
മുംബൈ: വൈഫൈ കോളിംഗ് സംവിധാനമൊരുക്കി പിക്സൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. റിലയൻസ് ജിയോ വരിക്കാർക്ക് വൈഫൈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോളുകൾ സാധ്യമാക്കുന്ന സംവിധാനമാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ, പിക്സൽ എക്സ്എൽ ഫോണുകളിൽ അവതരിപ്പിക്കുന്നത്.
ഫോൺ വിളികൾക്കായി വീട്ടിലെ വൈഫൈ റൂട്ടറോ അല്ലെങ്കിൽ വൈഫൈ ഹോട്ട്സ്പോട്ടുകളോ ഉപയോഗിക്കുന്ന സംവിധാനമാണിത്. പരന്പരാഗത സെല്ലുലാർ നെറ്റ്വർക്കിനേക്കാളും വളരെ ചുരുങ്ങിയ ചെലവേ ഇതിനു വരൂ എന്നതാണ് ഏറ്റവും വലിയ സവിശേഷത.
വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് വൈഫൈ കോളുകൾ സാധ്യമാകുന്നത്. മൈക്രോസോഫ്റ്റ് സ്കൈപ്പ്, വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്ന അതേ സംവിധാനംതന്നെയാണ് ഇവിടെയും ഉപയോഗിക്കുക.
സാധാരണ ഡയലർ പാഡിൽതന്നെ വൈഫൈ കോളിംഗ് ഒരുക്കിയിട്ടുണ്ട്. അതേസമയം സ്കൈപ്പിലും മറ്റുമുള്ളതുപോലെ പ്രത്യേക അക്കൗണ്ട് നിർമിക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല. അതായത് ഫോണിന്റെ ഡയലർ പാഡ് തുറക്കുക, ഏതു സംവിധാനം വേണമെന്ന് തെരഞ്ഞെടുക്കുക (സെല്ലുലാർ/വൈഫൈ), വിളിക്കേണ്ട ആളുടെ നമ്പര്‍ തെരഞ്ഞെടുക്കുക എന്നിവ മാത്രമാണ് ഉപയോഗിക്കാനുള്ള വഴി. വൈഫൈ ഫോൺ കോളിംഗ് സംവിധാനമില്ലാത്ത ഫോണുകളിലേക്ക് സാധാരണ കോൾ പോലെതന്നെ ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam