
കാലിഫോര്‍ണിയ: നിങ്ങളുടെ ഐഫോണിൽ യൂട്യൂബ് ആപ്പ് ആവർത്തിച്ച് ക്രാഷ് ആകുന്നുണ്ടോ? ഉണ്ടെങ്കിൽ പേടിക്കേണ്ട. നിങ്ങൾക്ക് മാത്രമല്ല ഈ പ്രശ്‌നം നേരിടേണ്ടിവരുന്നത്. അടുത്തിടെ നിരവധി ഐഫോൺ ഉപയോക്താക്കൾ യൂട്യൂബ് ആപ്പ് തുറന്നാലുടൻ അത് പെട്ടെന്ന് ക്ലോസ് ആയിപ്പോകുകയോ അല്ലെങ്കിൽ ഫ്രീസ് ചെയ്ത് പ്രതികരിക്കുന്നത് നിർത്തുകയോ ചെയ്യുന്നുവെന്ന് പരാതിപ്പെട്ടു. ഗൂഗിൾ ഈ പ്രശ്‍നത്തിനുള്ള കാരണം കണ്ടെത്തി ഇപ്പോൾ പരിഹാരം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കൾ യൂട്യൂബ് ആപ്ലിക്കേഷനില്‍ പ്രശ്‌നം നേരിടുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു. അതുകൊണ്ടുതന്നെ എല്ലാ ഐഫോൺ ഉപയോക്താക്കളും അവരുടെ യൂട്യൂബ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത്, വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു. പഴയ ഐഒഎസ് സോഫ്റ്റ്‌വെയർ പതിപ്പുമായി ബന്ധപ്പെട്ടതായിരുന്നു ഈ പ്രശ്‌നമെന്നും അത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. ബഗ്ഗുകള്‍ നീക്കം ചെയ്തുള്ള ഏറ്റവും പുതിയ പതിപ്പ് ലഭിക്കുന്നതിനാണ് ഐഫോൺ ഉപയോക്താക്കൾ യൂട്യൂബ് ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.
'നിങ്ങൾ ഒരു ഐഒഎസ് ഉപകരണം ഉപയോഗിക്കുകയാണെങ്കിൽ, ദയവായി യൂട്യൂബ് ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക'- എന്നാണ് ഗൂഗിൾ അവരുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം, ഒരു പരസ്യ ബ്ലോക്കർ മൂലമാണോ ഈ പ്രശ്നം സംഭവിക്കുന്നത് എന്ന് നേരത്തെ ചില റെഡിറ്റ് ഉപയോക്താക്കൾ ചർച്ച ചെയ്തിരുന്നു. എന്നാൽ പ്രശ്‌ന കാരണം അതല്ലെന്നാണ് ഗൂഗിള്‍ വ്യക്തമായിരിക്കുന്നത്. അതിനാൽ നിങ്ങൾ ഒരു ഐഫോൺ ഉപയോക്താവാണെങ്കിൽ യൂട്യൂബ് ആപ്പ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് പ്രശ്‌ന പരിഹാരത്തിന് ഏറ്റവും നല്ല മാർഗം. ലോകത്തെ പ്രമുഖ ടെക് കമ്പനികളെല്ലാം ഇത്തരത്തില്‍ ബഗ്ഗുകള്‍ നീക്കം ചെയ്യാനായി ആപ്പുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത് സ്വാഭാവികമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം