രാജിവയ്ക്കല്ലേ പ്ലീസ്... ഇന്ത്യന്‍ വംശജനായ ജീവനക്കാരനെ പിടിച്ചുനിര്‍ത്താന്‍ ഗൂഗിള്‍ ഓഫര്‍ ചെയ്തത് 830 കോടി രൂപ

Published : May 29, 2025, 11:48 AM ISTUpdated : May 29, 2025, 11:57 AM IST
രാജിവയ്ക്കല്ലേ പ്ലീസ്... ഇന്ത്യന്‍ വംശജനായ ജീവനക്കാരനെ പിടിച്ചുനിര്‍ത്താന്‍ ഗൂഗിള്‍ ഓഫര്‍ ചെയ്തത് 830 കോടി രൂപ

Synopsis

ഇന്ത്യന്‍ വംശജനായ ജീവനക്കാരനെ പിടിച്ചുനിര്‍ത്താന്‍ ഗൂഗിള്‍ ഓഫര്‍ ചെയ്ത വാഗ്‌ദാനം കേട്ട് ഞെട്ടി ടെക് ലോകം

കാലിഫോര്‍ണിയ: യൂട്യൂബ് സിഇഒ നീൽ മോഹൻ ടെക് വ്യവസായത്തിന് പുറത്ത് അത്ര പ്രശസ്തനായ മനുഷ്യൻ അല്ലായിരിക്കാം. എന്നാൽ സിലിക്കൺവാലിയിൽ അദേഹം ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും വളര്‍ച്ചയിലെ നിര്‍ണായക സാന്നിധ്യങ്ങളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്ത്യൻ വേരുകളുള്ള നീൽ മോഹനനെ പിടിച്ചുനിര്‍ത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ അവിശ്വസനീയമായൊരു വന്‍ ഓഫര്‍ അദേഹത്തിന് നല്‍കിയിരുന്നു എന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിളിനെ സംബന്ധിച്ച് നീല്‍ മോഹന്‍ എത്രത്തോളം വിലപ്പെട്ട ജീവനക്കാരനാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. 

2011-ൽ ട്വിറ്റർ (ഇപ്പോൾ എക്സ്) തന്നെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി നിയമിക്കാൻ ആഗ്രഹിച്ചിരുന്നതായി നീൽ മോഹന്‍ അടുത്തിടെ നിഖിൽ കാമത്തുമായുള്ള പോഡ്‌കാസ്റ്റിലാണ് വെളിപ്പെടുത്തിയത്. ട്വിറ്ററിന്‍റെ ഓഫര്‍ നീല്‍ മോഹനനെ ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ ഗൂഗിളിനെ സംബന്ധിച്ച് അവരുടെ നെടുംതൂണുകളിലൊരാളായ നീല്‍ മോഹന്‍ കമ്പനി വിടുന്നത് സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നതല്ല. നീല്‍ മോഹന്‍ ഗൂഗിളിലെ ജോലി രാജിവച്ച് മറ്റൊരു കമ്പനിയിലേക്ക് പോകുന്നത് തടയാൻ ഗൂഗിൾ നൽകിയ വാഗ്ദാനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കമ്പനി വിടാതിരിക്കാൻ വേണ്ടി ഗൂഗിൾ അദേഹത്തിന് ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ള നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളാണ് വാഗ്ദാനം ചെയ്തത്. ഇതിന്‍റെ മൂല്യ ഏകദേശം 830 കോടി രൂപ വരും. 

2007-ൽ ഗൂഗിൾ ഡബിൾക്ലിക്ക് ഏറ്റെടുത്തതിനെത്തുടർന്നാണ് നീൽ മോഹൻ ഗൂഗിളിൽ ചേർന്നത്. ഗൂഗിളിന്‍റെ പരസ്യ ബിസിനസ് ശക്തിപ്പെടുത്തുക മാത്രമല്ല, പിന്നീട് യൂട്യൂബിന്‍റെ വികസനത്തിലും അദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. നില്‍ മോഹനന്‍റെ മികച്ച തന്ത്രങ്ങളും ഉൽപ്പന്ന കാഴ്ചപ്പാടുകളും കാരണം ഗൂഗിൾ അദേഹത്തെ ഒരിക്കലും നഷ്‍ടപ്പെടുത്താൻ ആഗ്രഹിച്ചില്ല എന്ന് ഈ ഓഫർ വ്യക്തമാക്കുന്നു.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിച്ച നീൽ മോഹൻ യുഎസിലെ ആൻഡേഴ്സൺ കൺസൾട്ടിംഗിൽ നിന്നാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഒരു ചെറിയ സ്റ്റാർട്ടപ്പായ നെറ്റ്ഗ്രാവിറ്റിയിൽ ചേർന്നു. അത് പിന്നീട് ഡബിൾക്ലിക്കിന്‍റെ ഭാഗമായി. ഡബിള്‍ ക്ലിക്ക് പിന്നീട് ഗൂഗിള്‍ എറ്റെടുത്തു. ആ സമയത്താണ് ട്വിറ്റർ അതിന്‍റെ ഉൽപ്പന്ന വിഭാഗം ശക്തിപ്പെടുത്താൻ ആഗ്രഹിച്ചതും നീല്‍ മോഹനനെ റാഞ്ചാന്‍ തീരുമാനിച്ചതും. ട്വിറ്ററിന്‍റെ ബോർഡിലുണ്ടായിരുന്ന ഡേവിഡ് റോസൻബ്ലാറ്റ് ആണ് നീൽ മോഹനെ ട്വിറ്ററിൽ എത്തിക്കാൻ സജീവമായി ശ്രമിച്ചത്. നീൽ മോഹന്‍റെ മുൻ ഉപദേഷ്ടാവ് കൂടിയായിരുന്നു ഡേവിഡ് റോസൻബ്ലാറ്റ്.

എന്നാൽ ഈ ഓഫർ സംബന്ധിച്ച് നീൽ മോഹന്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ്, ഗൂഗിൾ അദേഹത്തെ തടഞ്ഞു. അങ്ങനെയാണ് ഗൂഗിൾ അദേഹത്തിന് 100 മില്യൺ ഡോളറിന്‍റെ (ഏകദേശം 830 കോടി രൂപ) വാഗ്ദാനം നല്‍കിയത്. ഈ തുക ഗൂഗിൾ അദേഹത്തിന് സ്റ്റോക്കിന്‍റെ രൂപത്തിലാണ് നൽകിയത്. അത് നീൽ മോഹന് ഇടയ്ക്കിടെ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതേ രീതിയിൽ തന്നെയാണ് ഗൂഗിൾ സുന്ദർ പിച്ചൈയെ നിലനിർത്തുകയും സ്റ്റോക്ക് ഗ്രാന്‍ഡായി 50 മില്യൺ ഡോളർ നൽകുകയും ചെയ്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

യൂട്യൂബ് മെച്ചപ്പെടുത്തുന്നതിനായി നീൽ മോഹൻ കാലാകാലങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2023-ൽ അദേഹം യൂട്യൂബിന്‍റെ സിഇഒ ആയി. അതിനുശേഷം, അദേഹം യൂട്യൂബിലേക്ക് നിരവധി പുതിയ ആശയങ്ങൾ കൊണ്ടുവന്നു. അത് പ്ലാറ്റ്‌ഫോമിനെ കൂടുതൽ മികച്ചതാക്കി. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്ത യൂട്യൂബിന്‍റെ അമരക്കാരി സൂസന്‍ വിജിഡ്‌സ്‌കിയുടെ പിന്‍ഗാമിയായാണ് സിഇഒ സ്ഥാനത്ത് നീൽ മോഹൻ ചുമതലയേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി