകുമാർ ജെയിൻ സംസാരിക്കുന്നു

By Vipin PanappuzhaFirst Published Sep 26, 2018, 10:26 PM IST
Highlights

അന്താരാഷ്ട്രാ നിലവാരത്തിൽ തീർത്ത ഈ ഓഫീസിലെ ഏറ്റവും വലിയ പ്രത്യേകത, സ്ഥാനത്തിന് പ്രധാന്യമില്ല എന്നതാണ്.  സീനിയർ, ജൂനിയർ എന്നിവർക്ക് പ്രത്യേക ഓഫീസൊന്നും ഇല്ലാതെ എല്ലാവരും ഒന്നിച്ച് ജോലി ചെയ്യുന്ന ഇടമാണിത്. അത്തരത്തിൽ മൂന്നാം നിലയിലെ ഒരു മൂലയിൽ നിന്നാണ് മനുകുമാർ ജയിനെ കണ്ടത്.

 

ബംഗളൂരുവിലെ എംബസി ടെക് വില്ലേജിലെ അഞ്ച് നില ബിൽഡിംഗിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ വിൽക്കുന്ന ഷവോമി ഇന്ത്യയുടെ ആസ്ഥാനം. അന്താരാഷ്ട്രാ നിലവാരത്തിൽ തീർത്ത ഈ ഓഫീസിലെ ഏറ്റവും വലിയ പ്രത്യേകത, സ്ഥാനത്തിന് പ്രധാന്യമില്ല എന്നതാണ്.  സീനിയർ, ജൂനിയർ എന്നിവർക്ക് പ്രത്യേക ഓഫീസൊന്നും ഇല്ലാതെ എല്ലാവരും ഒന്നിച്ച് ജോലി ചെയ്യുന്ന ഇടമാണിത്. അത്തരത്തിൽ മൂന്നാം നിലയിലെ ഒരു മൂലയിൽ നിന്നാണ് മനുകുമാർ ജയിനെ കണ്ടത്. 2014 -ൽ ഇന്ത്യയിൽ തങ്ങളുടെ ബിസിനസ് ഒരു എണിപ്പടിക്ക് താഴെയുള്ള സ്ഥലം പോലെ തോന്നിക്കുന്ന റൂമിലാണ് ആരംഭിച്ചത്. അവിടെ നിന്ന് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ വിൽക്കുന്ന കമ്പനിയായി ഷവോമി എങ്ങനെ മാറി, ആ വളർച്ചകൂടിയാണ് മനുകുമാർ സംസാരിച്ചത്.

ഇന്‍റർനെറ്റ് സംരഭകൻ എന്നാണ് മനു സ്വയം വിശേഷിപ്പിക്കുന്നത്, എന്താണ് അത്?

ഷവോമി ആദ്യത്തെ ഫോൺ പ്രഖ്യാപിക്കുന്ന സമയത്ത് 2014 -ൽ ഞങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന ഫോളോവേർസ് 10000 ആയിരുന്നു. ശരിക്കും ഒരു വെല്ലുവിളിയായിരുന്നു അത്. അതും ഓൺലൈൻ വഴി മാത്രം വിൽക്കാൻ തീരുമാനിച്ച ബ്രാന്‍റ്. പക്ഷേ പിന്നീട് നടന്നത് ഇന്ത്യയിലെ ഇ കോമേഷ്യലിന്‍റെ തന്നെ ഒരു ചരിത്ര സംഭവമായിരുന്നു, 28 സെക്കന്‍റില്‍ ഫോൺ വിറ്റുതീർന്നു. ആദ്യമായി ഫ്ലിപ്പ്കാർട്ട് സൈറ്റ് ഡൗണായി. ഷവോമിയുടെ ക്വാളിറ്റി, പ്രൈസ്, മികച്ച പ്രത്യേകതകൾ എന്ന മോട്ടോ ഏറ്റെടുത്തത് ഓൺലൈനിലും മറ്റുമുള്ള ഞങ്ങളുടെ ഫാൻസ് തന്നെയാണ്. ഇതേ സമയം ഷവോമി ഒരു ടീം അദ്ധ്വാനത്തിന്‍റെ വിജയമാണ് നേടുന്നത്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വളരെ ഫലപ്രദമായി നടപ്പിലാക്കിയ ഒരു കമ്പനിയാണ് ഷവോമി ?

2015-ൽ തന്നെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച ബ്രാന്‍റാണ് ഷവോമി. ലോകത്ത് തന്നെ ഏറ്റവും വിലകുറഞ്ഞ എന്നാൽ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത നിർമ്മാണ വിതരണ ചെയിൻ നിലവിലുള്ള ബ്രാന്‍റാണ് ഷവോമി, അത് തുടരാൻ കൂടിയാണ് ഷവോമി മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായത്. നാലോളം ഷവോമി ഫോൺ നിർമ്മാണ ഫാക്ടറി സ്ഥാപിച്ചത് മാത്രമല്ല, സമൂഹത്തിന്‍റെ വിവിധ സാഹചര്യങ്ങളിൽ നിന്നുള്ളവരെ പുതിയ ജീവിതത്തിലേക്ക് ഷവോമി നയിച്ചു. ഞങ്ങളുടെ നിർമ്മാണത്തിനുള്ള സാങ്കേതികതയും സാമഗ്രികളും ഇന്ത്യയിൽ നിന്ന് തന്നെ കണ്ടെത്തുന്ന ഒരു പ്രക്രിയയിലേക്ക് ഷവോമി ചുവട് വയ്ക്കുകയാണ്. ഞങ്ങളുടെ ഇപ്പോഴത്തെ ഡിമാന്‍റും, അത് വിതരണം ചെയ്യേണ്ട വേഗതയും കണക്കിലെടുക്കുമ്പോൾ കൂടുതൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളിലേക്കാണ് ഷവോമി ഉറ്റുനോക്കുന്നത്.

എന്താണ് ഷവോമി ഉറപ്പ് നൽകുന്ന ക്വാളിറ്റി?

ഷവോമിയുടെ മൂന്ന് ലക്ഷ്യങ്ങളിൽ ഒന്ന് ക്വാളിറ്റി തന്നെയാണ്, ഷവോമിയുടെ സ്ഥാപകരിൽ ഒരാൾ നൽകിയ വാചകമുണ്ട്, ഞങ്ങളെ നയിക്കുന്നത്, ' ഒരു വ്യക്തിയെ പറക്കാൻ പ്രേരിപ്പിക്കുക എന്നത് അയാൾക്ക് നാം നൽകുന്ന വിശ്വാസമാണ്, എന്നാൽ അയാൾ എത്ര കൂടുതൽ സമയം പറക്കും എന്നതിലാണ് നമ്മുടെ ക്വാളിറ്റി ഇരിക്കുന്നത് '. ഷവോമിയുടെ ഒരോ പ്രോഡക്ടും ഞങ്ങളുടെ കമ്യൂണിറ്റിയുടെ കയ്യിൽ എത്തുന്നത് നൂറുകണക്കിന് ടെസ്റ്റുകൾക്ക് ശേഷമാണ്. അതിൽ സാധാരണക്കാരന്‍റെ ഉപയോഗരീതികൾ തൊട്ട് ഓരോ ടെലികോം കാരിയർക്ക് അടുത്ത് നിന്നും ലഭിക്കുന്ന പ്രതികരണം വരെ ഞങ്ങൾ പ്രധാനമായി കാണുന്നു.

ഷവോമിയുടെ ഭാവി പദ്ധതികൾ, കേരളത്തിൽ ഷവോമിയുടെ നിക്ഷേപം വരുമോ ?

ഇന്ത്യയിൽ അനുയോജ്യമായി നിക്ഷേപമാണ് ഷവോമി നടത്തുന്നത്. ഷവോമി ഇനിയും ഇത്തരം സാധ്യതകൾ പരിശോധിക്കും. അതിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളും ഉൾപ്പെടണം എന്നാണ് ഷവോമി പ്രതീക്ഷിക്കുന്നത്. പ്രളയകാലത്ത് കേരളത്തിന് വേണ്ടി ധനസമാഹരണത്തിനും, പ്രളയബാധിതരുടെ ഫോണുകൾ സർവീസ് ചെയ്യുന്നതിലും ഷവോമി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ബംഗളൂരുവിലെ പോലെ ഷവോമി ഹോം ഷോറൂമുകൾ ആരംഭിക്കുക എന്നത് ഷവോമിയുടെ പദ്ധതിയാണ്.  സ്മാർട്ട്ഫോണിന് അപ്പുറത്ത് ഷവോമിയുടെ പ്രോഡക്ടുകൾ ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഉപകാരപ്പെടുന്ന ആദ്യത്തെ സ്റ്റോറാണ് ബംഗലൂരുവിൽ തുറന്നിരിക്കുന്നത്.

ജബോംഗ് എന്ന ഓൺലൈൻ കൊമേഷ്യൽ പ്ലാറ്റ്ഫോമിന്‍റെ സഹസ്ഥാപകനായിരുന്നു താങ്കൾ, വീണ്ടും സ്റ്റാർട്ടപ്പിലേക്ക് തിരിച്ചുപോകാൻ പദ്ധതികളുണ്ടോ ?

ഇന്ത്യയിൽ ഷവോമി ഒരു സ്റ്റാർട്ടപ്പായി തന്നെയാണ് തുടങ്ങിയത്, ഇനി ഒരു തിരിച്ച് പോക്കും. മറ്റൊരു സ്റ്റാർട്ടപ്പും പ്ലാനില്ല. ഷവോമി ഇന്ത്യയിൽ തുടങ്ങിയത് ഒരു സ്റ്റാർട്ടപ്പായാണ്, 2014-ൽ ഇതിന്‍റെ തുടക്കത്തിലെ മൂന്ന് മാസം ഞാൻ മാത്രമായിരുന്നു ഇതിന്‍റെ ജീവനക്കാരൻ, പലപ്പോഴും നിക്ഷേപകരെ കണ്ട് ഷവോമിയിൽ നിക്ഷേപം നടത്താൻ ആവശ്യപ്പെടുമ്പോൾ അവർ ചോദിക്കും, ഇത്രയും വലിയ പ്ലാനുള്ള താങ്കളുടെ കമ്പനിയിൽ എത്ര അംഗങ്ങളുണ്ട്. ? ഞാൻ മാത്രം എന്ന് പറയുന്നതോടെ പലരും പിൻവാങ്ങി. അവരുടെ പണം പറ്റിക്കാനുള്ള പദ്ധതിയെന്നാണ് പലരും കരുതിയത്. ഈ സംഭവങ്ങൾ മുമ്പും പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്, അതായത് അത്തരം ഒരു സ്റ്റാർട്ടപ്പ് സംരംഭമാണ് ഇപ്പോൾ ഷവോമിയായി ഇന്ത്യയിൽ വളർന്നത്. 


 

click me!